TopGear1
TopGear2
TopGear3
കൊടിവച്ച ഇന്നോവകള്‍
Posted on: 23 Feb 2012
ബി. അജിത്‌രാജ്‌



കേരള സ്റ്റേറ്റ് 1 എന്ന ബോര്‍ഡ് ഇന്നോവ സ്വന്തമാക്കിയിട്ട് അധിക നാളായിട്ടില്ല. തൂവെള്ള നിറമുള്ള അംബാസിഡര്‍ കാര്‍ വര്‍ഷങ്ങളായി കുത്തകയാക്കിയിരുന്ന ഒന്നാം നമ്പര്‍, പെര്‍ഫോമന്‍സിന്റെ പേരിലാണ് ഇന്നോവ കൈയടക്കിയത്. അതിവേഗം നീങ്ങുന്ന മുഖ്യമന്ത്രിയുടെ മാത്രമല്ല സഹപ്രവര്‍ത്തകരുടെയും സാരഥിയാണ് ഇന്നോവ എന്ന ടൊയോട്ടയുടെ മള്‍ട്ടിപര്‍പ്പസ് വാഹനം. ആവശ്യക്കാരില്ലാത്തതുകൊണ്ടല്ല 2006 ല്‍ ടൊയോട്ട ക്വാളിസ് എന്ന ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട മള്‍ട്ടി പര്‍പ്പസ് വാഹനത്തെ പിന്‍വലിച്ചത്. പിന്‍ഗാമിയായ ഇന്നോവയ്ക്ക് വഴിയൊരുക്കാനായിരുന്നു ക്വാളിസിന്റെ അകാല വിടപറച്ചില്‍. ക്വാളിസ് ആരാധകര്‍ക്ക് പകര്‍ന്ന നിരാശ മായ്ക്കാന്‍ ഇന്നോവയ്ക്ക് നിഷ്‌നപ്രയാസം കഴിഞ്ഞു. മള്‍ട്ടിപര്‍പ്പസ് വാഹനങ്ങളുടെ ശ്രേണിയില്‍ പിന്നീടിങ്ങോട്ട് ഇന്നോവയുടെ ജൈത്രയാത്രയാണ്. നിരത്തിലെത്തി ആറുവര്‍ഷം പിന്നിടുമ്പോഴും വില്പനയുടെ ചാര്‍ട്ടില്‍ ഹിറ്റായ ഇന്നോവയെ ഒന്ന് ബ്യൂട്ടിപാര്‍ലറില്‍ കയറ്റി ഇറക്കിയിരിക്കുകയാണ് ടൊയോട്ടയുടെ ശില്‍പികള്‍.

കാലാനുസൃതമായ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് 2012 ലെ ഇന്നോവ എത്തുന്നത്. പുറംമോടിയിലെ മാറ്റങ്ങള്‍ വേഗം തിരിച്ചറിയാം. ബേര്‍ഡ് വിങ് ഡിസൈന്‍ എന്ന് ടൊയോട്ട വിളിക്കുന്ന ഹെഡ് ലൈറ്റ് യൂണിറ്റാണ് ശ്രദ്ധേയം. പറക്കുന്ന പക്ഷിയുടെ ചിറകിന്റെ രൂപം ഹെഡ്‌ലൈറ്റുകളില്‍ കാണാം. മുന്‍വശത്തെ ഗ്രില്ലുകള്‍ക്ക് കൂടുതല്‍ ഷാര്‍പ്പ് എഡ്ജ് ഡിസൈനാണ്. ബോണറ്റിലും ബമ്പറിലും എയ്‌റോഡൈനാമിക് ഡിസൈനിന്റെ ഭാഗമായ ലൈനുകള്‍ ഇടം നേടി. എയര്‍ ഇന്‍ടേക്കിനും മാറ്റമുണ്ട്. റിയര്‍വ്യൂ മിററിലേക്ക് ഇന്‍ഡിക്കേറ്ററുകള്‍ കൂടി കുടിയേറിയിട്ടുണ്ട്. പുതിയ ബമ്പറിലേക്ക് എത്തിയപ്പോള്‍ ഫോഗ് ലാമ്പും മികവുകാട്ടി. വശങ്ങളില്‍ ഏകമാറ്റം ക്രോമിയം പ്ലേറ്റഡ് ഡോര്‍ ഹാന്‍ഡിലാണ്. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പിനും മാറ്റം സംഭവിച്ചു. കുറച്ചുകൂടി ജ്യൂവല്‍ ഇഫക്ട് നല്‍കുന്ന ടെയില്‍ ലാമ്പ് മുന്‍പത്തേതിനേക്കാള്‍ മികച്ചതാണ്. ഇന്‍ഡിക്കേറ്ററുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നു. നമ്പര്‍ പ്ലേറ്റിനു മുകളില്‍ ക്രോമിയം ബ്രാന്‍ഡ് ബോര്‍ഡ്. പിന്‍വശത്തെ ബമ്പറില്‍ റെഡ് റിഫ്ലക്ടറുകളും കാണാം.



രൂപമാറ്റത്തിനു പുറമേ ഉയര്‍ന്ന മോഡലുകളില്‍ ആഡംബരങ്ങളും കടന്നെത്തിയിട്ടുണ്ട്. കാലികമായ മാറ്റങ്ങളാണ് ഉള്‍വശത്തും കാണാന്‍ കഴിയുക. ഡാഷ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റമില്ല. സെന്‍ട്രല്‍ കണ്‍സോളില്‍ ടച്ച് സ്‌ക്രീന്‍ ഡി.വി.ഡി. ഡിസ്‌പ്ലേ ഓഡിയോ സിസ്റ്റം ഇടം നേടി. റിവേഴ്‌സ് ക്യാമറയിലെ ദൃശ്യങ്ങള്‍ ഈ എല്‍.സി.ഡി മോണിറ്ററില്‍ ലഭിക്കും. ചുറ്റുമുള്ള വീതികുറഞ്ഞ അലൂമിനിയം ആവരണമാണ് മറ്റൊരു പ്രത്യേകത. ടൊയോട്ടയുടെ ഇന്ത്യന്‍ കുടുംബാംഗങ്ങളായ കൊറോള ആള്‍ട്ടിസിലുള്ള സ്റ്റിയറിങ്ങാണ് ഇന്നോവയുടെ പുത്തന്‍ പതിപ്പിലുമുള്ളത്. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലും മാറ്റങ്ങള്‍. മൊബൈല്‍ഫോണ്‍, സ്റ്റീരീയോ കണ്‍ട്രോളുകള്‍ സ്റ്റിയറിങ്ങിലുണ്ട്.

പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ രംഗത്തുള്ള ഇന്നോവയുടെ ഡീസല്‍ വെര്‍ഷനാണ് വിപണിയില്‍ പ്രിയം. ഇ. ജി, ജി.എക്‌സ്., വി.എക്‌സ്. എന്നീ ശ്രേണികള്‍ നിലവിലുണ്ട്. ടാക്‌സി ഉപയോഗത്തിനുള്ളതാണ് ബേസ് മോഡല്‍. ജി-യില്‍ ബോഡികളര്‍ ബമ്പര്‍, ഇലക്ട്രിക്കല്‍ അഡ്ജസ്റ്റഡ് റിയര്‍വ്യൂമിറര്‍, പവര്‍സ്റ്റിയറിങ്, പവര്‍ വിന്‍ഡോ കീലെസ് എന്‍ട്രി എന്നിവ ലഭിക്കും. പെട്രോള്‍ മോഡലില്‍ റിയര്‍ ഡീഫോഗര്‍, 12 വോള്‍ട്ട് പവര്‍ ഔട്ട്‌ലെറ്റ്, ഫാബ്രിക് സീറ്റ് എന്നിവകൂടി കാണും.

ജി.എക്‌സില്‍ ഇവയ്ക്കു പുറമേ ഫോര്‍ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പിന്‍ സീറ്റുകളിലും എ.സി. വെന്റുകള്‍, എ.ബി.എസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന മോഡലായ ജിഎക്‌സില്‍ അലോയി വീലുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റിയറിങ്, ഗിയര്‍ നോബുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, റിയര്‍പാര്‍ക്കിങ് ക്യാമറ, 2ഡിന്‍ എല്‍.സി.ഡി. ഡിസ്‌പ്ലേ ഓഡിയോസിസ്റ്റം, 6 സ്പീക്കര്‍, ബ്ലൂടൂത്ത്, പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് എന്നിവ ഉണ്ടാകും. നിലവിലുള്ള എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. 2.5 ലിറ്ററിന്റെ ഡി 4ഡീസല്‍ എന്‍ജിന് ആരാധകരേറെയാണ്. 3600 ആര്‍.പി.എമ്മില്‍ 102 ബി.എച്ച്.പി .നല്‍കുന്ന എന്‍ജിന്‍ 1400-3400 ആര്‍.പി.എമ്മില്‍ ഉയര്‍ന്ന ടോര്‍ക്കായ 200 ന്യൂട്ടന്‍ മീറ്റര്‍ നല്‍കും. സിറ്റിയില്‍ 12 ഉം ഹൈവേയില്‍ 16 കിലോമീറ്ററും മൈലേജ് ഇന്നോവ വാഗ്ദാനം ചെയ്യുന്നുണ്ട്. 9.91 മുതല്‍ 13.19 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂംവില. 2.0 വി എക്‌സ്, 2.0 ജി എന്നീ മോഡലുകളാണ് പെട്രോള്‍ എന്‍ജിനിലുള്ളത്. 132 ബി.എച്ച്.പി നല്‍കുന്ന ഇലക്‌ട്രോണിക്കല്‍ ഫ്യൂയല്‍ ഇന്‍ജക്ഷന്‍ സംവിധാനമാണ് ഇതിലുള്ളത്.
Print
SocialTwist Tell-a-Friend










Other stories in this section