കൂട്ടിയിടിക്കാന്‍ പോവുമ്പോള്‍ പരസ്പരം മുന്നറിയിപ്പുനല്‍കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ എങ്ങനെയിരിക്കും ! ഹോളിവുഡ് സിനിമയിലെ രംഗമാണെന്ന് കരുതിയെങ്കില്‍ തെറ്റി. അമേരിക്കയിലെ ഗതാഗതവകുപ്പാണ് പുതിയ പദ്ധതിയുമായി കടന്നുവരുന്നത്. റോഡുകളില്‍ വാഹനങ്ങള്‍ തമ്മില്‍ പരസ്പരം 'സംസാരിക്കുന്ന' സംവിധാനം ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. 

ഹ്രസ്വദൂര വയര്‍ലെസ് സംവിധാനമുപയോഗിച്ച് വാഹനങ്ങള്‍ തമ്മില്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്ന സംവിധാനമാണിത്. മറികടക്കുമ്പോഴും ഓടിക്കൊണ്ടിരിക്കുന്ന വരിയില്‍നിന്ന്  അപ്രതീക്ഷിതമായി മാറുമ്പോഴുമാണ് 80 ശതമാനം വാഹനാപകടങ്ങളും സംഭവിക്കുന്നത്. പുതിയസംവിധാനത്തിലൂടെ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് വകുപ്പധികൃതരുടെ പ്രതീക്ഷ. 

vehicle to vehicle communication

മറ്റൊരു വാഹനത്തിന്റെ 300 മീറ്റര്‍ പരിധിയിലെത്തുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ വേഗത, ദിശ, അടുത്തുള്ള മറ്റുവാഹനങ്ങള്‍, അപകടമേഖലയാണോ തുടങ്ങിയ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതാണ് സംവിധാനം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനംചെയ്ത് വാഹനം ഡ്രൈവര്‍ക്ക് മുന്നറിയിപ്പുനല്‍കും. ഇതിലൂടെ വലിയതോതില്‍ അപകടം ഒഴിവാക്കാനാകുമെന്ന് യു.എസ്. ഗതാഗത വകുപ്പ് സെക്രട്ടറി ആന്റണി ഫോക്‌സ് പറഞ്ഞു. 

vehicle to vehicle communication

രാജ്യത്തെ പ്രധാനപ്പെട്ട വാഹനനിര്‍മാതാക്കളെല്ലാം സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പുത്തന്‍ സംവിധാനത്തിന് ഉടന്‍തന്നെ അനുമതി നല്‍കുമെന്നാണ് ഗതാഗത വകുപ്പധികൃതരുടെ പ്രതീക്ഷ.