ഭാവിയിലെ തീവണ്ടി യാത്രക്കാരെ രണ്ടുതരക്കാരായി തിരിച്ചാണ് പ്രതുഷ് തന്റെ പുതിയ റയില്‍വേ സംവിധാനം രൂപകല്പന ചെയ്തത്. രണ്ട് നിലകളുള്ള തീവണ്ടിയില്‍ നിലകളുടെ മധ്യഭാഗത്തുകൂടിയാണ് പാളങ്ങള്‍

ഡിസൈനര്‍ പ്രത്യുഷ് ദേവദാസ് രൂപകല്പന ചെയ്യുന്നത് നാളെയുടെ വാഹനങ്ങളാണ്. കാറുകള്‍ മുതല്‍ തീവണ്ടികള്‍വരെ. അന്താരാഷ്ട്ര വാഹന രൂപകല്പനാ മത്സരങ്ങളില്‍ അംഗീകാരങ്ങളും വാഗ്ദാനങ്ങളും തേടിയെത്തുകയാണ് ഈ കൊല്ലം സ്വദേശിയെ. ടി.കെ.എം. കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡിസൈനില്‍നിന്ന് (എന്‍.ഐ.ഡി.) ബിരുദാനന്തര ബിരുദം നേടി. ഇവിടെ പഠിക്കുമ്പോഴാണ് വാഹനങ്ങളുടെ രൂപകല്പനയില്‍ കഴിവ് തെളിയിച്ചുതുടങ്ങിയത്.

ഡല്‍ഹി അന്താരാഷ്ട്ര മോട്ടോര്‍ ഷോയില്‍ ഭാവിയിലേക്കുള്ള ഹരിത ഗതാഗതം (ഗ്രീന്‍ മൊബിലിറ്റി ഫോര്‍ ദി ഫ്യൂച്ചര്‍) മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയായിരുന്നു തുടക്കം. സ്‌പെയിനില്‍ പഠനത്തിന്റെ ഭാഗമായുള്ള അവസാന പ്രോജക്ട് ചെയ്യുമ്പോള്‍ അവിടെ വുഹാനില്‍ നടന്ന വാഹന രൂപകല്പനാ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടി. ലോകമെമ്പാടുമുള്ള ഡിസൈനര്‍മാര്‍ പങ്കെടുത്ത മത്സരത്തിലാണ് പ്രത്യുഷ് രണ്ടാമനായത്. പ്രത്യുഷിന് സ്‌പെയിനില്‍ ഡിസൈനറായി ജോലിയും ലഭിച്ചു. 

2016 നവംബറില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ സൊസൈറ്റി ഓഫ് റയില്‍വേ വെഹിക്കിള്‍ (ആര്‍.വി.ഐ.ഡി. സൊസൈറ്റി) ചിന്റാവോയില്‍ നടത്തിയ അന്താരാഷ്ട്ര തീവണ്ടി രൂപകല്പനാ മത്സരത്തില്‍ പ്രത്യുഷിന്റെ ദ ട്വിന്‍ മെട്രോ സ്വര്‍ണം നേടി. തീവണ്ടിയിലേക്ക് കൂടുതല്‍ യാത്രക്കാരെ എങ്ങനെ ആകര്‍ഷിക്കാമെന്നതായിരുന്നു രൂപകല്പനയുടെ ലക്ഷ്യം. പ്രത്യുഷിന്റെ രൂപകല്പനയ്ക്ക് പകരംവയ്ക്കാന്‍ മറ്റൊന്നുണ്ടായിരുന്നില്ല.

Prathysh
അന്താരാഷ്ട്ര തീവണ്ടി അവാര്‍ഡുമായി
പ്രത്യുഷും ഭാര്യ സന്‍ജുക്തയും
കൊല്ലത്തെ വീട്ടില്‍

യാത്രചെയ്യുന്നവരുടെ പ്രത്യേകിച്ച് ഓഫീസുകളിലും മറ്റും ദിവസേന പോയിവരുന്നവരുടെ (കമ്മ്യൂട്ടേഴ്സ്) ആവശ്യങ്ങള്‍ മാറിവന്നുകൊണ്ടിരിക്കുകയാണ്. മുമ്പ് തീവണ്ടികളില്‍ യാത്രചെയ്യേണ്ടവര്‍ ബസുകളിലും മറ്റുമാണ് തീവണ്ടി സ്റ്റേഷനില്‍ എത്തിവന്നിരുന്നത്. ഇന്ന് കൂടുതല്‍പേരും കാറുകളിലും ബൈക്കുകളിലും എത്തിത്തുടങ്ങിയതോടെ പാര്‍ക്കിങ്ങിനുള്ള സൗകര്യങ്ങള്‍ മതിയാവാതെവന്നു. വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തശേഷം സമയത്ത് തീവണ്ടിയാപ്പീസില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണിന്ന്.

പ്രതിസന്ധി കൂടുതലായ ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്ത വാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിക്കഴിഞ്ഞു. യാത്രയിലുടനീളം കൂടെകൊണ്ടുനടക്കാവുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിസൈക്കിളുകള്‍ ഇന്ന് യൂറോപ്പിലും ചൈനയിലുമൊക്കെ സാധാരണയായിക്കഴിഞ്ഞു. ഉപയോഗശേഷം പെട്ടിയ്ക്കുള്ളിലാക്കാവുന്നവയും ഇറങ്ങിക്കഴിഞ്ഞു.

train

ഭാവിയിലെ തീവണ്ടി യാത്രക്കാരെ രണ്ടുതരക്കാരായി തിരിച്ചാണ് പ്രതുഷ് തന്റെ പുതിയ റയില്‍വേ സംവിധാനം രൂപകല്പന ചെയ്തത്. രണ്ട് നിലകളുള്ള തീവണ്ടിയില്‍ നിലകളുടെ മധ്യഭാഗത്തുകൂടിയാണ് പാളങ്ങള്‍. കാറുകളിലും ബസുകളിലും യാത്രചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന നിലയിലും സൈക്കിളുകളിലും വൈദ്യുതി ചക്രങ്ങളിലും എത്തുന്നവര്‍ക്ക് തീവണ്ടിയിലേക്ക് ഓടിച്ചുകയറ്റാവുന്നവിധത്തില്‍ താഴത്തെ നിലയിലും. 

ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് തീവണ്ടിയിലേക്ക് വാഹനം ഓടിച്ചുകയറ്റാനും വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുമെല്ലാമുള്ള സൗകര്യങ്ങളുണ്ട്. തീവണ്ടിയാപ്പീസിലെത്തുന്ന യാത്രക്കാരുടെ പാദസ്പര്‍ശംപോലും വൈദ്യുതിയാക്കിമാറ്റുന്ന സംവിധാനങ്ങളടക്കം പരമാവധി ഊര്‍ജ സംരക്ഷണത്തിനും ഉത്പാദനത്തിനും രൂപകല്പനയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ബസ് നിര്‍മ്മാണ കമ്പനിയായ ചൈനയിലെ യുടോങ്ങില്‍ സ്‌റ്റൈലിസ്റ്റ് ഡിസൈനറാണ് പ്രത്യുഷ്.

Train

പേരൂര്‍ രശ്മിഭവനില്‍ ദേവദാസിന്റെയും ഷൈലജയുടെയും മകനാണ്. പേരൂര്‍ മീനാക്ഷിവിലാസം സ്‌കൂളിലും കൊല്ലം എസ്.എന്‍. കോളേജിലുമായിരുന്നു സ്‌കൂള്‍, പ്രീഡിഗ്രി വിദ്യാഭ്യാസം. രണ്ട് സഹോദരന്മാരുണ്ട്. പ്രവീണ്‍ കൊച്ചി ടി.വി.എസില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറും പ്രഫുല്‍ദാസ് കോഗ്‌നിസന്റില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറും. അഹമ്മദാബാദില്‍ സഹപാഠിയായിരുന്ന കൊല്‍ക്കൊത്ത സ്വദേശി സന്‍ജുക്ത ദാസ് ആണ് ഭാര്യ. സന്‍ജുക്ത ചൈനയില്‍ ലൈഫ്സ്‌റ്റൈല്‍ അക്സസറീസ് ഡിസൈനറാണ്.