നാളെ മുതല്‍ പുതിയ ബിഎസ് 3 വാഹനങ്ങള്‍ നിരോധിക്കാനുള്ള അന്തിമ തീരുമാനം സുപ്രീം കോടതി കൈകൊണ്ടതോടെ പരമാവധി സ്റ്റോക്ക് വിറ്റഴിച്ചു തീര്‍ക്കാന്‍ അവസാന ദിനമായ ഇന്നും വമ്പന്‍ ഓഫറുകളുമായി വാഹന നിര്‍മാതാക്കള്‍ നെട്ടോട്ടമോടുന്നു. ഇന്നലെ പ്രഖ്യാപിച്ച കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിന് പുറമേ ഒരു ബൈക്ക് വാങ്ങിച്ചാല്‍ മറ്റൊന്ന് തികച്ചും സൗജന്യമായി നല്‍കാനും വിവിധ നിര്‍മാതാക്കള്‍ തയ്യാറായിട്ടുണ്ട്. സിബിആര്‍ 150, സിബിആര്‍ 250 എന്നിവ വാങ്ങുമ്പോള്‍ കുഞ്ഞന്‍ ബൈക്ക് നവി സൗജന്യമായി നല്‍കുമെന്നാണ് ചില ഇടങ്ങളില്‍ ഹോണ്ടയുടെ ഓഫര്‍. മറ്റു മോഡലുകള്‍ക്ക് 22000 രൂപവരെ ക്യാഷ് ബാക്ക് ഓഫറും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റ പിക്കപ്പ് ട്രക്ക് സീനോണിന് 1.5-2.5 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. വിവിധ ഇരുചക്ര വാഹനങ്ങള്‍ക്ക് ഹീറോ മോട്ടോകോര്‍പ്പ് 12500 രൂപ വരെ കുറച്ചാണ് വില്‍ക്കുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ ഡിസ്‌കൗണ്ട്‌ ടിവിഎസും പ്രഖ്യാപിച്ചിട്ടുണ്ട്. സുസുക്കി സ്‌കൂട്ടറുകള്‍ക്ക് 4000 രൂപയാണ് ഡിസ്‌കൗണ്ട്‌. ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള സാഹചര്യത്തിലാണ് ഇത്ര വലിയ ഓഫര്‍ നിര്‍മാതാക്കള്‍ നല്‍കുന്നത്. 2010 മുതല്‍ രാജ്യത്തെ 41 കമ്പനികള്‍ 13 കോടി ബിഎസ് 3 വാഹനങ്ങളാണ് നിര്‍മിച്ചത്. ഇവയില്‍ 8.24 ലക്ഷം വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയാണ്. ഇതില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഒരു ലക്ഷം ട്രക്കുകളും.

BS 3