ലിനീകരണ മാനദണ്ഡത്തില്‍ ഭാരത് സ്‌റ്റേജ് മൂന്ന് വാഹനങ്ങള്‍ നിരോധിച്ചതിന് ശേഷം 8.24 ലക്ഷം പുതിയ വാഹനങ്ങളാണ് ഡീലര്‍മാരുടെ പക്കല്‍ വിറ്റഴിക്കാനാകെ ബാക്കി വന്നത്. ഇതോടെ ഇത്രയധികം വാഹനങ്ങള്‍ കൂട്ടത്തോടെ എന്തുചെയ്യുമെന്നാണ് എല്ലാവരുടെയും ചോദ്യം. ബിഎസ് 3 എഞ്ചിന്‍ നിലവാരമുള്ള വാഹനങ്ങള്‍ ബിഎസ് 4 ആക്കി ഉയര്‍ത്താന്‍ സാധിക്കില്ല എന്ന് നേരത്തെ കമ്പനികള്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ ഇവ വിറ്റഴിച്ചു തീര്‍ക്കാന്‍ രണ്ടെ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമാണുള്ളത്.

ആദ്യത്തെത്‌ കഴിഞ്ഞ രണ്ടു ദിവസം സമര്‍ഥമായി എല്ലാ വാഹന ഡീലര്‍മാരും പരീക്ഷിച്ച വിജയിപ്പിച്ചു. മാര്‍ച്ച് 31-ന് മുമ്പ് പരമാവധി സ്റ്റോക്ക് വിറ്റഴിക്കുക. വമ്പന്‍ വിലക്കുറവും കണ്ണഞ്ചിപ്പിക്കുന്ന ഓഫറും പ്രഖ്യാപിച്ച് ബിഎസ് 3 വാഹനങ്ങള്‍ വലിയൊരളവില്‍ വിറ്റുതീര്‍ക്കാന്‍ ഡീലര്‍മാര്‍ക്ക് സാധിച്ചു. ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റഴിക്കാന്‍ സാധിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമെബൈല്‍ ഡീലേഴ്‌സ് അറിയിച്ചിരുന്നു. ട്രക്കുകളും മറ്റ് വാണിജ്യ വാഹനങ്ങളുമാണ് ബാക്കിയുള്ളവയില്‍ അധികവും.

ബിഎസ് 3 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഇന്നലെ ഉച്ചയോടെ അവസാനിച്ചതോടെ ഇനിയുള്ള ഒരെ ഒരു വഴി കയറ്റുമതിയാണ്. എന്നാല്‍ അവിടെയുമുണ്ട് തടസങ്ങള്‍. ബിഎസ് 3 മലിനീകരണ മാനദണ്ഡ നിലവാരം പാലിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമെ ബാക്കി വന്ന വാഹനങ്ങള്‍ കയറ്റി അയക്കാന്‍ സാധിക്കു. ഒരുവിധം വികസിക,വികസ്വര രാജ്യങ്ങളിലെല്ലാം ഇതിനെക്കാള്‍ ഉയര്‍ന്ന നിലവാരം നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ പല നിര്‍മാതാക്കള്‍ക്കും കയറ്റുമതിയും വലിയൊരു ചോദ്യചിഹ്നമാണ്‌

ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് RHD (റൈറ്റ് ഹാന്‍ഡ് ഡ്രൈവും) ഒരു പ്രശ്‌നമാണ്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് അനുവര്‍ത്തിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമാണ് ഇവ കയറ്റി അയക്കാന്‍ സാധിക്കുകയുള്ളു. ഇതിനൊപ്പം സുരക്ഷാ സംവിധാനങ്ങളിലും മാറ്റം വരുത്തേണ്ടി വരും. അവസാന രണ്ടു ദിവസത്തെ ഗംഭീര വില്‍പ്പനയ്ക്ക് ശേഷം ഇനി ബാക്കിയുള്ള വാഹനങ്ങളുടെ കൃത്യമായി കണക്ക് ലഭ്യമായിട്ടില്ല. അധികം താമസിയാതെ കയറ്റുമതിയിലൂടെ ഈ വാഹനങ്ങള്‍ വിറ്റഴിച്ച് തീര്‍ക്കാനാണ് ഇനി നിര്‍മാതാക്കളുടെ ശ്രമം.