മുംബൈ: നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്കായ ഹ്യോസങ് ജി.ടി 650 എന്‍ പുണെയിലെ ഗാര്‍വയര്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 650 സി.സി ബൈക്കിന് 4.39 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മൂന്നു നിറങ്ങളില്‍ ലഭിക്കും. രാജ്യത്തെ 14 ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കുകള്‍ വിറ്റഴിക്കും. മാര്‍ച്ചിനകം 300 ജി.ടി 650 എന്‍ ബൈക്കുകള്‍ വിറ്റഴിക്കാനാണ് ഹ്യോസങ് ലക്ഷ്യമിടുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ യുവാക്കളുടെ മനം കവര്‍ന്ന ഹ്യോസങ് ജി.ടി 650 എന്നിന് ഇന്ത്യയില്‍നിന്നും മികച്ച സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗാര്‍വയര്‍ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ ദിയ ഗാര്‍വെയര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദക്ഷിണ കൊറിയയിലെ എസ് ആന്‍ഡ് ടി മോട്ടോഴ്‌സുമായി സഹകരിച്ചാണ് പ്രീമിയം ബൈക്കുകള്‍ ഹ്യോസങ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. 325 ബൈക്കുകള്‍ ഇതിനകം ഇന്ത്യയില്‍ വിറ്റഴിച്ചു കഴിഞ്ഞു. 2012 മാര്‍ച്ചിനകം 1200 ബൈക്കുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. 250 സി.സി ബൈക്കുകള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ എത്തുക്കുമെന്ന് ഗാര്‍വെയര്‍ മോട്ടോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ ഡീലര്‍മാരുടെ എണ്ണം 14 ല്‍നിന്ന് 50 ആയി വര്‍ദ്ധിപ്പിക്കും. മഹാരാഷ്ട്രയില്‍ 2012 ഓടെ പുതിയ അസംബ്ലി പ്ലാന്റും നിര്‍മ്മിക്കും.