ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കാറുകളിലും ഒന്നോ രണ്ടോ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിലും മാത്രമാണ് നമുക്ക് ഇതുവരെ കണ്ടുപരിചയം. എന്നാല്‍ അമേരിക്കയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അടുത്തിടെ പുറത്തിറക്കാനിരിക്കുന്ന മോഡലുകള്‍ ഈ റൈഡര്‍ കമാന്‍ഡ് സംവിധാനവുമായാണ് നിരത്തിലെത്തിക്കുക.

2017-ല്‍ കമ്പനി മുഖം മിനുക്കി അവതരിപ്പിക്കുന്ന ക്രൂസര്‍ ബൈക്കുകളായ റോഡ് മാസ്റ്റര്‍, ചീഫ്ടെയ്ന്‍ മോഡലുകളിലാണ്  ആദ്യ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കമ്പനി അവതരിപ്പിക്കുന്നത്. ജി.പി.എസ്, ബ്ലുടൂത്ത് സൗകര്യത്തിനൊപ്പം വാഹനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലൂടെ റൈഡര്‍ക്ക് ദ്യശ്യമാകും. 

7 ഇഞ്ച് ഹൈ റെസലൂഷന്‍ ടച്ച് സ്‌ക്രീന്‍ യൂണിറ്റോടെയാണ് ബൈക്കിന്റെ ഫ്രണ്ട് ഡാഷ്‌ബോഡിനു സമാനമായി എളുപ്പത്തില്‍ റൈഡര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഇന്റഫോടെയിന്‍മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുക. ജിപിഎസ് സംവിധാനത്തിലൂടെ കൃത്യമായ ഓരോ പോയന്റുകളിലും വഴികാട്ടാനും ദിശ മനസിലാക്കാനും സൗകര്യപ്രദമാണിത്. സൂപ്പര്‍ ബൈക്കുകളായതിനാല്‍ റൈഡിംഗ് ഗ്ലൗ ഉപയോഗിച്ചും ടച്ച് സ്‌ക്രീന്‍ നിയന്ത്രിക്കാവുന്നതാണ്. 

infotainment system

ബ്ലുടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്യാനും സാധിക്കും. ഇതു വഴി ഇന്‍കമിംങ്  കോള്‍/മെസെജ് നോട്ടിഫിക്കേഷനും സ്‌ക്രീനില്‍ ദൃശ്യമാകും. ടച്ച് സ്‌ക്രീനിനൊപ്പം തൊട്ടുതാഴെയായി നോര്‍മല്‍ യൂസിനായി പവര്‍ ബട്ടണടക്കം അഞ്ചു ബട്ടണുകളും നല്‍കിയിട്ടുണ്ട്. ഫ്യുവല്‍ ലെവല്‍, ഡിജിറ്റല്‍ ക്ലോക്ക് എന്നിവയും കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

റൈഡ് കമാന്‍ഡ് സിസ്റ്റത്തിനൊപ്പം ചീഫ്ടെയ്ന്‍ ബൈക്കില്‍ 100 Watt പ്രീമിയം ഓഡിയോ സംവിധാനവും റോഡ് മാസ്റ്റര്‍ മോഡലില്‍ 200 watt ഓഡിയോ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സി.ബി.യു ഇറക്കുമതി വഴി ചീഫ്ടെയ്‌നും റോഡ് മാസ്റ്ററും ഇന്ത്യന്‍ വിപണിയിലും ശക്തമായ സാന്നിധ്യമാണ്. യഥാക്രമം 34.82 ലക്ഷം, 37.95 ലക്ഷവുമാണ് വിപണി വില. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും  ഉള്‍പ്പെടുത്തുന്നതോടെ വില ഉയരാനും സാധ്യതയുണ്ട്.