TopGear1
ഇതാണ് ജര്‍മന്‍ ലക്ഷ്വറി റേസ്!
Posted on: 02 Apr 2012
ആര്‍.ജെ വിഷ്ണു/ പി.എസ് രാകേഷ്‌മാരുതി 800 പോലും വിദൂരസ്വപ്‌നമായ ജനകോടികളുള്ള നാട്ടില്‍ കാറൊന്നിന് മില്യണ്‍ പ്ലസ് എന്നു കേട്ടാല്‍ മിക്കവരും ഞെട്ടും. പക്ഷേ ആ തുക കൊണ്ടുപോലും കോടീശ്വരന്മാരുടെ കാറുകളുടെ എന്‍ട്രി ലെവലില്‍ എത്തുകയില്ല. ഇതിനുമപ്പുറത്താണ് ആഗോള വാഹന വ്യവസായ ലോകത്തിലെ പ്രീമിയം ബ്രാന്‍ഡുകളുടെ വിലകള്‍ തുടങ്ങുന്നത്. അവിടെ പതിറ്റാണ്ടുകളായി ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമേയുണ്ടായിരുന്നുള്ളു - ഉടമസ്ഥര്‍ അരുമയായി മെര്‍ക് എന്നു വിളിക്കുന്ന കാറിനെ വിപണിയിലെത്തിക്കുന്ന മെഴ്‌സഡിസ് ബെന്‍സ്. അവരുടെ മുക്കോണ്‍ നക്ഷത്രമായിരുന്നു ലോകമെങ്ങും പണക്കാര്‍ക്കിടയില്‍ ആഡംബരത്തിന്റെ ചിഹ്നം.

പക്ഷേ പെട്ടന്ന് ചിത്രം മാറുകയാണ്. വിജയത്തിന്റെ കൊടുമുടിയില്‍ ബെന്‍സ് ഒറ്റയ്ക്കല്ലെന്ന് മാത്രമല്ല ചിലരുടെ താഴെയുമാണ്. അത്യാഡംബരവും അസാമാന്യ പ്രകടനശേഷിയുമുള്ള, പ്രീമിയം കാറുകള്‍ എന്നറിയപ്പെടുന്ന ഒരു പറ്റം വാഹനങ്ങളുടെ പോരാട്ടം പാരമ്യത്തിലേക്ക് നീങ്ങുന്ന നാളുകളാണിനി വരുന്നത്. പ്രീമിയം സെഗ്‌മെന്റ് എന്നത് കേവലം മൂന്ന് ജര്‍മന്‍ കമ്പനികളുടെ പിടിയില്‍ അമരുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ജര്‍മ്മന്‍ ബ്രാന്‍ഡുകളായ ബി.എം.ഡബഌയു, മെഴ്‌സഡിസ് ബെന്‍സ്, ഔഡി എന്നിവരായി ആ വിപണിയിലെ അപ്രതിരോധ്യ ശക്തികള്‍.

ലോകത്തില്‍ ആദ്യത്തെ പേറ്റന്റഡ് മോട്ടോര്‍ കാര്‍ നിര്‍മിച്ച കാള്‍ ബെന്‍സിന്റെ പിന്തുടര്‍ച്ചയായ മെഴ്‌സഡിസ് ബെന്‍സായിരുന്നു എത്രയോ കാലം ലക്ഷ്വറി കാറുകളിലെ അവസാന വാക്ക്. ബെന്‍സിനോളം പാരമ്പര്യമുണ്ടെങ്കിലും കോളനിക്കാലത്തിന്റെ സൂര്യനസ്തമിച്ചതോടെ ക്ഷീണിച്ചു തുടങ്ങിയ മറ്റൊരു ആഢ്യനായ ബ്രിട്ടീഷ് ബ്രാന്‍ഡ് റോള്‍സ് റോയ്‌സ് വിപണിയില്‍ പിന്തള്ളപ്പെടുകയായിരുന്നു. ഡെട്രോയിറ്റിന്റിന്റെ ത്രിമൂര്‍ത്തികളില്‍ രണ്ടായ ജനറല്‍ മോട്ടോഴ്‌സിനും (കാഡില്ലാക്) ഫോഡിനും (ലിങ്കണ്‍) ലക്ഷ്വറി ബ്രാന്‍ഡുകളുണ്ടായിരുന്നെങ്കിലും അവയുടെ പ്രതാപം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രം. അങ്ങനെയാണ് 1980-കള്‍ ആയപ്പോഴേക്കും 'നതിങ്ങ് ലെസ്സ് ദാന്‍ നമ്പര്‍ വണ്‍' എന്ന നിലയിലേക്ക് മെര്‍ക് വളര്‍ന്നത്.
1980-കള്‍ക്ക് ശേഷമാണ് അന്നേവരെ ആഡംബരകാറുകളുമായി പുലബന്ധമില്ലാത്ത പലരും ഈ രംഗത്ത് പാദമുദ്രകള്‍ പതിപ്പിച്ചുതുടങ്ങിയത്. അങ്ങനെയാണ് ലെക്‌സസ്, അക്യുറ, ബി.എം.ഡബ്ല്യു തുടങ്ങിയവരെല്ലാം ആഡംബര കാര്‍ റേസില്‍ പങ്കാളികളായത്. മത്സരത്തില്‍ അല്‍പകാലം കൊണ്ട് ഏറ്റവും നാടകീയമായ വിജയം നേടിയത് ബിമ്മര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ബി.എം.ഡബ്ല്യുവാണ് - കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ആഗോള ആഡംബര കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം ബിമ്മറിനാണ് .

അങ്ങനെ പ്രീമിയം കാര്‍ സെഗ്‌മെന്റിലും പുതിയ സമവാക്യങ്ങള്‍ ഉടലെടുത്തു. ഇന്ന് ലോകത്തിലേറ്റവും വില്‍ക്കുന്ന ആഡംബര കാറുകള്‍ ബി.എം.ഡബഌയുവിന്റേതാണ്. രണ്ടാംസ്ഥാനത്തേക്ക് ഫോക്‌സ് വാഗണിന്റെ ബ്രാന്‍ഡായ ഔഡി കടന്നുവന്നു. ചുരുക്കത്തില്‍ പഴയകാല നമ്പര്‍ വണ്‍ താരം മെഴ്‌സിഡസ് ഇന്ന് മൂന്നാമതാണ്. പ്രീമിയം സെഗ്‌മെന്റിലെ ജര്‍മന്‍ ത്രിമൂര്‍ത്തികള്‍ തീവ്ര മത്സരത്തിലാണ്. 2020 എന്ന മൈല്‍സ്റ്റോണ്‍ ലക്ഷ്യമാക്കിയാണ് എല്ലാവരുടെയും പ്രൊജക്ടുകള്‍. അതില്‍ മെഴ്‌സിഡസിന്റെ നീക്കങ്ങളില്‍ കൂടുതല്‍ വാശിയും പ്രതാപം തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജവുമുണ്ട്. 2.65 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ തന്നെ ജോലി നല്‍കുന്ന കമ്പനി ആഗോളാടിസ്ഥാനത്തില്‍ 10,000 തൊഴിലാളികളെ പുതുതായി ജോലിക്കെടുക്കാനും ഹംഗറിയിലെ പ്ലാന്റ് വലുതാക്കാനും പദ്ധതിയിട്ടു. പ്രീമിയം ബ്രാന്‍ഡുകളുടെ സ്വപ്‌നഭൂമിയായ ചൈനയില്‍ മറ്റൊരു പ്ലാന്റും പരിഗണനയിലുണ്ട്. ബ്രാന്‍ഡ് ഉടമയായ ഡയ്മലര്‍ സി.ഇ.ഔ.യും ഡോ.സെഡ്. (Dr Z) എന്ന വിളിപ്പേരിനുടമയുമായ ഡോക്ടര്‍ ഡീറ്റര്‍ സിഷെയാണ്. (Deiter Zetsche) അതിനു നേതൃത്വം.2007 ല്‍ നടപ്പില്‍ വരുത്തിയ സ്ട്രാറ്റജി നമ്പര്‍ വണ്‍ എന്ന പ്ലാനിലൂടെ മുന്നേറിയ ബി.എം.ഡബഌയുവും ട്വെന്റി ബൈ ട്വെന്റി (2020 ആകുമ്പോഴേക്കും 20 ലക്ഷം വില്‍പന) ലക്ഷ്യത്തിലൂന്നിയാണ് മുന്നേറുന്നത്. മിനി, റോള്‍സ് റോയ്‌സ്, ബി.എം.ഡബഌയു എന്നീ മൂന്ന് ബ്രാന്‍ഡുകളിലൂടെയാവും അവര്‍ ഇത് യാഥാര്‍ത്ഥ്യമാക്കുക. പക്ഷേ വാഹനമേഖലയിലെ മാധ്യമങ്ങളുടെ കണക്കു പ്രകാരം വരുന്ന നാലു വര്‍ഷം കൊണ്ട് തന്നെ ബി.എം.ഡബഌയു 20 ലക്ഷം വില്‍പ്പന ക്രോസ്സ് ചെയ്യും. ഇതിന്റെയെല്ലാം ഭാഗമായി വാഹന നിര വിപുലീകരണം അവരുടെയും അജന്‍ഡയിലുണ്ട്. 2 സീരീസിന്റെ കബ്രിയോളും കൂപ്പെയും 1, 3 സീരീസുകളുടെ കണ്‍വര്‍ട്ടിബിളും കൂപ്പെയും എല്ലാം പുതിയ അവതാരങ്ങളിലുണ്ടാവും.

1960-ല്‍ ഡയംലര്‍-ബെന്‍സിന്റെ തന്നെ ഉടമസ്ഥതയിലുണ്ടായിരുന്ന ചിന്ന കാര്‍ കമ്പനിയായ ഔഡി പല കൈമറിഞ്ഞ് ഫോക്‌സ് വാഗന്റെ മുതലായശേഷമാണ് ലക്ഷ്വറി കാര്‍ ലോകത്തെ കിടിലന്‍ ബ്രാന്‍ഡായി മാറിയത്. സത്യം പറഞ്ഞാല്‍ 21-ാം നൂറ്റാണ്ട് ആരംഭിച്ച വര്‍ഷം തൊട്ടാണ് ആഗോളവിപണിയില്‍ ഔഡി വന്‍ശക്തിയാകുന്നത്. മൂന്ന് ജര്‍മ്മന്‍ പ്രീമിയം ബ്രാന്‍ഡ് കമ്പനികളുടെയും മേലാളന്‍മാരില്‍ പ്രായത്തില്‍ ഇളപ്പം ഔഡിയുടെ സി.ഇ.ഒ. റുപേര്‍ട്ട് സ്റ്റാഡ്‌ലര്‍ക്കാണ്. 48-കാരനായ ഈ ജര്‍മ്മന്‍ മാനേജ്‌മെന്റ് വിദഗ്ധന്റെ ലക്ഷ്യവും 2020 ല്‍ 20 ലക്ഷം തെന്ന. എന്നാല്‍ ഒൗഡിയുടെ പര്‍ച്ചേസ് വിഭാഗം ഈ വര്‍ഷം തന്നെ 1.6 മില്യണ്‍ വില്‍പ്പന ഔഡി നേടിയേക്കാമെന്നാണ് തങ്ങള്‍ക്ക് ഘടകങ്ങള്‍ സ്‌പ്ലൈ ചെയ്യുന്ന 200 കമ്പനികളോട്് പറഞ്ഞത്. 20 വര്‍ഷം മുമ്പ്, ആഡംബര കാര്‍ വിപണിയുടെ പ്രകൃതിദൃശ്യത്തില്‍ ഔഡി ഒരു പൊട്ടു പോലുമല്ലായിരുന്നെന്നും ഇക്കൂട്ടത്തില്‍ ഓര്‍ക്കണം. ഇപ്പോള്‍ ഔഡിയുടെ മുന്നിലെ പ്രധാന വെല്ലുവിളികള്‍ രണ്ടാണ്.എ1, എ3 പോലുള്ള ചെറിയ മോഡലുകള്‍ അവര്‍ ഇറക്കുമ്പോള്‍ അവയെല്ലാം ചേര്‍ന്നാണ് വില്‍പ്പനയിലെ വര്‍ദ്ധന സൃഷ്ടിക്കുന്നത്. അത് പ്രീമിയം സെഗ്‌മെന്റിലെ വലിയ താരങ്ങളുടെ മാറ്റുരക്കലായി കണക്കാക്കാനാവില്ല. മറ്റുള്ളവരെ അനുകരിക്കുക മാത്രമാണ് ഔഡി ചെയ്യുന്നതെന്നുള്ള ആക്ഷേപം അങ്ങനെയാണ് ഉയര്‍ന്ന് വരുന്നത്. വടക്കേ അമേരിക്കയില്‍ സ്വന്തമായി പ്ലാന്റില്ലാത്തതും ഔഡിക്ക് മാത്രമാണ്. ബി.എം.ഡബഌയു വിന്റെ യു.എസ്സിലെ വില്‍പ്പനയുടെ മൂന്നിലൊന്ന് പോലും അത് മൂലം ഔഡിക്കില്ല. അതേസമയം എങ്കിലും ഫോക്‌സ് വാഗണ്‍ പോലൊരു വമ്പന്‍ ഗ്രൂപ്പിന്റെ സപ്പോര്‍ട്ടുള്ളത് കൊണ്ട് സംഘത്തില്‍ പെട്ട സിയറ്റിന്റെയും സ്‌കോഡയുടെയും സ്‌പെയിനിലെയും ഇന്ത്യയിലെയും പ്ലാന്റുകള്‍ പ്രയോജനപ്പെടുത്താന്‍ ഔഡിക്കാവുന്നുമുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പാണ് വരും വര്‍ഷങ്ങളില്‍ പ്രീമിയം സെഗ്‌മെന്റില്‍ മൂന്ന് ജര്‍മ്മന്‍ ബ്രാന്‍ഡുകളായിരിക്കും മത്സരരംഗത്ത് സജീവമായി അവശേഷിക്കുക. അതിലാരാവും മുന്നിലെന്ന് നമുക്ക് കാത്തിരുന്നു കാണാം.
Print
SocialTwist Tell-a-Friend
Other stories in this section