ലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 നിലവാരം നിര്‍ബന്ധമാക്കിയതോടെ വമ്പന്‍ നഷ്ടമാണ് വാഹന നിര്‍മാതാക്കള്‍ക്കുണ്ടായത്. സുപ്രീംകോടതി വിധി വന്ന ശേഷം കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ച് പരമാവധി സ്റ്റോക്ക് വിറ്റഴിക്കാന്‍ ഡീലര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇരുചക്ര, വാണിജ്യ വാഹന ശ്രേണിയില്‍ ഏകദേശം ആറ് ലക്ഷത്തിലേറ വാഹനങ്ങളാണ് അവസാന രണ്ട് ദിവസം (മാര്‍ച്ച് 30,31) വിറ്റുപോയത്. എന്നാല്‍ 1.41 ലക്ഷം ബിഎസ് 3 വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കാനാകാതെ നിര്‍മാതാക്കളുടെ കൈവശം ബാക്കിയുണ്ടെന്നാണ് SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ച്ചേര്‍സ്) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള മൊത്തം സ്റ്റോക്ക് കണക്കാക്കിയാല്‍ ഏകദേശം 5,633 കോടിയുടെ നഷ്ടമാണ് ബിഎസ് 3 നിരോധനം മൂലമുണ്ടായത്.

ബാക്കി വന്നവയില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ് (78,638 യൂണിറ്റ്‌). 43,826 വാണിജ്യ വാഹനങ്ങളും 18936 മുചക്ര വാഹനങ്ങളും അവശേഷിക്കുന്ന ബിഎസ് 3 ലിസ്റ്റില്‍പ്പെടും. ടാറ്റ, മഹീന്ദ്ര, അശോക് ലെയ്‌ലാന്റ് തുടങ്ങി മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കള്‍ക്ക് മാത്രം എകദേശം 300 കോടി രൂപയുടെ നഷ്ടം നേരിടും. നിലവില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ നിര്‍മാതാക്കള്‍ക്ക് മുന്നിലുള്ളതിനാല്‍ നഷ്ടം വലിയ തോതില്‍ വാഹന മേഖലയെ ബാധിക്കില്ല. ബാക്കി വന്ന ബിഎസ് 3 വാഹനങ്ങള്‍ ഇതേ നിലവാരം അനുവര്‍ത്തിക്കുന്ന വിദേശ രാജ്യങ്ങളിലേക്ക് കമ്പനികള്‍ക്ക് കയറ്റി അയക്കാം. അതുമല്ലെങ്കില്‍ എഞ്ചിന്‍ ബിഎസ് 4 നിലവാരത്തിലേക്ക്  പരിഷ്‌കരിക്കാം, എന്നാല്‍ നിലവാരം ഉയര്‍ത്തല്‍ വലിയ ചിലവ് വരുന്ന കാര്യമായതിനാല്‍ നിര്‍മാതാക്കള്‍ ഇതിന് മുതിരാന്‍ സാധ്യതയില്ല.