ലയണമന്ത്രം എന്ന ചിത്രത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ മാമുക്കോയക്കൊപ്പം ശ്രീനിവാസന്‍ ഡ്രൈവിങ്ങ് പഠിക്കുന്ന രംഗങ്ങള്‍ എത്രകണ്ടാലും മലയാളികള്‍ക്ക് മതിവരില്ല. സിനിമയില്‍ ഡ്രൈവിങ്ങ് വശമില്ലെങ്കിലും ജീവിതത്തില്‍ ശ്രീനിവാസന് ഡ്രൈവിങ്ങ് താല്‍പര്യമുണ്ട്. അത്യാഡബര വാഹനംവിട്ട് സ്‌പോര്‍സ് യൂട്ടിലിറ്റി കാറുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് പുതിയ പ്രീമിയം എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് ശ്രീനിവാസന്‍. ഐക്കണിക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് എസ്.യു.വിയാണ് താരം തന്റെ ഗാരേജിലെത്തിച്ചത്. 

Compass

തൊട്ടാല്‍പൊള്ളുന്ന വിലയില്‍ റാങ്ക്‌ളര്‍, ചെറോക്കി മോഡലുകളുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ ജീപ്പ് ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് ഏറ്റവും വില കുറഞ്ഞ കോംപസിനെ ഇവിടെ അവതരിപ്പിച്ചത്. ആള്‍വീല്‍ ഡ്രൈവ് വൈറ്റ് കോംപസാണ് ശ്രീനിവാസന്‍ സ്വന്തമാക്കിയത്. പതിനഞ്ച് ലക്ഷം രൂപ വിലയില്‍ വളരെപ്പെട്ടെന്ന് വിപണി പിടിക്കാന്‍ കോംപസിന് സാധിച്ചു. നിലവില്‍ പതിനായിരത്തിലേറെ ബുക്കിങ്ങ് പിന്നിട്ട് കുതിക്കുകയാണ് കോംപസ്. ജീപ്പ് നിരയില്‍ ഇന്ത്യന്‍ നിര്‍മിതമായി നിരത്തിലെത്തുന്ന ആദ്യ കാര്‍ എന്ന പ്രത്യേകതയും കോംപസിനുണ്ട്.

Compass

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. 

Compass

Read This - ജീപ്പ് കോംപസ് സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

ചിത്രങ്ങള്‍; jeep Kerala Facebook Page