ലോകത്തെ വേഗമേറിയ ബുള്ളറ്റ് ട്രെയിനുമായി ചൈന. മണിക്കൂറില്‍ 350 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗം. ബെയ്ജിങ്ങിനും ഷാങ്ഹായിക്കുമിടയിലാണ് അടുത്തമാസം 21 മുതല്‍ തീവണ്ടി ഓട്ടം തുടങ്ങുക. വെറും നാലര മണിക്കൂറെടുത്താണ് 1250 കിലോമീറ്റര്‍ ദൂരം ഫുക്‌സിങ് എന്ന് പേരിട്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പിന്നിടുക.
 
ബെയ്ജിങ്ങിനും ടിയാന്‍ജിനുമിടയില്‍ 2008-മുതല്‍ ചൈന 350 കിലോമീറ്റര്‍ വേഗമുള്ള തീവണ്ടി ഓടിച്ചിരുന്നു. എന്നാല്‍, 2011-ല്‍ നാല്‍പ്പതിലേറെപ്പേര്‍ മരിച്ച അപകടത്തെത്തുടര്‍ന്ന് തീവണ്ടിയുടെ വേഗം 250-300 ആയി പരിമിതപ്പെടുത്തി.
 
അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഫുക്‌സിങ്ങിന് 400 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവുമെന്ന് ചൈന റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ജൂലായില്‍ തീവണ്ടി പരീക്ഷണഓട്ടം നടത്തിയിരുന്നു. ചൈനയിലാണ് ലോകത്ത് ഏറ്റവുമധികം അതിവേഗ തീവണ്ടിപ്പാതകളുള്ളത്.