രാജ്യത്ത് വര്‍ധിച്ചു വരുന്ന റോഡ് അപകടനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം മുന്നിട്ടിറങ്ങുന്നു. 2019 മുതല്‍ രാജ്യത്ത് പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ABS (ആന്റി ലോക്കിങ് ബ്രക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. നടപടി കൂടുതല്‍ ഊര്‍ജിമാക്കാന്‍ 2018 ഏപ്രില്‍ മാസത്തിന് ശേഷം പുതുതായി പുറത്തിറക്കുന്ന എല്ലാ കാറുകളിലും സ്റ്റാൻഡേഡ് ഫീച്ചറായി ABS ഉള്‍പ്പെടുത്താന്‍ ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കും. നിലവില്‍ വില്‍പനയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള പകുതിയിലേറെ കാറുകളിലും രാജ്യത്ത് ABS സംവിധാനം ലഭ്യമല്ല. 

ABS

2015-ലെ കണക്ക് പ്രകാരം വാഹനാപകടങ്ങളില്‍ ഇന്ത്യയില്‍ 1.46 ലക്ഷത്തിലേറെ ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്. അപകട സമയത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാലും പരസ്പര കൂട്ടിയിടി തടയാന്‍ 20 ശതമാനത്തോളം ABS സംവിധാനം സഹായകമാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പെട്ടെന്ന് ബ്രേക്ക് നല്‍കുമ്പോള്‍ ഇരുസൈഡിലെയും ബ്രേക്കുകള്‍ പരസ്പരം ലോക്ക് ആകുന്നത് തടഞ്ഞ് കൂടുതല്‍ കണ്‍ട്രോള്‍ നല്‍കാന്‍ ABS സഹായിക്കും. ആഡംബര വാഹന നിര്‍മാതാക്കൾക്ക് പുറമേ ചുരുക്കം ചില കമ്പനികള്‍ ടോപ് വേരിയന്റില്‍ മാത്രം നേരത്തെ രാജ്യത്ത് ABS സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ ചെലവ് കുറയ്ക്കുന്നതിനായി ബേസ് വേരിയന്റില്‍ ABS അടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. ABS സംവിധാനം ഉള്‍പ്പെടുത്തുന്നതോടെ ഓരോ മോഡലുകള്‍ക്കും ഏകദേശം 20000-30000 രൂപ വില വര്‍ധിക്കാനാണ് സാധ്യത. ഇതിനു പുറമേ അധികം വൈകാതെ നിരത്തിലെത്തുന്ന എല്ലാ കാറുകള്‍ക്കും എയര്‍ബാഗ് നിര്‍ബന്ധമാക്കാനും ഗതാഗത മന്ത്രാലയത്തിന് പദ്ധതിയുണ്ട്.