അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വാഹന വിപണിയിയായ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ സഹകരണം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഫോക്‌സ്‌വാഗണ്‍.

ന്ത്യയിലെ ടാറ്റാ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ഡിവിഷന്‍ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ടാറ്റ കാറുകള്‍ ഫോര്‍ഡ് ലോഗോയുമായി നിരത്തിലിറങ്ങുമെന്നും കിംവദന്തി പരന്നു. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ലോകത്തെ ന്നൊംനിര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണുമായി ടാറ്റാ മോട്ടോഴ്സ കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഫോക്സ്വാഗണിന്റെ ബ്രാണ്ടായ സ്‌കോഡയും ഇന്ത്യയിലെ ടാറ്റയും കൈകോര്‍ത്ത് വികസിപ്പിക്കുന്ന വാഹനങ്ങള്‍ 2019 ഓടെ വിപണിയിലിറങ്ങും. 

tata Motors

ഇന്ത്യന്‍ വിപണിയും വിദേശ രാജ്യങ്ങളും ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് ഇരുനിര്‍മ്മാതാക്കളുടെയും സാങ്കേതിക സഹകരണം പിന്‍ബലം നല്‍കുമെന്നാണ് സൂചന. വാഹനങ്ങളും വാഹന ഘടകങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള കരാറിലാണ് ഫോക്‌സ്‌വാഗണും ടാറ്റയും കഴിഞ്ഞദിവസം ഏര്‍പ്പെട്ടത്. ടാറ്റാ മോട്ടോഴ്സിനും ഫോക്‌സ്‌വാഗണിന്റെ നിയന്ത്രണത്തിലുള്ള സ്‌കോഡയ്ക്കുമാവും സഹകരണത്തിന്റെ പ്രയോജനം ലഭിക്കുക. എന്‍ജിന്‍ വികസനം, ഇലക്ട്രിക്കല്‍ സിസ്റ്റം മെച്ചപ്പെടുത്തല്‍ എന്നീ മേഖലയില്‍ നേട്ടമുണ്ടാക്കാനാണ് കരാറിലൂടെ ടാറ്റാ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. 

volkswagon

ഇന്ത്യന്‍ വാഹന വിപണിയില്‍ സുസുക്കിയുടെ കടുത്ത മത്സരം നേരിടുന്ന ഫോക്‌സ്‌വാഗണ്‍ ടാറ്റയുമായുള്ള സഹകരണം പ്രതീക്ഷയോടെയാണ് കാണുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വാഹന വിപണിയിയായ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ സഹകരണം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഫോക്സ്വാഗണ്‍. 2013-ല്‍ തന്നെ ഇരു നിര്‍മ്മാതാക്കളും സഹകരിച്ച് വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതാണ്. ജനീവ മോട്ടോര്‍ഷോയില്‍ ടാറ്റ പിക്സല്‍ കോണ്‍സപ്റ്റ് കാര്‍ അവതരിപ്പിച്ച വേളയിലും ഫോക്സ്വാഗണ്‍ അപ്പ് എന്ന ചെറുകാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയപ്പൊഴും ടാറ്റയും ഫോക്‌സ്‌വാഗണും സഹകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 

പോളോ, വെന്റോ എന്നിവയില്‍ കേന്ദ്രീകരിച്ച വാഹനങ്ങളില്‍ മാത്രം ഫോക്സ്വാഗണ്‍ ഒതുങ്ങിനിന്നും. സുസുക്കി മോട്ടോര്‍ കോര്‍പ്പുമായി സഹകരിച്ച് വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍ 2015 ല്‍ ശ്രമിച്ചുവെങ്കിലും ശക്തമായ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് ഇരുകമ്പനികളും അകന്നു. ടാറ്റ അടുത്തിടെ അവതരിപ്പിച്ച പെര്‍ഫോമന്‍സ് കാര്‍ സബ് ബ്രാണ്ടായ ടാമോയ്ക്കും ഫോക്സ് വാഗണുമൊത്തുള്ള സഹകരണത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

tata tamo

ടാമോ ബ്രാണ്ടിലുള്ള റേസ്മോ സ്പോര്‍ട്സ് കാര്‍ ജനീവ മോട്ടോര്‍ഷോയില്‍ ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ചിരുന്നു. സ്‌കോഡ കാറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച വില്‍പ്പനാനന്തര സേവനം ലഭ്യമാകുന്നതിനും ടാറ്റാ മോട്ടോഴ്സുമായുള്ള സഹകരണം പ്രയോജനപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. ടാറ്റ കാറുകളില്‍ മികച്ച സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും ഭാവിയില്‍ ഉണ്ടായേക്കും. ഭാവിയില്‍ മികച്ച ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും ഫോക്സ്വാഗണുമൊത്തുള്ള സഹകരണം പിന്‍ബലമേകുമെന്ന് വിലയിരുത്തപ്പെടുന്നു.