ഡിസ്‌ക് ബ്രേക്ക്, എബിഎസ്, ഇബിഡി തുടങ്ങി ഇരുചക്ര വാഹനങ്ങളില്‍ എത്രയേറെ സുരക്ഷ സന്നാഹങ്ങളുണ്ടെങ്കിലും അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറുതായൊന്നു ബാലന്‍സ് നഷ്ടപ്പെട്ട് തെന്നിവീണാല്‍ മതി മാരകമായ പരിക്കേല്‍ക്കാന്‍. എന്നാല്‍ ഇതിനൊരു പരിഹാരമായി ബൈക്കില്‍നിന്ന് തെറിച്ചുവീഴുന്ന യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹെലൈറ്റ് എയര്‍ ബാഗ് ടെക്‌നോളജി ജാക്കറ്റ് രൂപത്തിലുള്ള എയര്‍ബാഗുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. എയര്‍ബാഗ് ജാക്കറ്റുകള്‍ കാര്യക്ഷമമാണെന്ന് ഉറപ്പിക്കാനുള്ള നിരവധി ടെസ്റ്റുകളിലും ഹെലൈറ്റ് ടെക്‌നോളജി ഇതിനോടകം വിജയം കണ്ടിട്ടുണ്ട്. 

air bag

കാറുകളില്‍നിന്ന് അല്‍പം വ്യത്യസ്തമായി ആവശ്യാനുസരണം ശരീരത്തില്‍ ധരിക്കാവുന്ന ജാക്കറ്റുകളുടെ രൂപത്തിലാണ് ഹെലൈറ്റ് എയര്‍ബാഗുകള്‍. അപകടം സംഭവിച്ച ഉടന്‍ എയര്‍ നിറച്ച് ഈ ജാക്കറ്റുകള്‍ യാത്രികര്‍ക്ക് സുരക്ഷാ കവചം ഒരുക്കും. നേരത്തെ ഡ്യുക്കാട്ടി ബിഎംഡബ്യു കമ്പനികള്‍ ഇത്തരം എയര്‍ബാഗുകള്‍ നിര്‍മിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ മോഡലുകളില്‍ മാത്രമേ ഈ എയര്‍ബാഗുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളു.  ഇരുചക്ര വാഹന അപകടങ്ങളിലെ മരണനിരക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ നിരത്തില്‍ ഇത്തരം എയര്‍ബാഗ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യതയും അധികം വിദൂരത്തിലല്ല.