ന്ത്യന്‍ കാറുകളില്‍ അത്രയധികം പ്രചാരത്തിലെത്തിയില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആഡ്രോയിഡ് ഓട്ടോ ഫാസ്റ്റ് എന്നിവ ഡ്രൈവര്‍മാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞു. ആഡംബര ശ്രേണിയില്‍പ്പെട്ട വാഹനങ്ങളെല്ലാം ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍പ്ലേ സൗകര്യം വാഗ്ദാനം ചെയ്യുമ്പോള്‍ ബാക്കിയുള്ളവര്‍ ആഡ്രോയ്ഡ് ഓട്ടോ ഫാസ്റ്റ് സൗകര്യം അകത്തളത്തില്‍ ഒരുക്കും. ഡ്രൈവറുടെ കൈവശമുള്ള ഫോണ്‍ തന്നെ വാഹനത്തിന്റെ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാക്കി മാറ്റി ഉപയോഗിക്കാവുന്ന ഈ സംവിധാനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് ഇനി കടക്കുന്നത്. 

ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റത്തില്‍നിന്ന് കേബില്‍ വഴി ഫോണുമായി ബന്ധിപ്പിക്കുന്ന ആപ്പിള്‍ കാര്‍പ്ലേ സംവിധാനത്തോട് വിടപറഞ്ഞ് എല്ലാം വയര്‍ലെസ് മാര്‍ഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ഇലക്ട്രോണിക്‌ നിര്‍മാതാക്കളായ ഹര്‍മാന്‍. ഇതിനുള്ള ശ്രമങ്ങള്‍ ഹര്‍മാന്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി, ഒടുവില്‍ ലോകത്തെ ആദ്യ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ സംവിധാനം ബിഎംഡബ്യു 5 സീരീസില്‍ യാഥാര്‍ഥ്യമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനി. കേബില്‍ വഴി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലേക്ക് ഫോണ്‍ കണക്ട്റ്റ് ചെയ്യുമ്പോള്‍ നേരിട്ട ദൂരപരിധി ബുദ്ധിമുട്ടുകളെല്ലാം ഇനി പഴങ്കഥയാകും. 

apple carplay

ബിഎംഡബ്യു 5 സീരീസില്‍ കേബിള്‍ ആവശ്യമില്ലാതെ വൈഫൈ-ബ്ലൂടൂത്ത് കണക്ടിവിറ്റിയില്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവുമായി ഫോണ്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം. കഴിഞ്ഞ ഡിട്രോയിറ്റ് ഓട്ടോ എക്സ്പോയില്‍ ആദ്യമായി അവതരിപ്പിച്ച ന്യൂജെന്‍ 5 സീരീസിലാകും ഈ വയര്‍ലെസ് സൗകര്യം ഉള്‍ക്കൊള്ളിക്കുക. 2014 മുതലാണ് ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളില്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇന്‍കമിങ് കോള്‍, ഔട്ട് ഗോയിങ് കോള്‍, മ്യൂസിക് പ്ലേബാക്ക്, നാവിഗേഷന്‍, മറ്റു ഐ ഫോണ്‍ ഫീച്ചേര്‍സ് എന്നിവ ഇതുവഴി ബന്ധിപ്പിക്കാം.