ര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്ലാംമ്പ് ഓണ്‍ (എ.എച്ച്.ഒ.) സംവിധാനം നിര്‍ബന്ധമാക്കുകയാണ്. വാഹനം ഓണായാല്‍ അതോടൊപ്പം ഹെഡ്‌ലൈറ്റും പ്രകാശിക്കുന്ന സംവിധാനം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി നിലവിലുള്ള സുരക്ഷാ സംവിധാനമാണിത്.

എന്നാല്‍ പകലെന്നല്ല, രാത്രികാലത്തു പോലും ഹെഡ്‌ലാംപ് പ്രകാശിപ്പിക്കാന്‍ മടിയുള്ളവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ടെന്ന് കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ തെളിയിക്കും. കോഴിക്കോട് നഗരത്തില്‍ നിന്നുള്ള ഈ ചിത്രങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമല്ല, ഓട്ടോയും കാറും വരെ ഹെഡ്ലൈറ്റ് പ്രകാശിപ്പിക്കാതെ ഓടുന്നത് കാണാം.

Vehicles without Headlamp On

Vehicles without Headlamp On

Vehicles without Headlamp On

Vehicles without Headlamp On

കാല്‍നടയാത്രക്കാര്‍ക്കും എതിരെ വരുന്ന വാഹനങ്ങള്‍ക്കും വലിയ അപകടമാണ് വെളിച്ചമില്ലാത്ത ഈ വാഹനങ്ങള്‍ സൃഷ്ടിക്കുന്നത്. വഴിവിളക്കുകളുടെയും കച്ചവടസ്ഥാപനങ്ങളുടെയും വെളിച്ചത്തില്‍ ഒരുപക്ഷേ ഇതിലെ ഡ്രൈവര്‍മാര്‍ക്ക് വഴി കാണാന്‍ സാധിക്കുന്നുണ്ടാകും. എന്നാല്‍ വഴിമുറിച്ചു കടക്കുന്നവര്‍ക്കും എതിരെ വരുന്ന വാഹനങ്ങള്‍ക്കും അവ ശ്രദ്ധയില്‍പെട്ടെന്ന് വരില്ല. തൊട്ടു, തൊട്ടില്ല എന്ന അവസ്ഥയിലാണ് പലപ്പോഴും കൂട്ടിയിടികള്‍ ഒഴിവായി പോകാറുള്ളത്.

ഹെഡ്‌ലൈറ്റുമായി ബന്ധപ്പെട്ടുള്ള ഗതാഗതനിയമങ്ങള്‍ ഇങ്ങനെ - സൂര്യാസ്തമയം കഴിഞ്ഞ് അരമണിക്കൂറിനുശേഷമോ, മതിയായ വെളിച്ചമില്ലാത്തപ്പോഴോ ഹെഡ്‌ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്ന് 1989-ലെ കേന്ദ്ര ഗതാഗത നിയമം നിഷ്‌കര്‍ഷിക്കുന്നു. ഹെഡ്‌ലാംപ് കൃത്യമായി ഉപയോഗിക്കാതിരിക്കുക, അവയുടെ വെളിച്ചം മറയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമ പ്രകാരം 100 രൂപയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ അത് 300 രൂപയാകും. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനുകൂടി ഭീഷണിയാകുന്ന ഈ നിയമലംഘനത്തിനുള്ള ശിക്ഷ ലളിതമായ ഈ നടപടികളില്‍ ഒതുങ്ങുന്നു.

നിരത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്ലാംമ്പ് ഓണ്‍ സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 2017 ഏപ്രില്‍ ഒന്ന് മുതല്‍ വിപണിയില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ഈ സംവിധാനം നിര്‍ബന്ധമാണ്. കാലക്രമേണ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് സംവിധാനത്തോടുകൂടിയുള്ള ഇരുചക്ര വാഹനങ്ങള്‍ മാത്രമാകും നിരത്തുകളില്‍ ഓടുക.