TopGear1
പേപ്പെറിനോ മുതല്‍ വെസ്പ വരെ
Posted on: 12 May 2012
സിസി ജേക്കബ്

ഇറ്റലിയിലെ മിലാന്‍ ഫെയറില്‍ 1946-ല്‍ ആയിരുന്നു വെസ്പയുടെ അരങ്ങേറ്റം. കച്ചവടം പിടിക്കാന്‍ പരസ്യങ്ങള്‍ ഇന്നത്തെപ്പോലെ പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത് ഗ്രെഗറി പെക്കും ഓഡ്രി ഹെപ്‌ബേണും വെസ്പയോടിച്ചു വന്നു. അങ്ങനെ ആ വണ്ടി മനസ്സുകളിലേയ്ക്ക് ഓടിക്കയറി. രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പില്‍ നിന്ന് പിറന്ന വാഹനമാണ് വെസ്പ. ഇറ്റലിയിലെ വ്യവസായ കുടുംബമായ പിയാജ്യോക്കാര്‍ക്ക് വിമാന നിര്‍മാണ കമ്പനിയായിരുന്നു ഉണ്ടായിരുന്നത്. ലോകമഹാ യുദ്ധത്തില്‍ ടസ്‌കനിയിലെ ഫാക്ടറി ശത്രുപക്ഷം ബോംബിട്ടു തകര്‍ത്തു. യുദ്ധാനന്തരം അവിടെ നിന്നിറങ്ങിയത് സ്‌കൂട്ടറായിരുന്നു. എന്‍റികോ പിയാജ്യോയുടെ സംരംഭം.

13 വര്‍ഷത്തിന് ശേഷം വെസ്പ ഇന്ത്യയിലേയ്ക്ക്് വീണ്ടും വന്നിരിക്കുന്നു. എല്‍എക്‌സ് 125 മോഡല്‍ പുറത്തിറങ്ങി. അറുപതുകളില്‍ വെസ്പയെ ഇന്ത്യയിലെത്തിച്ച പിയാജ്യോ തന്നെയാണ് ആ അവിസ്മരണീയ ബ്രാന്‍ഡ് നിരത്തിലിറക്കിയത്. ബജാജ് ഓട്ടോയുടെ കൂട്ടുകൂടിയാണ് ആദ്യം ഈ ഇറ്റാലിയന്‍ സ്്കൂട്ടര്‍ ഇന്ത്യയിലെത്തിയത്. ഒരു അണുകുടുംബത്തെ പുറത്തേറ്റിപ്പോകുന്ന വലിയ ഒരു താറാവിനെപ്പോലെയിരുന്നു അത്. '84ല്‍ അത് എല്‍.എം.എല്‍ വെസ്പയായി. '99-ല്‍ എല്‍.എം.എലും പിയാജ്യോയും കൂട്ടുപിരിഞ്ഞു. അതോടെ വെസ്പ നൊസ്റ്റാള്‍ജിയയായി.

യൂറോപ്പിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന വാഹനമെങ്കിലും വെസ്പയുടെ ഡിസൈന് പ്രചോദനം അമേരിക്കയാണ്. നെബ്രാസ്‌കയിലെ ലിങ്കണിലുണ്ടാക്കിയ കുഷ്മാന്‍ ആര്‍മി സ്‌കൂട്ടറാണ് മാതൃക. അതില്‍ ചില ഇറ്റാലിയന്‍ ഇഷ്ടങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ വെസ്പ പിറന്നു. വെസ്പയുടെ ആദ്യ രൂപം എംപി5 (മോട്ടോ പിയാജ്യോ നമ്പര്‍ ഫൈവ്) ഒരുക്കിയത് എന്‍ജിനിയര്‍മാരായ റെന്‍സോ സ്‌പോള്‍ട്ടിയും വിറ്റോറിയോ കസീനിയും ചേര്‍ന്നാണ്. താറാവിന്റെ രൂപത്തിലുള്ള ഒരു സ്‌കൂട്ടര്‍. ആ ആകൃതി അതിന് ഒരു ഓമനപ്പേര് നല്‍കി- പേപ്പെറിനോ. ഡൊണാള്‍ഡ് ഡക്കിന്റെ ഇറ്റാലിയന്‍ പേര്.പക്ഷേ, പേപ്പെറിനോ എന്‍റികോയെ തൃപ്തിപ്പെടുത്തിയില്ല. അതില്‍ അഴിച്ചുപണി നടത്താന്‍ അദ്ദേഹം വിമാന എന്‍ജിനീയറായ കൊറാഡിനോ ഡി അസ്ചാനിയോയെ ചുമതലപ്പെടുത്തി. ഡി അസ്ചാനിയോയാണ് ശരിക്കുള്ള വെസ്പയ്ക്ക് രൂപം കൊടുത്തത്. രൂപം കൊണ്ട് ഒരു കടന്നലിനെപ്പോലെയിരുന്ന വണ്ടിയെ എന്‍റികോ വാസ്പ് എന്ന് വിളിച്ചു. ആ ഇംഗ്ലീഷ് വാക്കിന്റെ ഇറ്റാലിയനാണ് വെസ്പ. അങ്ങനെ എംപി 6 എന്ന ആ സ്‌കൂട്ടര്‍ വെസ്പയായി. സിങ്കിള്‍ സിലിണ്ടറും 98 സിസി ടു സ്‌ട്രോക് എന്‍ജിനുമായിറങ്ങിയ വെസ്പ '96 ആയപ്പോഴെയ്ക്കും കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ ഫോര്‍ സ്‌ട്രോക് എന്‍ജിനോടെയെത്തി.

ഇന്ത്യയിലും ബ്രസീലിലും ഇന്‍ഡൊനീഷ്യയിലും അന്നത്തെ യു.എസ്.എസ്. ആറിലും വെസ്പയെത്തി. മാര്‍ലണ്‍ ബ്രാന്‍ഡോയെയും ലൂയി മിഗ്വലിനെയും പോലുള്ള ഉടമകള്‍ അതിനുണ്ടായി. അറുപതുകളിലെ യുവാക്കളുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി മാറി. ഇന്ത്യയിലെ യുവാക്കളുടെ സ്റ്റൈല്‍ ഐക്കണാകാന്‍ വീണ്ടും വെസ്പ എത്തിയിരിക്കുകയാണ്. അല്‍പ്പമൊന്നൊതുങ്ങി കാലത്തിനൊത്ത് സുന്ദരമായി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നിര്‍മാണശാല തുറന്നു പിയാജ്യോ. അടുത്തവര്‍ഷം മൂന്ന് ലക്ഷം സ്‌കൂട്ടറുകള്‍ ഇവിടെ നിന്ന് പുറത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ വാങ്ങിയത് 25.6 ലക്ഷം സ്‌കൂട്ടറുകളാണെന്നാണ് കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ 24.6% വര്‍ദ്ധന. ഇവിടെ 2013 അവസാനത്തോടെ 2.6 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് പിയാജ്യോ ഇന്ത്യയുടെ പ്രഖ്യാപനം. ഗിയറില്ലാത്ത, 125 സിസി മോഡലിന് മഹാരാഷ്ട്രയില്‍ എക്‌സ് ഷോറൂം വില 66,661 രൂപ. നിലവില്‍ ഇവിടെയോടുന്ന മറ്റ് ബ്രാന്‍ഡുകളുടെ വിലയേക്കാള്‍ 15%-25% കൂടുതല്‍. ഹോണ്ടയും സുസുക്കിയും മഹീന്ദ്രയും അടക്കി വാഴുന്ന സ്‌കൂട്ടര്‍ വിപണിയിലേക്കാണ് വെസ്പ വീണ്ടും വരുന്നത്. ബ്രാന്‍ഡിന്റെ പ്രൗഢിക്കൊപ്പം ഗൃഹാതുരതയുടെ ആനുകൂല്യവും പേറി.


Print
SocialTwist Tell-a-Friend
Other stories in this section