നാലുവരിയുള്ള സ്ഥലങ്ങളില്‍ 15 മീറ്ററും ആറുവരിയുള്ള സ്ഥലങ്ങളില്‍ 21 മീറ്ററുമായിരിക്കും റോഡിന്റെ വീതി, മീഡിയന്റെ വീതിയിലും ഇതനുസരിച്ച് വ്യത്യാസമുണ്ടാകും.

തിരുവനന്തപുരം: കഴക്കൂട്ടം (തിരുവനന്തപുരം)-തലപ്പാടി (കാസര്‍കോട്) ദേശീയപാത വാഹനത്തിരക്കനുസരിച്ച് നാലുവരിയായും ആറുവരിയായും വികസിപ്പിക്കും. ജനസാന്ദ്രതയും പരിഗണിക്കും. ഇതിനുള്ള രൂപരേഖ തയ്യാറാക്കിത്തുടങ്ങിയതായി ദേശീയപാത കേരളവിഭാഗം റീജണല്‍ ഡയറക്ടര്‍ ആശിഷ് ദ്വിവേദി പറഞ്ഞു. 45 മീറ്ററിലായിരിക്കും വികസനം.

ദേശീയതലത്തില്‍ വീതി 60 മീറ്ററാണെങ്കിലും സംസ്ഥാനത്തെ സ്ഥലലഭ്യതയിലുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് 45 മീറ്ററാക്കിയത്. ഇരുവശത്തും സര്‍വീസ് റോഡുകളുണ്ടാകും. ഇതിന് യഥാക്രമം നാലുമുതല്‍ നാലരമീറ്റര്‍വരെയും അഞ്ചരമുതല്‍ ഏഴു മീറ്റര്‍വരെയുമാകും വീതി.

നാലുവരിയുള്ള സ്ഥലങ്ങളില്‍ 15 മീറ്ററും ആറുവരിയുള്ള സ്ഥലങ്ങളില്‍ 21 മീറ്ററുമായിരിക്കും റോഡിന്റെ വീതി. മീഡിയന്റെ വീതിയിലും ഇതനുസരിച്ച് വ്യത്യാസമുണ്ടാകും. ആറുവരിയാക്കുന്ന ഭാഗങ്ങളുടെ അന്തിമരൂപരേഖ തയ്യാറാക്കുന്നതിന് ആറുമാസംവരെയെടുക്കും.

മലബാര്‍ മേഖലയിലാകും ആദ്യനിര്‍മാണം. കൂടുതല്‍ ഗതാഗതക്കുരുക്കുള്ള തലശ്ശേരി, മാഹി ബൈപ്പാസുകളുടെ നിര്‍മാണത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. കോഴിക്കോട് ബൈപ്പാസിന്റെ ടെന്‍ഡര്‍ 17-ന് വിളിക്കും. കോഴിക്കോട് ബൈപ്പാസിന് ആദ്യം നിര്‍ദേശിച്ച രൂപരേഖയില്‍ ചില മാറ്റങ്ങളുണ്ട്. എം.കെ. രാഘവന്‍ എം.പി.യുടെ ആവശ്യപ്രകാരമാണിത്.

ദേശീയപാതാവികസനത്തിന് കിലോമീറ്ററിന് 33 മുതല്‍ 35 കോടി രൂപവരെയാണ് ചെലവ്. ഇത് നിര്‍മാണത്തിന് മാത്രമുള്ളതാണ്. മറ്റു പണികളും അനുബന്ധകാര്യങ്ങളുംകൂടി കണക്കാക്കിയാല്‍ ചെലവ് 42-45 കോടി രൂപവരും. നിര്‍മാണം തുടങ്ങിയാല്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.