സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ ക്രാഷ് ടെസ്റ്റ് യൂണിറ്റായ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി (IIHS) നടത്തിയ ക്രാഷ് ടെസ്റ്റില്‍ മികച്ച നേട്ടത്തോടെ 2017 ഹോണ്ട CR-V. കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ച അഞ്ചാം തലമുറ CR-V യാണ് സുരക്ഷയില്‍ വമ്പനാണെന്ന് തെളിയിച്ചത്. ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിങ് സ്വന്തമാക്കി IIHS 2017 ടോപ് സേഫ്റ്റി പിക്ക് പ്ലസ് അവാര്‍ഡിനും ഹോണ്ട CR-V അര്‍ഹനായി. ഫോര്‍വേര്‍ഡ് കൊളിഷന്‍ വാര്‍ണിങ്, ലോ സ്പീഡ് ഓട്ടോബ്രേക്ക്, ഹൈ സ്പീഡ് ഓട്ടോബ്രേക്ക് എന്നീ നൂതന സംവിധനങ്ങള്‍ മണിക്കൂറില്‍ 25 മൈല്‍ വേഗതയിലും കൂട്ടിയിടി ഒഴിവാക്കുമെന്ന് തെളിയിച്ചു.  

എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, ഫ്രണ്ട് ക്രാഷ് പ്രിവന്‍ഷന്‍ എന്നിവയ്‌ക്കൊപ്പം സ്‌മോള്‍ ഓവര്‍ലാപ്പ് ഫ്രണ്ട്, മോഡറേറ്റ് ഓവര്‍ലാപ്പ് ഫ്രണ്ട്, സൈഡ്, റൂഫ് സ്‌ട്രെങ്ത്ത്, ഹെഡ് റെസിസ്റ്റ് ടെസ്റ്റ് എന്നിവയില്‍ മികച്ച സ്‌കോര്‍ നേടിയാണ് 2017 ടോപ് സേഫ്റ്റി പിക്ക് പ്ലസ് അവാര്‍ഡ് CR-V സ്വന്തമാക്കിയത്. അടുത്ത വര്‍ഷം തുടക്കത്തില്‍ CR-V യുടെ ഈ പതിപ്പ് ഇന്ത്യയിലെത്തും. മൂന്ന് നിരകളില്‍ 7 സീറ്ററിലായിരിക്കും പുതിയ CR-V ഇങ്ങോട്ടെത്തുക. ഡീസല്‍ പതിപ്പിലെത്തുന്ന ആദ്യ CR-V യാകും ഇത്. എന്നാല്‍ അമേരിക്കന്‍ വകഭേദത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ ഇങ്ങോട്ടെത്തുമ്പോള്‍ കമ്പനി ഉള്‍പ്പെടുത്തുമോയെന്ന് ഉറപ്പില്ല.