വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് ചിലര്‍. മറ്റൊരു വാഹനം മറികടക്കാന്‍ ഹോണ്‍മുഴക്കിയാല്‍ കേള്‍ക്കില്ലെന്നു മാത്രമല്ല ചിലപ്പോള്‍ ഇത് അപകടങ്ങള്‍ക്കും ഇടയാക്കാറുണ്ട്. രോഗികളുമായിപ്പോകുന്ന ആംബുലന്‍സുകളെയാണ് ഇങ്ങനെ വാഹനമോടിക്കുന്നവര്‍ ഏറെ വലയ്ക്കാറ്. അത്യാസന്നനിലയിലുള്ള രോഗികളുമായി കുതിക്കുന്ന ആംബുലന്‍സുകളുടെ മുന്നറിയിപ്പ് സൈറണ്‍ വരെ പാട്ടിന്റെ ഉയര്‍ന്ന ഒച്ചകാരണം ഇവര്‍ തിരിച്ചറിയാറില്ല. 

ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സ്വീഡനിലെ ഒരുസംഘം ഗവേഷകര്‍. സ്റ്റോക്ക്ഹോം കെ.ടി.എച്ച്. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ആംബുലന്‍സ് കടന്നുവരുമ്പോള്‍ മറ്റുവാഹനങ്ങളിലെ ഓഡിയോ സംവിധാനങ്ങളെ തടസ്സപ്പെടുത്തി മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ വാഹനവും ആംബുലന്‍സും തമ്മിലുള്ള ദൂരം കണക്കാക്കി മുന്നറിയിപ്പുനല്‍കുന്ന സംവിധാനമാണിത്. 

കഴിഞ്ഞദിവസം സ്റ്റോക്ക്‌ഹോമില്‍ ഈ സാങ്കേതിവിദ്യയുള്ള ആംബുലന്‍സുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണഓട്ടം വിജയകരമായിരുന്നുവെന്ന് ഗവേഷണസംഘം അവകാശപ്പെട്ടു. ആംബുലന്‍സ് കടന്നുപോകുമ്പോള്‍ മറ്റു റോഡുകളിലെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പുകള്‍ ലഭിക്കുമെന്നതാണ് പരീക്ഷണ ഘട്ടത്തില്‍ ഉയര്‍ന്ന വെല്ലുവിളി. ഈ പ്രശ്‌നംകൂടി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷണസംഘമിപ്പോള്‍.