ന്ത്യന്‍ നിരത്തില്‍ ഏപ്രില്‍ ഒന്നിന് ശേഷം മലിനീകണ നിയന്ത്രണ മാനദണ്ഡത്തില്‍ ഭാരത് സ്‌റ്റേജ് 4 നിലവാരം കൈവരിച്ച വാഹനങ്ങള്‍ മതിയെന്ന അന്തിമ തീരുമാനം സുപ്രീം കോടതി കൈകൊണ്ടതോടെ ഇനി അന്തരീക്ഷ മലിനീകരണം വന്‍ തോതില്‍ കുറയും. ബിഎസ് 3 വാഹനങ്ങളെക്കാള്‍ 80 ശതമാനത്തോളം കുറവ് മലിനീകരണം മാത്രമേ ബിഎസ് 4 വാഹനങ്ങള്‍ വഴിയുണ്ടാകു. ഏപ്രില്‍ ഒന്ന് മുതല്‍ പുതുതായി പുറത്തിറങ്ങുന്ന മുഴുവന്‍ വാഹനങ്ങളും ഇനി ഭാരത് സ്റ്റേജ് 4 നിലവാരം കൈവരിച്ചവയാകും.

ബിഎസ് 3 നിരോധനം 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനമായതിനാല്‍ രാജ്യത്തെ വിവിധ വാഹന നിര്‍മാതാക്കള്‍ നേരത്തെ പൂര്‍ണമായും ബിഎസ് 4 വാഹനങ്ങളിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ 2010 മുതല്‍ രാജ്യത്തെ 41 കമ്പനികള്‍ 13 കോടിയിലേറെ ബി.എസ് 3 വാഹനങ്ങള്‍ നിര്‍മിച്ചവയില്‍ 8.24 ലക്ഷം വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയുണ്ട്. ഇതോടെ 12,000 കോടിയുടെ ബാധ്യതയാണ് വാഹന ഡീലര്‍മാര്‍ക്കുണ്ടായത്. 

ഓരോ തവണയും വാഹനങ്ങളുടെ എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ ഇന്ധനത്തിന്റെ ഗുണനിലവാരവും വര്‍ധിക്കേണ്ടതുണ്ട്. ഏകദേശം ഇരുപതിനായിരം കോടിയോളം ചെലവഴിച്ചാണ് ബിഎസ് 4 നിലവാരമുള്ള ഇന്ധനങ്ങള്‍ കേന്ദ്ര കേന്ദ്ര സര്‍ക്കാറും എണ്ണക്കമ്പനികളും ലഭ്യമാക്കിയത്. 2020-ഓടെ ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കാനുള്ള അണിയറ നീക്കങ്ങള്‍ കേന്ദ്രത്തില്‍ നടത്തുന്നുണ്ട്. 35000 കോടിയോളം രൂപ ഈ നിലവാരത്തിലുള്ള ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരും.

Pollution

ഇതോടെ മലിനീകരണം വന്‍തോതില്‍ പിടിച്ചുനിര്‍ത്താനുമാകും. യൂറോപ്യന്‍ രാജ്യങ്ങളിലെതിന് സമാനമായി മലിനീകരണ മാനദണ്ഡം 'യൂറോ നിലവാരം' 2000 മുതലാണ് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നത്. ബിഎസ് രണ്ട് 2005-ലും ബിഎസ് മൂന്ന്  2010-ലുമാണ് നടപ്പാക്കിയത്. അടുത്ത ഘട്ടത്തില്‍ ബിഎസ് 5 നിലവാരത്തില്‍ തൊടാതെ ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് എത്തിപ്പിടിക്കാനാണ് നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആലോചനകള്‍. എന്നാല്‍ വന്‍ മുടക്കുമുതല്‍ ആവശ്യമായതിനാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. 

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയിലാണുള്ളത്. 2010-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 6,20,000 ആളുകള്‍ ശ്വാസകോശ സംബന്ധ രോഗങ്ങളാലും ഹൃദയരോഗങ്ങളാലും മരണപ്പെടുന്നു. ഈ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം മരണത്തിനു കാരണമാകുന്നത് വായു മലിനീകരണമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറങ്ങുന്ന കാറുകളെ അപേക്ഷിച്ച് നാലര മടങ്ങ് അധികം ഇന്ത്യന്‍ കാറുകള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നുണ്ട്.

വാഹനങ്ങല്‍ പുറന്തള്ളുന്ന പുക വഴി ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബിഎസ് നാലിനു പിന്നാലെ വളരെ പെട്ടന്ന് ബിഎസ് 6 നിലവാരം കൈവരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബിഎസ് 4 വാഹനങ്ങള്‍ പൂര്‍ണമായും നിരത്ത് കൈയടക്കുന്നതോടെ ഈ മലിനീകരണ തോത് വലിയ തോതില്‍ കുറയും. ഇതിനൊപ്പം വാഹനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ക്രാഷ് ടെസ്റ്റ്, ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) എന്നിവ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധമാക്കാനും കേന്ദ്ര ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്‌. 

Air Pollution