കൊച്ചുകുട്ടികള്‍ വരെ സ്മാര്‍ട്ട് ഫോണില്‍ ജിപിഎസ് ഉപയോഗിച്ച് സ്ഥലം കണ്ടെത്തുന്ന നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷം ഡ്രൈവര്‍മാര്‍ക്കും വാഹനങ്ങളിലെ ജിപിഎസ് സംവിധാനം (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഏഷ്യ-പെസഫിക് മേഖലയില്‍ ഇന്ത്യയടക്കം 11 രാജ്യങ്ങളിലായി 9500 ഡ്രൈവര്‍മാരില്‍ നടത്തിയ സര്‍വെയിലാണ് ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ജി.പി.എസിനോടുള്ള താത്പര്യക്കുറവ് വ്യക്തമായത്.

ഇന്ത്യയില്‍ നിന്ന്‌ 1023 പേരാണ് സര്‍വെയില്‍ പ്രതികരിച്ചത്. ഡ്രൈവിങ് ശീലങ്ങള്‍, ഇന്ധനക്ഷമതയെക്കുറിച്ചുള്ള ധാരണകള്‍ എന്നിവയെക്കുറിച്ചായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും. എന്നാല്‍ പ്രതികരിച്ചവരില്‍ നിന്ന് ലഭിച്ച മറുപടികള്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ 73 ശതമാനം ഡ്രൈവര്‍മാര്‍ക്കും വാഹനത്തിലെ വഴികാട്ടിയായ ജിപിഎസ് സംവിധാനം എന്തിനാണെന്ന് പോലും അറിയില്ല. നാലില്‍ ഒരാള്‍ മാത്രമാണ് ഇതുവരെ ജിപിഎസ് ഉപയോഗിച്ച് ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളത്. 

40 ശതമാനം പേര്‍ക്കും പെട്ടെന്നുള്ള ആക്‌സലറേഷനും ബ്രേക്കിംഗും ഇന്ധനക്ഷമത കുറയ്ക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് അറിവില്ല. വാഹനം അല്പനേരം നിര്‍ത്തിയിടുന്നതിനു പകരം ഓണായി കിടന്നാല്‍ കൂടുതല്‍ ഇന്ധനം ലാഭിക്കാമെന്നാണ് 26 ശതമാനം ഡ്രൈവര്‍മാരുടെയും തെറ്റിദ്ധാരണ. ചുരങ്ങളിലും ഹൈറേഞ്ച് റോഡുകളിലും പതിവിലും കൂടുതല്‍ ഇന്ധനം ആവശ്യമാണെന്ന് 52 ശതമാനം പേര്‍ക്കും അറിയില്ല. വാഹനത്തിന്റെ ഭാരം കൂടുംതോറും ഇന്ധനക്ഷമത കുറയുമെന്ന കാര്യത്തിലും 35 ശതമാനം പേര്‍ക്കും അറിവില്ലായിരുന്നു.  

കൃത്യമായ ഇടവേളകളില്‍ മുടക്കം ഇല്ലാതെയുള്ള സര്‍വീസ് ഇന്ധനക്ഷമത നിലനിര്‍ത്തുമെന്ന കാര്യത്തിലും സര്‍വെയില്‍ പ്രതികരിച്ച ഭൂരിപക്ഷം ആളുകള്‍ക്കും അറിവില്ല. എന്നാല്‍ കൂടുതല്‍ ഇന്ധനം ലാഭിച്ചുകൊണ്ട് എങ്ങനെ വണ്ടിയോടിക്കാമെന്നുള്ളത് തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു 95 ശതമാനം ആളുകളും സര്‍വെയില്‍ വ്യക്തമാക്കിയത്.