TopGear1
TopGear2
TopGear3
പോര്‍ഷെയുടെ പുതിയ 911 കാബ്രിയോ
Posted on: 19 Jan 2012
പി.എസ് രാകേഷ്‌

ജര്‍മന്‍ കമ്പനിയാണെങ്കിലും പോര്‍ഷെയ്ക്കിഷ്ടം അമേരിക്കന്‍ റോഡുകളോടാണെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ തങ്ങളുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് കാബ്രിയോ അവതരിപ്പിക്കാന്‍ ഡെട്രോയിറ്റ് ഓട്ടോഷോ തന്നെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം ജനവരി ഒമ്പതു മുതല്‍ അമേരിക്കയിലെ വ്യാവസായികനഗരമായ ഡെേട്രായിറ്റിലാരംഭിച്ച ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പോര്‍ഷെ 911 സീരീസില്‍ പെട്ട ഒരുഡസനിലേറെ പുതിയ വേരിയന്റുകളാണ് അവതരിപ്പിക്കപ്പെട്ടത്. 93 ലക്ഷം മുതല്‍ ഒരു കോടി 68 ലക്ഷം വരെയാണ് 911ന്റെ വിവിധ വേരിയന്റുകളുടെ വിലയെന്നറിയുക.



ലക്ഷ്വറി സൂപ്പര്‍കാര്‍ സെഗ്‌മെന്റില്‍ പെടുന്ന പോര്‍ഷെ 911 ഒരു ഇരട്ട ഡോര്‍, റിയര്‍ എഞ്ചിന്‍ കാറാണ്. 1963 സെപ്റ്റംബര്‍ 11നാണ് ആദ്യ 911 കാര്‍ പോര്‍ഷെ വിപണിയിലെത്തിച്ചത്. തുടര്‍ന്നിങ്ങോട്ട് ഓരോവര്‍ഷവും പുതിയ കൂട്ടിച്ചേര്‍ക്കലുകളും സാങ്കേതികമെച്ചപ്പെടുത്തലുകളുമായി പുതിയ വേരിയന്റുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. ഇന്നിപ്പോള്‍ ലോകമെങ്ങുമുള്ള റേസിങ് ഡ്രൈവര്‍മാരുടെ പ്രിയവാഹനമാണ് പോര്‍ഷെ 911. മിന്നല്‍ വേഗമിഷ്ടപ്പെടുന്ന ചെത്തുപയ്യന്‍മാരും പൊങ്ങച്ചം കാണിക്കാനിഷ്ടപ്പെടുന്ന പുത്തന്‍പണക്കാരുമെല്ലാം 911 സ്വന്തമാക്കുന്നതു സ്വപ്‌നം കണ്ടു.



''വന്‍വളര്‍ച്ചാസാധ്യതകളുളള അമേരിക്കന്‍ വിപണി പോര്‍ഷെയെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് കാബ്രിയോ പുറത്തിറക്കാന്‍ ഞങ്ങള്‍ ഡെട്രോയിറ്റ് ഷോ തന്നെ തിരഞ്ഞെടുത്തത്. അടുത്തമാസം തൊട്ട് പുതിയ മോഡലുകള്‍ അമേരിക്കയിലെ ഷോറൂമുകളിലെത്തും''- പോര്‍ഷെ സി.ഇ.ഒ. മറ്റിയാസ് മുള്ളര്‍ വ്യക്തമാക്കുന്നു. ഈവര്‍ഷം ലോകമൊട്ടാകെ ഇരുപത്തയ്യായിരം 911 മോഡലുകള്‍ വില്‍ക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷത്തെ മൊത്തം വില്‍പന പതിനെണ്ണായിരം മോഡലുകളായിരുന്നു.



പുതിയ 911 കാബ്രിയോയുടെ ഇന്റീരിയറിലും പുറംമോഡിയിലും ചിലമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എഞ്ചിന്‍ കരുത്തിന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വ്യതാസം സൃഷ്ടിക്കാന്‍ പോര്‍ഷെ ശ്രമിച്ചിട്ടില്ല. 4.4 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 96 കിലോമീറ്ററിലേക്ക് വേഗമെടുക്കാന്‍ കഴിയുന്ന എഞ്ചിന്‍ ഇതില്‍കൂടുതലെങ്ങനെ മെച്ചപ്പെടുത്താനാകും എന്നായിരിക്കും കമ്പനി ആലോചിക്കുന്നത്. ഡയറക്റ്റ് ഇന്‍ഞ്ചെക്റ്റഡ് 3.4 ലിറ്റര്‍ ബോക്‌സര്‍-സിക്‌സ് എഞ്ചിനാണ് പോര്‍ഷെ കാബ്രിയോയിലുള്ളത്. വിസ്താരമേറിയ ഫ്രണ്ട് ട്രാക്കും വീല്‍ബേസും കാബ്രിയോയുടെ പ്രത്യേകതകയാകുന്നു. ഭാരം കുറയ്ക്കാനായി ഉരുക്കും അലൂമിനിയവും മഗ്നീഷ്യവും കൂടിക്കലര്‍ത്തിക്കൊണ്ടാണ് കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അമേരിക്കയിലാണ് പോര്‍ഷെ കമ്പനി മികച്ച പ്രടനം കാഴ്ചവെച്ചത്. 29,023 കാറുകളാണ് അമേരിക്കയില്‍ മാത്രം കമ്പനി വിറ്റഴിച്ചത്. ഇവയില്‍ 911 മോഡലിന്റെ എണ്ണം 6016 ആണ്. അമേരിക്കയിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനായി അറ്റ്‌ലാന്റയില്‍ പുതിയ ആസ്ഥാനം സ്ഥാപിക്കാനും കമ്പനി തീരുമാനമെടുത്തിട്ടുണ്ട്. 2013 പകുതിയോടെ അറ്റ്‌ലാന്റയിലെ ആസ്ഥാനം പ്രവര്‍ത്തിച്ചുതുടങ്ങും.



Print
SocialTwist Tell-a-Friend










Other stories in this section