കാലത്തിന് അനുസരിച്ചു നീങ്ങുക എന്നതാണ് സാധാരണ എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ കാലത്തിന് മുന്‍പെ നീങ്ങുക എന്നതാണ് ജാപ്പാനീസ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലക്‌സസ് ചെയ്ത് വന്നിട്ടുള്ളത്. വാഹന ലോകം ഹൈബ്രിഡ് കാറുകളിലേക്ക് തിരിയുന്നതിന് തീരുമാനിച്ചപ്പോള്‍തന്നെ ലക്‌സസ് ഹൈബ്രിഡ് പരീക്ഷിച്ച് തുടങ്ങിയിരുന്നു. അതിന്റെ അലയടികള്‍ ഇന്ത്യന്‍ വിപണിയിലും ഉണ്ടായിട്ടുണ്ട്. ഇതിലെ ഏറ്റവും പുതിയ താരമാണ് ലെക്‌സസിന്റെ ഏറ്റവും ചെറിയ എസ്.യു.വി 'എന്‍എക്‌സ് 300 എച്ച്' എന്ന കൊച്ചു മിടുക്കന്‍. 2018 ആദ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന പുതിയ എന്‍എക്‌സ് 300 എച്ചിന്റെ ഡ്രൈവ് കഴിഞ്ഞ ആഴ്ച ഗോവയില്‍ വച്ചു നടന്നു.

പുതിയ ലക്‌സസ് എന്‍എക്‌സ് 300 എച്ചിന്റെ ഏറ്റവും വലിയ സവിശേഷത  ഇതിലെ എന്‍ജിനാണ്. 2.5 ലിറ്റര്‍ പെട്രോള്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഒരു ഇലക്ട്രിക്ക് മോട്ടോറും ചേര്‍ന്നതാണ് ഹൃദയം. പെട്രോള്‍ എഞ്ചിന്‍ 155 എച്ച്പി കരുത്തും ഇലക്ട്രിക്ക് മോട്ടോര്‍ 50 എച്ച്പി കരുത്തുമാണ് പുറത്തുവിടുന്നത്. രണ്ടുംകൂടി ചേരുമ്പോള്‍ 205 എച്ച്പി കരുത്ത് ലഭിക്കും. ഈ എഞ്ചിനോട് ഘടിപ്പിച്ചിട്ടുള്ളത് 6 സ്പീഡ് ഇസിവിടി ഗിയര്‍ബോക്‌സാണ്. ഇലക്ട്രിക്ക് ഫോര്‍വീല്‍ ഡ്രൈവാണ് എന്‍എക്‌സില്‍ വരുന്നത്. 18 കിലോമീറ്റര്‍ ഇന്ധന ക്ഷമത ലഭിക്കും ഈ ചെറിയ എസ്.യുവിയ്ക്ക്. 1.5 കി.മി. പൂര്‍ണമായും ഇലക്ട്രിക്ക് മോട്ടോറില്‍ തന്നെ ചലിക്കാം.

Lexus NX 300h

ലക്‌സസിന്റെ ഏറ്റവും ആകര്‍ഷണമായ എസ്.യു.വി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന മോഡലാണ് എന്‍എക്‌സ്. തന്റെ വലിയേട്ടനായ ആര്‍എക്‌സില്‍ നിന്ന് ഉള്‍തിരിഞ്ഞ് വന്നിട്ടുള്ള രൂപഘടനതന്നെയാണ് എന്‍എക്‌സിന്റെത്. എന്നാല്‍ എന്‍എക്‌സ് ആകാരത്തില്‍ ചെറുതായി തോന്നിക്കുന്നു. പുതിയ പ്രിന്റിങ് ഗ്രില്ല്, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, ഷാര്‍പ്പ് ലൈനുകള്‍, ക്രോസ് ഓവര്‍ പ്രപ്പോഷന്‍, പിന്നിലെ ലെസ്പര്‍ക്ക് ഡിസൈന്‍ ടെയില്‍ ലൈറ്റ് എന്നിവ എന്‍എക്‌സിനെ വേറിട്ടുനിര്‍ത്തും. 

Lexus NX 300h

10 ഇഞ്ച് അലോയി വീല്‍. ലക്ഷ്വറി, എഫ് സ്‌പോര്‍ട്ട് എന്നീ രണ്ട് വ്യത്യസ്ത എക്സ്റ്റീരിയല്‍ ട്രിമ്മുകളാണ് എന്‍എക്സിനുള്ളത്. എഫ് സ്‌പോര്‍ട്ടില്‍ കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം ലഭിക്കുന്ന മെഷ് ഗ്രില്ല്, സ്‌പോക്ക് ചെയ്ത ലൈറ്റുകള്‍ എന്നിവയാണ് വരുന്നത്. 15 വ്യത്യസ്ത നിറങ്ങളിലും വാഹനം ലഭ്യമാകും. 

ആഡംബരമൂര്‍ത്തി ലെക്‌സസിന്റെ അത്യാഡംബരം നിറഞ്ഞുനില്‍ക്കുന്നതാണ് എന്‍എക്‌സിന്റെ ഉള്‍വശം. പൂര്‍ണമായും ലതറില്‍ പൊതിഞ്ഞ ഉള്‍വശത്തില്‍ വ്യത്യസ്ത നിറവും ട്രിമ്മും ലക്ഷ്വറി, എഫ് സ്‌പോര്‍ട്ട് എന്നീ വ്യത്യസ്ത മോഡലില്‍ ലഭ്യമാണ്. മൂന്നു സ്‌പോക്ക് മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ് വീലില്‍ എഫ് സ്‌പോര്‍ട്ടില്‍ വരുന്നത് വ്യത്യസ്തമായ രൂപമാണ്. ഡാഷിന്റെ നടുവില്‍ മുകളില്‍ ടിഎഫ്ടി സ്‌ക്രീനും അത് ഉപയോഗിക്കാന്‍ ടച്ച് പാടും വന്നിട്ടുണ്ട്. സ്വിച്ചുകള്‍ വളരെ വൃത്തിയായി സെന്റര്‍ കണ്‍സോളില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കാണ് സ്വിച്ചുകളെങ്കിലും ഗുണനിലവാരം ഉയര്‍ന്നതാണ്. 

Lexus NX 300h
ജാപ്പനീസ് സ്‌പെക്ക് NX 300h

സീറ്റുകള്‍ വളരെ സുഖപ്രദമായിട്ടാണ് അണിയിച്ചൊരിക്കിയിട്ടുള്ളത്. മുന്‍സീറ്റുകളാണ് കൂട്ടത്തില്‍ ഏറ്റവും മികച്ചത്. ഈ സീറ്റുകളില്‍ തണുപ്പിക്കാനും ചൂടാക്കാനും ഉള്ള സംവിധാനമുണ്ട്. വലിയ ബൂട്ടും അതില്‍ പൂര്‍ണമായിട്ടുള്ള സ്‌പേയര്‍വീല്‍ വെക്കാനുള്ള സംവിധാനമുള്ളതും ഈ വിഭാഗത്തിലെ ആദ്യത്തെതാണ്. 60 ലക്ഷം രൂപയ്ക്കുള്ളില്‍ വില നിശ്ചയിച്ചാല്‍ ഒരുപാട് എന്‍എക്‌സ് 300എച്ച് നമ്മുടെ നിരത്തുകളില്‍ കാണാന്‍ സാധിക്കുന്നതാണ്. 

Content Highlights: Lexus NX 300h Test Drive, NX 300h Hybrid Features, NX 300h First Drive, NX 300h Specs