ടെസ്‌ലയുടെ ഇലക്ട്രിക് വിപ്ലവം സെഡാനിലോ ക്രോസ് ഓവറുകളിലോ ഒതുങ്ങുന്നില്ല. വമ്പന്‍ ഇലക്ട്രിക് ട്രക്ക് തന്നെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ടെസ്‌ലയുടെ ഏറ്റവും വലിയതും വിലയേറിയതുമായ ഇലക്ട്രിക് വാഹനം ഉടന്‍ അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ പുറത്തിറക്കുമെന്നാണ് ടെസ്‌ല തലവന്‍ എലന്‍ മസ്‌ക് ട്വീറ്റ് ചെയ്തിട്ടുള്ളത്. കണ്ടയ്നറുകള്‍ അടക്കമുള്ളവ വലിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സെമി ട്രക്ക് ഒക്ടോബര്‍ 26-ന് പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ബീസ്റ്റ് എന്നാണ് എലന്‍ മസ്‌ക് വാഹനത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 

വിപണിയിലുള്ള മറ്റേത് ട്രക്കിനെക്കാളും കരുത്ത് ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്കിനുണ്ടാകുമെന്നും ഏത് കയറ്റവും ട്രക്ക് ഭാരം വഹിച്ച് അനായാസം കയറുമെന്നും മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്.

ടെസ്‌ലയുടെ വമ്പന്‍ ട്രക്കിനെപ്പറ്റി മസ്‌ക് ഒരുവര്‍ഷം മുമ്പുതന്നെ പറഞ്ഞുതുടങ്ങിയതാണ്. എന്നാല്‍ ട്രക്കിന് എത്രത്തോളം ഭാരം വഹിക്കാനുകുമെന്നോ ഒരു തവണ ചാര്‍ജുചെയ്താല്‍ എത്രദൂരം സഞ്ചരിക്കാനാകുമെന്നോ ഒരു സൂചനയും അദ്ദേഹം നല്‍കിയിട്ടില്ല. ക്ലാസ് എട്ട് വിഭാഗത്തില്‍പ്പെടുന്ന ട്രക്കുകള്‍ 80,000 പൗണ്ട് (36 ടണ്‍) വരെ ഭാരം വലിച്ചുകൊണ്ടുപോകാനുള്ള കഴിവുള്ളവയാണ്. സാധാരണ രണ്ട് ഇന്ധന ടാങ്കുകളുള്ള ഇവയ്ക്ക് 800 കിലോമീറ്ററിലേറെ ദൂരം ഒരു തവണ ഇന്ധനം നിറച്ച് സഞ്ചരിക്കാനാവും. ഒറ്റതവണ ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ (500 കിലോമീറ്ററോളം) ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് ട്രക്കാണ് ടെസ്‌ല ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ടെസ്‌ല പ്രതികരിച്ചിട്ടില്ല. 

അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് ട്രക്കിന് ഡ്രൈവറില്ലാതെ ഓടാനുള്ള കഴിവുകളും ഉണ്ടാകുമെന്നാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വിപണിയിലുള്ള മറ്റേത് ട്രക്കിനെക്കാളും കരുത്ത് ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്കിനുണ്ടാകുമെന്നും ഏത് കയറ്റവും ട്രക്ക് ഭാരം വഹിച്ച് അനായാസം കയറുമെന്നും മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ട്സ് കാര്‍ പോലെ ഓടിച്ച് പോകാന്‍ കഴിയുന്നതാവും വമ്പന്‍ ട്രക്കെന്നാണ് മസ്‌കിന്റെ മറ്റൊരു വാഗ്ദാനം. ടെസ്‌ല ഇലക്ട്രിക് കാറുകളുടെ രൂപകല്‍പ്പനാ ശൈലി ട്രക്കും പിന്തുടര്‍ന്നിട്ടുണ്ടെന്നാണ് ടെസ്‌ല പുറത്തുവിട്ടിട്ടുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനപ്രേമികളെ അമ്പരപ്പിച്ച് അടുത്തിടെ വിപണിയിലെത്തിയ മോഡല്‍ 3 ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെസ്‌ല. 

Tesla Electric Truck

മോഡല്‍ 3 അടിസ്ഥാനമാക്കിയുള്ള ക്രോസ് ഓവര്‍ വാഹനവും അവര്‍ വികസിപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം ഈ വാഹനം വിപണിയിലെത്തിക്കാനാണ് നീക്കം. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മാണശാല നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ടെസ്‌ല നടത്തുന്നുണ്ട്. ഇതിനിടെയാണ് വമ്പന്‍ ഇലക്ട്രിക് ട്രക്ക് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ട്രക്ക് നിര്‍മ്മാണ രംഗത്തെ വമ്പന്‍ കമ്പനികള്‍ക്ക് ടെസ്‌ലയുടെ പ്രഖ്യാപനം കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 140 കിലോവാട്ട് ബാറ്ററി ഘടിപ്പിച്ച വമ്പന്‍ ഇലക്ട്രിക് ട്രക്ക് ട്രക്ക് നിര്‍മ്മാതാക്കളായ കമിന്‍സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഡീസല്‍, പ്രകൃതി വാഹന ട്രക്ക് നിര്‍മ്മാണ രംഗത്തെ പ്രമുഖരാണ് കമിന്‍സ്. 

ക്ലാസ് എട്ട് വിഭാഗത്തില്‍പ്പെട്ട ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ ട്രക്കുകളുടെ പ്രോടോടൈപ്പുകളുടെ പരീക്ഷണ ഓട്ടം ടൊയോട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. ഭാരം വഹിച്ചുകൊണ്ടാണ് ലോസ് ആഞ്ജലീസില്‍ ടൊയോട്ട ഫ്യുവല്‍സെല്‍ ട്രക്കുകളുടെ പരീക്ഷണ ഓട്ടം. ട്രക്ക് വാണിജ്യാടിസ്ഥാനത്തില്‍ എന്ന് വിപണിയിലെത്തിക്കുമെന്ന് ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് ട്രക്കുകള്‍ വിപണിയിലെത്തിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചുവരികയാണെന്ന് ട്രക്ക് നിര്‍മ്മാതാക്കളായ നാവിസ്റ്റാറും വ്യക്തമാക്കിയിട്ടുണ്ട്. 

ഫ്യുവല്‍ സെല്‍ ട്രക്കുകളെക്കാള്‍ ബാറ്ററിയില്‍ ഓടുന്ന ട്രക്കുകളാണ് പരിഗണനയിലുള്ളതെന്നാണ് നാവിസ്റ്റാര്‍ വ്യക്തമാക്കിയിട്ടുള്ളത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെയും ചൈനയുടെയും മലിനീകരണ നിയന്ത്രണ നീക്കങ്ങളാണ് വാഹന നിര്‍മ്മാതാക്കളെ ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പനയിലേക്ക് നയിക്കുന്നത്. നിലവില്‍ വിപണിയിലുള്ള വമ്പന്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് ട്രക്ക് സ്വപ്നങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് മസ്‌ക അഭിപ്രായപ്പെട്ടിരുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: Reuters, forbse
ഫോട്ടോ - @Jalopnik