TopGear1
ഇംപള്‍സും മാസ്റ്ററോയും: ഹീറോയുടെ സ്വന്തം വാഹനങ്ങള്‍
Posted on: 29 Aug 2011

ജപ്പാന്‍ വാഹന നിര്‍മ്മാതാവായ ഹോണ്ടയുമായി ബന്ധം ഉപേക്ഷിച്ച ഇന്ത്യയിലെ ഹീറോ സ്വന്തമായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് നിരീക്ഷകര്‍. മഡ് ബൈക്ക് വിഭാഗത്തില്‍പ്പെട്ട ഇംപള്‍സ്, ഗിയറില്ലാത്ത സ്‌കൂട്ടറായ മാസ്റ്ററോ എന്നിവയാണ് ഹീറോ മോട്ടോര്‍കോര്‍പ് സ്വന്തമായി നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്ന ആദ്യ ഇരുചക്രവാഹനങ്ങള്‍. ലണ്ടനില്‍ ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ലോഗോ പുറത്തിറക്കിയ ചടങ്ങില്‍ ഇരു വാഹനങ്ങളും ഹോണ്ട അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഈവര്‍ഷംതന്നെ നിരത്തിലിറങ്ങും. രണ്‍ബീര്‍ കപൂറാണ് ഇരു വാഹനങ്ങളുടെയും ബ്രാണ്ട് അംബാസഡര്‍.109 സി.സി നാലു സ്‌ട്രോക് എയര്‍കൂള്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വാഹനമാണ് മാസ്റ്ററോ. അഡ്വാന്‍സ്ഡ് മൈക്രോപ്രോസസര്‍ ഇഗ്നിഷന്‍ സംവിധാനം (എ.എം.ഐ) വാഹനത്തിന്റെ പ്രത്യേകതയാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 7500 ആര്‍.പി.എമ്മില്‍ 8.2 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. ഹോണ്ടയുടെ ആക്ടിവ, ഏവിയേറ്റര്‍ എന്നിവയ്ക്ക് കരുത്ത് പകരുന്ന എന്‍ജിന്‍ തന്നെയാണിത്. രണ്ടു നിറത്തിലുള്ള റിയര്‍വ്യൂ മിററുകള്‍. വലിയ ഹെഡ്‌ലാമ്പും ഇന്‍ട്രമെന്റ് പാനലും, ഡിജിറ്റല്‍ ഫ്യുവല്‍ ഗേജ്, പുഷ് ടു ക്യാന്‍സല്‍ ഇന്‍ഡിക്കേറ്ററുകള്‍, അടപ്പുള്ള ഇഗ്നിഷന്‍ കീ സ്ലോട്ട് എന്നിവയാണ് മാസ്റ്ററോയുടെ മുഖ്യ സവിശേഷതകള്‍. ധാരാളം സ്‌റ്റോറേജ് സ്ഥലം ഹീറോ മാസ്റ്ററോയില്‍ ഒരുക്കിയിട്ടുണ്ട്. ഹാന്‍ഡില്‍ ബാറിന് താഴെയും സീറ്റിനടിയിലുമാണ് സ്‌റ്റോറേജ് സ്‌പെയ്‌സ്. നിരപ്പുള്ള ഫ്ലോര്‍ ബോര്‍ഡ്, ബാഗ് ഹുക്ക് എന്നിവയും ഇന്ത്യക്കാരുടെ മനസറിഞ്ഞ് ഹീറോ കരുതിയിട്ടുണ്ട്.149.2 സി.സി ഒറ്റസിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് മഡ്‌ബൈക്ക് വിഭാഗത്തില്‍പ്പെട്ട ഇംപള്‍സിന് കരുത്ത് പകരുന്നത്. 7500 ആര്‍.പി.എമ്മില്‍ 13.2 ബി.എച്ച്.പി പരമാവധി കരുത്തും 5000 ആര്‍.പി.എമ്മില്‍ 1.36 കെ.ജി.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് എന്‍ജിന്‍. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്, കിക്ക് - ഇലക്ട്രിക് സ്റ്റാര്‍ട്ട് ഓപ്ഷനുകളുണ്ട്. ഗ്യാസ് ചാര്‍ജ്ഡ് പിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് പാനല്‍, പൂട്ടിവയ്ക്കാവുന്ന യൂട്ടിലിറ്റി ബോക്‌സ് എന്നിവയാണ് ഇംപള്‍സിന്റെ മറ്റ് സവിശേഷതകള്‍.ഇരു വാഹനങ്ങളുടെയും വില എത്രയാവവുമെന്ന് ഹീറോ വെളിപ്പെടുത്തിയിട്ടില്ല. മികച്ച ഇരുചക്ര വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലോക നിലവാരത്തിലുള്ള ആര്‍ ആന്‍ഡ് ഡി കേന്ദ്രം ഉടന്‍ സ്ഥാപിക്കുമെന്ന് ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലാവും ആര്‍. ആന്‍ഡ് ഡി കേന്ദ്രം. 2014 ല്‍ ഹോണ്ടയുമായുള്ള സഹകരണ കരാര്‍ അവസാനിക്കുന്നത് മുന്നില്‍ക്കണ്ടാണ് ഗവേഷണ സ്ഥാപനം സ്ഥാപിക്കാനൊരുങ്ങുന്നത്. അഞ്ചു വര്‍ഷംകൊണ്ട് 45000 കോടിയുടെ വില്‍പ്പന നേടാനാണ് ഹീറോ മോട്ടോര്‍ കോര്‍പ്പ് ലക്ഷ്യമിടുന്നത്.
Tags:   Hero MotoCorp, Impulse, Maestro, Bike, Autonews
Print
SocialTwist Tell-a-Friend
Other stories in this section