i10 നിര്‍മാണം കമ്പനി അവസാനിപ്പിച്ചതോടെ ഹ്യുണ്ടായി ശ്രേണിയില്‍ ഇയോണിനും ഗ്രാന്റ് i10-നും ഇടയിലായാണ് പുതിയ സാന്‍ട്രോ നിരത്തിലെത്തുക

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ ഗണത്തിലേക്ക് ഹ്യുണ്ടായിയെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായകമായ പങ്കുണ്ട് ഹാച്ച്ബാക്ക് മോഡല്‍ സാന്‍ട്രോയ്ക്ക്. വില്‍പ്പനയില്‍ മാരുതിക്ക് തൊട്ടുപിന്നില്‍ കൊറിയന്‍ നിര്‍മാതാക്കള്‍ക്ക് സ്ഥാനം ലഭിക്കാന്‍ മികച്ച അടിത്തറ പാകിയ സാന്‍ട്രോയെ തിരിച്ചെത്തിക്കാനുള്ള പണിപ്പുരയിലായിരുന്നു കുറച്ചു നാളായി ഹ്യുണ്ടായി. 16 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2014-ല്‍ വിട പറഞ്ഞ സാന്‍ട്രോ പുത്തന്‍ രൂപത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യ സി.ഇ.ഒ വൈ.കെ കൂ തന്നെയാണ് ഇപ്പോള്‍ സൂചന നല്‍കിയത്.

നിര്‍മാണം അവസാനിപ്പിച്ച ജനപ്രിയ മോഡല്‍ i10-ന് പകരക്കാരനായാകും പുത്തന്‍ സാന്‍ട്രോ കളത്തിലെത്തുക. 1998-ല്‍ ടോള്‍ ബോയ് ഡിസൈനില്‍ ഇന്ത്യയിലെത്തിയ സാന്‍ട്രോ വളരെ പെട്ടെന്നാണ് മാരുതി സുസുക്കിക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യക്കാരുടെ പ്രിയം പിടിച്ചുപറ്റിയത്. മൂന്ന് വര്‍ഷം മുന്‍പ് നിര്‍മാണം അവസാനിപ്പിക്കുമ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെത്. നിരത്തൊഴിയുന്ന വേളയിലും മാസം 2000 യൂണിറ്റ് എന്നതായിരുന്നു ഒരു മാസത്തെ വില്‍പ്പന.

Hyundai Santro

ടോള്‍ ബോയ് ഡിസൈന്‍ വിട്ട് ഹ്യുണ്ടായി ഫ്ളുയിഡിക് 2.0 പാറ്റേണിലാകും 2018 സാന്‍ട്രോ എത്തുക. 2014-ന് ശേഷം സാന്‍ട്രോയുടെ സ്ഥാനത്ത് പിന്നീട് ഇയോണും, i10, ഗ്രാന്റ് i 10 മോഡലുകള്‍ തകര്‍ത്താടിയെങ്കിലും സാന്‍ട്രോയുടെ പേര് മായാതെ നിലനിന്നിരുന്നു. i10 നിര്‍മാണം കമ്പനി അവസാനിപ്പിച്ചതോടെ ഹ്യുണ്ടായി ശ്രേണിയില്‍ ഇയോണിനും ഗ്രാന്റ് i10-നും ഇടയിലായാണ് പുതിയ സാന്‍ട്രോ നിരത്തിലെത്തുക. രൂപകല്പനയിലും സവിശേഷതകളിലും പ്രീമിയം വിപണിക്കൊത്തതാകും പുതിയ ഹാച്ച്ബാക്ക്. എന്നാല്‍ തനത് ഹ്യുണ്ടായി സ്‌റ്റൈലില്‍ നിന്ന് അധികം മാറ്റം വരാന്‍ സാധ്യതയില്ല.

പെട്രോള്‍ പതിപ്പില്‍ മാത്രം പുതിയ സാന്‍ട്രോ പുറത്തിറക്കാനാണ് കമ്പനി പദ്ധതി, എഞ്ചിന്‍ കരുത്ത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും 1.0 ലിറ്റര്‍/1.1 ലിറ്റര്‍ എഞ്ചിനില്‍ പുത്തന്‍ സാന്‍ട്രോ നിരത്തിലെത്താനാണ് സാധ്യത. റെനോ ക്വിഡ്, റെഡി ഗോ മോഡലുകള്‍ക്ക് മികച്ച എതിരാളിയാകും 2018 സാന്‍ട്രോ. വിലയും അധികം ഉയരാന്‍ സാധ്യതയില്ല, എകദേശം 4-6 ലക്ഷത്തിനുള്ളിലാകും വിപണി വില. വാഹനത്തിന്റെ മറ്റ് ഫീച്ചേര്‍സുകള്‍ അധികം വൈകാതെ കമ്പനി പുറത്തുവിടും.