രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെതായ സ്ഥാനം വെട്ടിപിടിച്ചവരാണ് റോയല്‍ എന്‍ഫീല്‍ഡ്. എടുത്തു പറയാന്‍ മാത്രം എതിരാളികളും ബുള്ളറ്റുകള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ 400 സിസി ഡോമിനാര്‍ ബജാജ് പുറത്തിറക്കിയതോടെ കളി മാറി. വിപണിയില്‍ മികച്ച മത്സരത്തിന് കളം ഒരുങ്ങി. ഇതിനൊപ്പം ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന ടാഗ് ലൈനോടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കളിയാക്കുന്ന വിധത്തിലുള്ള പരസ്യചിത്രവും ബജാജ് നേരത്തെ പുറത്തിറക്കിയിരുന്നു. ഈ വിമര്‍ശനം സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ബുള്ളറ്റുകളെ കളിയാക്കുന്ന രണ്ടാമത്തെ പരസ്യചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. 

ഡോമിനാര്‍ 400 മോഡലിന്റെ മേന്‍മ എടുത്തുകാണിച്ച് മൂന്ന് ഭാഗങ്ങളായുള്ള പരസ്യമാണ് കമ്പനി പുറത്തിറക്കിയത്. ആനകളോട് ഉപമിച്ച് സ്റ്റാര്‍ട്ട് ആകാത്ത വണ്ടി, ബ്രേക്ക് ലഭിക്കാത്ത വണ്ടി, ചെങ്കുത്തായ വഴികള്‍ കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി എന്നിങ്ങനെയുള്ള സന്ദേശം നല്‍കുന്ന പരസ്യമാണ് ബജാജ് പുറത്തിറക്കിയിരിക്കുന്നത്. ട്രോളുന്നത് ബുള്ളറ്റിനെയാണെന്ന് പറയാതെ പറയാന്‍ ബുള്ളറ്റുകളുടെ തനത് എന്‍ജിന്‍ ശബ്ദവും പരസ്യത്തില്‍ പശ്ചാത്തല സംഗീതമായി നല്‍കിയിട്ടുണ്ട്. റെഡ്, ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് പുതിയ നിറങ്ങളില്‍ 2018 ഡോമിനാര്‍ മോഡലുകള്‍ പുതുതായി അവതരിപ്പിച്ച വേളയിലാണ് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ പുതിയ പരസ്യം കമ്പനി പുറത്തിറക്കിയത്. 

Content Highlights; Bajaj Dominar Add Again Trolled Royal Enfield Bullet Bikes