TopGear1
ഫെര്‍ഡിനാന്റ് ഇല്ല; ഇനി പോര്‍ഷെ മാത്രം
Posted on: 11 Apr 2012
രാജേഷ് കൃഷ്ണന്‍

ഫെര്‍ഡിനാന്റ് അലക്‌സാണ്ടര്‍ പോര്‍ഷെ. പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്‌പോര്‍ട്‌സ്് കാറിന്റെ ഇരമ്പലുയരും വാഹനപ്രേമികളുടെ മനസില്‍. റേസിങ് സര്‍ക്യൂട്ടുകളില്‍ ഇന്ന് ചീറിപ്പായുന്ന സ്‌പോര്‍ട്‌സ് കാര്‍ ഡിസൈനുകളുടെ പ്രധാനികളില്‍ ഒരാള്‍ ഇനി ഓര്‍മകളില്‍. ലോകമെങ്ങുമുള്ള റേസിങ് ഡ്രൈവര്‍മാരുടെ ഇഷ്ടവാഹനമായ പോര്‍ഷെ 911 ന്റെ ഡിസൈനര്‍ അലക്‌സാണ്ടര്‍ പോര്‍ഷെ ഏപ്രില്‍ അഞ്ചിന് ജര്‍മ്മനിയിലെ സ്റ്റട്ട്ഗര്‍ട്ടില്‍ അന്തരിച്ചു.

ഷ്‌റ്റോര്‍ട്ഗര്‍ട്ടില്‍ 1935 ഡിസംബര്‍ 11ന് ദോറോത്തയുടേയും ഫെറി പോര്‍ഷെയുടേയും മകനായാണ് അലക്‌സാണ്ടര്‍ പോര്‍ഷെ ജനിച്ചത്. കുട്ടിക്കാലം മുതല്‍ കാറുകളുടെ ഡിസൈനിങ്ങില്‍ തത്പരനായിരുന്നു. മുത്തച്ഛനായ ഫെര്‍ഡിനാന്റ് പോര്‍ഷെയില്‍ നിന്നാണ് അലക്‌സാണ്ടറിന് കാറുകളോടുള്ള കമ്പം പകര്‍ന്ന് കിട്ടിയത്. കുട്ടിക്കാലത്ത് മുത്തച്ഛന്റെ എന്‍ജിനിയറിങ് വര്‍ക്കഷോപ്പുകളില്‍ അലക്‌സാണ്ടര്‍ കൂടുതല്‍ സമയവും ചിലവിട്ടു. ചെറുപ്പത്തില്‍ നേടിയ ഈ നൈപുണ്യം അദ്ദേഹത്തെ ഭാവിയിലെ ഏറ്റവും മോഹിപ്പിക്കുന്ന കാറുകളുടെ ഡിസൈനര്‍ ആയി മോള്‍ഡ് ചെയ്യിക്കുകയായിരുന്നുവെന്ന് പറയാം.1943ല്‍ പോര്‍ഷെ കമ്പനി ഓസ്ട്രിയയിലേക്ക് മാറിയപ്പോള്‍ കൊച്ചുകുട്ടിയായ അലക്‌സാണ്ടറുടെ കുടുംബവും ഒപ്പം പോയി. പിന്നീട് സെല്‍ ആം സീ യില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1950ല്‍ സ്റ്റട്ട്ഗര്‍ട്ടില്‍ അലക്‌സാണ്ടര്‍ തിരിച്ചെത്തി. പ്രസിദ്ധമായ യു.എല്‍.എം ഡിസൈന്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്ന് പഠിച്ച ഡിസൈനിങ് മാതൃകകള്‍ അലക്‌സാണ്ടറുടെയും പോര്‍ഷെ കാര്‍ കമ്പനിയുടെയും കരിയറിനെത്തന്നെയും മാറ്റിമറിക്കുകയായിരുന്നു. 1958ല്‍ അലക്‌സാണ്ടര്‍, പോര്‍ഷെ കാര്‍ കമ്പനിയുടെ എന്‍ജീനിയറിങ് ഓഫീസില്‍ ചേര്‍ന്നു. അധികം താമസിയാതെ പോര്‍ഷെ 356 മോഡലിന് പിന്‍ഗാമിയെ സൃഷ്ടിച്ച് എഫ്.എ പോര്‍ഷെ കാര്‍ ഡിസൈനിങ് രംഗത്ത് തന്റെ വരവറിയിച്ചു.

1962ല്‍ പോര്‍ഷെ ഡിസൈന്‍ സ്റ്റുഡിയോയുടെ തലപ്പത്ത് എഫ്.എ പോര്‍ഷെ എത്തി. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം രൂപകല്പന ചെയ്ത പോര്‍ഷെ 901(പോര്‍ഷെ 911) പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള വാഹനപ്രേമികളെ പോര്‍ഷെ 901 ഇളക്കിമറിച്ചു. കാര്‍ ഡിസൈന്‍ രംഗത്തെ ക്ലാസിക്കായ പോര്‍ഷെ 911 ഇന്ന് ഏഴാം തലമുറയിലെ പുതിയ 911 കാബ്രിയോയില്‍ എത്തി നില്‍ക്കുകയാണ്.
പാസഞ്ചര്‍ കാറുകളുടെ ഡിസൈനിങ്ങിനൊപ്പം പോര്‍ഷെ സ്‌പോര്‍ട്‌സ് കാറുകളുടെ ഡിസൈനിങ്ങിലും 1960കളില്‍ ശ്രദ്ധചെലുത്തി. അദ്ദേഹം ഡിസൈന്‍ ചെയ്ത 804 ഫോര്‍മുല വണ്‍ റേസിങ് കാര്‍ (പോര്‍ഷെ 904 കരീറ ജി.ടി.എസ്) എക്കാലത്തേയും മനോഹരമായ റേസിങ്ങ് കാറായാണ് കണക്കാക്കുന്നത്.1971-72ല്‍ പോര്‍ഷെ കെ.ജി ജോയിന്റ് സ്‌റ്റോക് കോര്‍പറേഷന്‍ ആക്കി മാറ്റിയപ്പോള്‍ എഫ്.എ പോര്‍ഷെയും കുടുംബാംഗങ്ങളും കമ്പനിയുടെ മുന്‍ നിര ബിസിനസ് ഓപ്പറേഷനില്‍ നിന്ന് പിന്മാറി. 1972ല്‍ പോര്‍ഷെ ഡിസൈന്‍ സ്റ്റുഡിയോ സ്റ്റട്ട്ഗര്‍ട്ടില്‍ സ്ഥാപിച്ചു. 1974ല്‍ ഇത് ഓസ്ട്രിയയിലെ സെല്‍ ആം സീയിലേക്ക് മാറ്റി സ്ഥാപിച്ചു. അടുത്ത ദശാബ്ദത്തില്‍ 'പോര്‍ഷെ ഡിസൈന്‍' എന്ന ബ്രാന്‍ഡ് നെയിമോടെ അദ്ദേഹം പുറത്തിറക്കിയ വാച്ചുകള്‍, കണ്ണടകള്‍, പേനകള്‍, തുടങ്ങിയവ ലോക വിപണി കീഴടക്കി. ഇതോടൊപ്പം 'ഡിസൈന്‍ ബൈ എഫ്.എ പോര്‍ഷെ' എന്ന പേരില്‍ വിവിധ കമ്പനികള്‍ക്ക് ഗൃഹോപകരണങ്ങളും മറ്റും ഡിസൈന്‍ ചെയ്ത് നല്‍കിയതും പോര്‍ഷെ ടീമിന്റെ പ്രാഗല്‍ഭ്യത്തിന് തെളിവാണ്.

ഡിസൈനുകള്‍ സൗന്ദര്യാത്മകമായിരിക്കണം, ആദ്യ കാഴ്ചയില്‍ത്തന്നെ അതിന്റെ സൗന്ദര്യം വെളിപ്പെടണം. ഡിസൈന്‍ വര്‍ക്കുകളെക്കുറിച്ച് പോര്‍ഷെ പറയുന്നു. മനോഹരമായി ഡിസൈന്‍ ചെയ്ത പ്രൊഡക്ടുകള്‍ക്ക് കൂടുതല്‍ ആലങ്കാരികതയുടെ അവശ്യമില്ല. അത് അതിന്റെ സൗന്ദര്യം ഒന്നുകൊണ്ടുതന്നെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. നല്ല വിശ്വാസം എപ്പോഴും സത്യസന്ധമായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ധര്‍മ്മശാസ്ത്രം.പോര്‍ഷെയുടെ ഡിസൈനുകള്‍ക്കും ഒരു ഡിസൈനര്‍ എന്ന നിലയിലും ഒട്ടേറെ അവാര്‍ഡുകള്‍ എഫ്.എ പോര്‍ഷെയെ തേടിയെത്തി. 1999ല്‍ ഓസ്ട്രിയന്‍ പ്രസിഡന്റ് പോര്‍ഷെക്ക്് പ്രാഫസര്‍ ബഹുമതി നല്‍കി ആദരിക്കുകയും ചെയ്തു. 1971-72ല്‍ പോര്‍ഷെ കാര്‍ കമ്പനിയുടെ ബിസിനസ് ഓപ്പറേഷനില്‍ നിന്നും അദ്ദേഹം മാറിനിന്നെങ്കിലും പോര്‍ഷെ കാറിന്റെ ഡിസൈനിങ് രംഗത്ത് അദ്ദേഹം ആജീവനാന്തകാലം സൂപ്പര്‍വൈസറി ബോര്‍ഡ് അംഗമായി തുടര്‍ന്നു.

സ്‌പോര്‍ട്‌സ് കാറിന്റെ ഡിസൈനുകളില്‍ എല്ലായ്‌പ്പോഴും എഫ്.എ പോര്‍ഷെ ചുക്കാന്‍ പിടിച്ചു. പോര്‍ഷെ കാറുകള്‍ ഏറ്റവും തിരിച്ചടി നേരിട്ട 1990കളുടെ തുടക്കത്തില്‍ സൂപ്പര്‍വൈസറി ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റാണ് അദ്ദേഹം കമ്പനിയെ വിജയത്തിലേക്ക് നയിച്ചത്. 2005ല്‍ എഫ്.എ പോര്‍ഷെ സൂപ്പര്‍വൈസറി ബോര്‍ഡില്‍ നിന്നു മാറി മകന്‍ ഒലിവറെയാണ് കമ്പനി ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എങ്കിലും പോര്‍ഷെ കമ്പനിയുടെ ഓണററി പ്രസിഡന്റായി 76-ാം വയസില്‍ 2012 ഏപ്രില്‍ അഞ്ചിന് മരിക്കുന്നത് വരെ സ്ഥാനത്ത് തുടര്‍ന്നു.എഫ്.എ പോര്‍ഷെയുടെ നിര്യാണത്തില്‍ അനുശോചിച്ച കമ്പനി സി.ഇ.ഒ മററിയാസ് മുള്ളര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ഇന്നത്തെ പോര്‍ഷെ സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് ഒരു ഡിസൈന്‍ പകര്‍ന്ന് നല്‍കിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ആ ഡിസൈന്‍ നൈപുണ്യം എക്കാലത്തും സ്മരിക്കപ്പെടും.
Print
SocialTwist Tell-a-Friend
Other stories in this section