തിരുവനന്തപുരം: വാഹനത്തെക്കാള്‍ വലിയ തുക മുടക്കി ഇഷ്ട ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്ന അതിസമ്പന്നരുടെ കഥകള്‍ നിരവധിയുണ്ട്. ഇത്തരത്തിലുള്ള ഒരു ലേലമാണ് തിരുവന്തപുരത്ത് നടന്നത്. തലസ്ഥാനത്തെ പുതിയ വാഹനനമ്പര്‍ ശ്രേണിയിലെ ഒന്നാം നമ്പര്‍, കെ.എല്‍.01 സി.ബി. ഒന്ന് ലേലത്തില്‍പ്പോയത് 19 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരത്തെ മരുന്ന് മൊത്തവിതരണ സ്ഥാപനമായ ദേവി ഫാര്‍മയുടെ ഉടമ കുറവന്‍കോണം മീനാക്ഷി മന്ദിരത്തില്‍ കെ.എസ്. ബാലഗോപാലാണ്  ടൊയോട്ടോ ലാന്‍ഡ്ക്രൂസറിന് ഈ നമ്പര്‍ സ്വന്തമാക്കിയത്. 

സംസ്ഥാനത്തെ ഫാന്‍സി നമ്പര്‍ ലേലചരിത്രത്തിലെ റെക്കോഡ് തുകയാണിത്. സി.ബി. ഒന്നിലെ മറ്റ് 25 ഫാന്‍സി നമ്പറുകളുടെ ലേലത്തിലൂടെ 24,93,500 രൂപ ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാന്‍ കര്‍ശനവ്യവസ്ഥകളോടെയാണ് ഇത്തവണ ലേലം നടന്നത്. നാലുപേരാണ് ഒരു ലക്ഷം രൂപ അടിസ്ഥാനവില അടച്ച് ലേലത്തില്‍ പങ്കെടുത്തത്. സുഭകര്‍ വാസുദേവനും കെ.എസ്. ബാലഗോപാലും തമ്മിലായിരുന്നു പ്രധാനമത്സരം. 10,02,000 രൂപവരെ സുഭകര്‍ ലേലംവിളിച്ചു. 12 ലക്ഷമായി ഉയര്‍ത്തിയ ബാലഗോപാലന് ലേലം ഉറപ്പിക്കാന്‍ ആര്‍.ടി.ഒ. തയ്യാറെടുക്കവേ വീണ്ടും തുക ഉയര്‍ത്താന്‍ ബാലഗോപാല്‍ അനുമതിതേടി. 

നേരത്തേ വാഗ്ദാനം ചെയ്തതിനു പുറമേ ആറുലക്ഷം രൂപ കൂട്ടി 18 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചു. അടിസ്ഥാനവിലയായി ആദ്യമടച്ച ഒരു ലക്ഷം രൂപകൂടി ചേര്‍ക്കുമ്പോള്‍ നമ്പറിന് 19 ലക്ഷം രൂപ വിലയാകും. 
ഒന്നിലധികംതവണ ലേലത്തില്‍ പങ്കെടുക്കുകയും നമ്പര്‍ എടുക്കാതിരിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കുകയെന്ന നിര്‍ദേശത്തോടെയാണ് ലേലം ആരംഭിച്ചത്. അഴിമതി തടയാന്‍ ഒത്തുകളിയുണ്ടെന്ന് ബോധ്യമായാല്‍ ലേലം നിര്‍ത്തിവെയ്ക്കാനുള്ള അനുമതിവരെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.