ഇന്ത്യന്‍ സൈന്യത്തിന്റെ രാജവാഹനമായിരുന്ന മാരുതി ജിപ്‌സി പുതിയ രൂപഭാവങ്ങളോടെ പുനരവതരിക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണി ലക്ഷ്യംവെച്ചാണ് മാരുതി സുസുക്കിയുടെ പുതിയ നീക്കം. 

പുതിയ തലമുറ ജിപ്‌സിയുടെ രൂപകല്‍പന സംബന്ധിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞതായും ഇന്ത്യയില്‍ ഇതു സംബന്ധിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മാരുതി സുസുകി മാനേജിങ് ഡയറക്ടര്‍ കെനിചി അയൂകാവ വ്യക്തമാക്കി. ജിപ്സിയെ മുന്‍നിര്‍ത്തി തീര്‍ത്തും ജനപ്രിയമായ ഒരു എസ്.യു.വി എങ്ങനെ രൂപകല്‍പന ചെയ്യാം എന്ന കാര്യത്തിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

1985ല്‍ ആണ് മാരുതി ജിപ്‌സി ഇന്ത്യന്‍ റോഡുകളില്‍ അവതരിച്ചത്‌. വിപണിയിലറങ്ങിയപ്പോള്‍ത്തന്നെ വലിയ സ്വീകാര്യതയാണ് ജിപ്‌സിക്ക് ലഭിച്ചത്. എന്നാല്‍ വന്‍തോതിലുള്ള വില്‍പനയായിരുന്നില്ല ജിപ്‌സിയുടെ നേട്ടം. മറിച്ച്, ഇന്ത്യന്‍ കരസേനയുടെ വിശ്വസ്ത ഫോര്‍ വീല്‍ വാഹനമായി മാരുതി ജിപ്‌സി മാറി. 

പിന്നീട് സൈന്യത്തിന്റെ ആവശ്യത്തിന് അനുസരിച്ചായിരുന്നു ജിപ്‌സിയുടെ നിര്‍മാണം. ബറ്റാലിയന്‍ സൈനിക സംഘങ്ങളും ഓഫീസര്‍ റാങ്കിലുള്ള സൈനികരുമാണ് ജിപ്‌സി ഉപയോഗിച്ചിരുന്നത്. 970 സിസി എഞ്ചിന്‍ കരുത്തില്‍ പെട്രോളില്‍ ഓടിയിരുന്ന ജിപ്‌സി ഇന്ത്യന്‍ ആര്‍മിയുടെ രാജാവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

എന്നാല്‍ പിന്നീട് സൈന്യത്തിന്റെ മാറിയ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ മോഡലില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി തയ്യാറാകാതിരുന്നത് തിരിച്ചടിയായി. 2017ല്‍ ടാറ്റയുടെ സഫാരി സ്റ്റോം സേനയില്‍ ജിപ്‌സിയുടെ സ്ഥാനം കൈയ്യടക്കി. അതോടെ ജിപ്‌സിയുടെ നിര്‍മാണം കമ്പനി അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Maruti Gypsy, return of the Gypsy