ന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മെഴ്സിഡീസ് ബെന്‍സ് കാറാണ് ഇ-ക്ലാസ്. ഒരുപക്ഷേ, ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആഡംബര കാറും ഇതുതന്നെയാകും. ആഡംബരത്തിന് കുറേക്കൂടി വിശാലത നല്‍കിക്കൊണ്ട് പുതിയ ഇ-ക്ലാസ് അവതരിപ്പിച്ചിരിക്കുകയാണ് മെഴ്സിഡസ് ബെന്‍സ്. 

മുന്‍വശത്തെ ഗ്രില്ലിലും ലാമ്പുകളിലും ഒതുങ്ങുന്നതല്ല ഇത്തവണ പരിഷ്‌കാരം. കാറിന്റെ വലിപ്പം തന്നെ കൂടിയിട്ടുണ്ട്. വീല്‍ബേസിനും അതുവഴി കാറിനും നീളം കൂട്ടിയിരിക്കുകയാണ്. 14 സെന്റീമീറ്റര്‍ നീളക്കൂടുതലാണ് പിന്‍വശത്തിന് നല്‍കിയിട്ടുള്ളത്. ഇതിന്റെ പ്രയോജനം 13.4 സെന്റീമീറ്റര്‍ അധികം പിന്‍സീറ്റില്‍ ലഭ്യമാക്കി. ആറടി പൊക്കമുള്ളവര്‍ക്കും പിന്‍നിരയില്‍ കാല്‍ നീട്ടിയിരിക്കാം. 

എന്തുകൊണ്ടും 'ഷോഫേഴ്സ് കാര്‍' ആയി മാറിയിരിക്കുകയാണ് പുതിയ ഇ-ക്ലാസ്. അതായത്, പിന്നില്‍ ഇടതുവശത്തായി വിശാലമായിരുന്നു യാത്ര ചെയ്യാനാണ് സുഖം. പിന്‍സീറ്റ് ചെരിക്കാനും ക്രമീകരിക്കാനും ഇടതുഭാഗത്തെ 'ഷോഫര്‍ പാക്കേജ്' വഴി സാധിക്കും. ഹെഡ് റെസ്റ്റും ആം റെസ്റ്റും കൂടിയാകുമ്പോള്‍ പിന്‍സീറ്റ് രാജകീയം. 

രാജകീയമായി ഡ്രൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇ-ക്ലാസ് ഡ്രീംകാര്‍ തന്നെയാണ്. 'ഇ 350 ഡി' എന്ന മോഡലില്‍  തിരക്കേറിയ ഗോവന്‍ വീഥികളിലൂടെ ഒരു ദിവസം മുഴുവന്‍ കറങ്ങി. ഏറെനേരം സ്റ്റിയറിങ് വീല്‍ പിടിച്ചുകൊണ്ടായിരുന്നു യാത്ര. പിന്നീട്, ഡ്രൈവര്‍ക്ക് സ്റ്റിയറിങ് കൈമാറി പിന്‍സീറ്റിലേക്കു മാറി. അപ്പോഴാണ് ഇ-ക്ലാസ് 'ഉടമ'യുടെ സുഖം തിരിച്ചറിഞ്ഞത്. 

പുതിയ ഇ-ക്ലാസ്സില്‍ 2987 സി.സി. വി 6 ഡീസല്‍ എഞ്ചിനാണ് കരുത്തേകുന്നത്. 258 എച്ച്.പി. കരുത്തും 620 എന്‍.എം. ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 6.6 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. മികച്ച ഡ്രൈവിങ് സുഖം നല്‍കുന്നതാണ് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ്. 

benz e class

ഇന്‍ഡിവിജ്വല്‍ ഓപ്ഷനു പുറമെ നാലു പ്രീ-സെറ്റ് ഡ്രൈവിങ് ഓപ്ഷനുകളുണ്ട്. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ് എന്നീ ഓപ്ഷനുകളാണ് ഇവ. എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍, ടെയ്ല്‍ ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് ലൈറ്റ് അലോയ് വീലുകള്‍, റിയര്‍ ബമ്പര്‍ ഇന്‍സര്‍ട്സ് ബ്ലാക്ക് ഡിഫ്യൂസര്‍-ലുക്ക് ഫിനിഷ്, ഫുള്‍ എച്ച്.ഡി. ടെയില്‍ ലൈറ്റുകള്‍ എന്നിവയൊക്കെ ഇ-ക്ലാസ്സിന്റെ പ്രൗഡി ഉയര്‍ത്തുന്നു. 

64 നിറങ്ങളും ലൈറ്റിങ് മൂഡിനനുസരിച്ച് അഞ്ചു ഡിമ്മിങ് ലെവലുകളുമുള്ള 'ആംബിയന്റ് ലൈറ്റിങ്' ആണ് ഇന്റീരിയറിനെ പ്രകാശമാനമാക്കുന്നത്. ഉയര്‍ന്ന റെസല്യൂഷനുള്ള 12.3 ഇഞ്ച് ഡിസ്പ്ലേ, 13 സ്പീക്കറുകളോടുകൂടിയ ബര്‍മെസ്റ്റര്‍ സറൗണ്ട് സിസ്റ്റം, സ്മാര്‍ട്ട് ഫോണ്‍ ഇന്റഗ്രേഷന്‍ പാക്കേജ്, തെര്‍മോട്രോണിക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സ്ലൈഡിങ് റൂഫ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 

തിരക്കേറിയ പാര്‍ക്കിങ് ഏരിയകളില്‍ ഓട്ടോമാറ്റിക്കായി പാര്‍ക്ക് ചെയ്യുന്ന ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് പാര്‍ക്ക്ട്രോണിക്കും പാര്‍ക്കിങ് പൈലറ്റും ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇ-ക്ലാസ്സിനുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഇ-ക്ലാസ് മുന്നില്‍ തന്നെ. ഏഴു എയര്‍ബാഗുകളാണ് ഇ-ക്ലാസ്സിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത്. 360 ഡിഗ്രി ക്യാമറയുമുണ്ട്. 

സ്റ്റിയറിങ് വീലില്‍ ടച്ച്-സെന്‍സിറ്റീവ് ടച്ച് കണ്‍ട്രോള്‍സുമുണ്ട്. ഇതെല്ലാം കൂടി 71.57 ലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഡീസലിനൊപ്പം ഇ-ക്ലാസിന്റെ പെട്രോള്‍ പതിപ്പും ലഭ്യമാണ്. അതിന് 57.84 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ്-ഷോറൂം വില. 

benz e class