കൊച്ചി: സമയത്തെ പിന്നിലാക്കിയാണ് കൊച്ചി മെട്രോ കുതിപ്പിനൊരുങ്ങുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ മെട്രോ എന്ന ഖ്യാതിയാണ് കൊച്ചിയെ കാത്തിരിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ ആദ്യഘട്ട സര്‍വീസ്. മൂന്നു വര്‍ഷവും ഒന്‍പതു മാസവും കൊണ്ടാണ് മെട്രോ ഉദ്ഘാടനത്തിലേക്ക് അടുക്കുന്നത്. അതായത് 45 മാസം. രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു റെക്കോഡാണ്.

മെട്രോകളുടെ ആദ്യഘട്ടവും അവ പൂര്‍ത്തിയായ സമയവും  (മെട്രോ, ദൂരം, നിര്‍മാണം പൂര്‍ത്തിയാകാനെടുത്ത സമയം)

  • ഡല്‍ഹി, 8.5, 50 മാസം
  • ബെംഗളൂരു, 6, 60 മാസം
  • ചെന്നൈ, 4, 72 മാസം
  • 4. ജയ്പുര്‍, 9.02, 56 മാസം
  • 5. മുംബൈ, 11.07, 75 മാസം
  • 6. കൊച്ചി, 13, 45 മാസം

ഡല്‍ഹി മെട്രോയുടെ 8.5 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാകാന്‍ 50 മാസങ്ങള്‍ വേണ്ടിവന്നു. ചെന്നൈ മെട്രോയില്‍ നാലു കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കിയത് 72 മാസം കൊണ്ടാണ്. കേരളത്തിന് അഭിമാനിക്കാവുന്നതാണ് കൊച്ചി മെട്രോയുടെ ഈ നേട്ടമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 

Kochi Metro

ഈ മാസം അവസാനത്തോടെ ശേഷിക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഡി.എം.ആര്‍.സി. വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ അനുമതിക്കുശേഷം ഉദ്ഘാടന തീയതി തീരുമാനിക്കാമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ഉദ്ഘാടനമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിലപാട്. എന്നാല്‍, ആദ്യഘട്ടത്തില്‍ പാലാരിവട്ടം വരെ ഉദ്ഘാടനമാകാമെന്ന് നിര്‍മാണ ഏജന്‍സികള്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. 

ഇ. ശ്രീധരന്റെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന്റെയും ജനപ്രതിനിധികളുടെയുമെല്ലാം അഭിപ്രായം കണക്കിലെടുത്ത് സര്‍ക്കാരും നിലപാട് മാറ്റുകയായിരുന്നു. സ്റ്റേഷനുകളുടെ നിര്‍മാണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഡി.എം.ആര്‍.സി. ആലുവ മുതല്‍ പാലാരിവട്ടം വരെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണഓട്ടം ഡി.എം.ആര്‍.സി. ബുധനാഴ്ച പുനരാരംഭിക്കും.

kochi metro

ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളാണുള്ളത്. ഉദ്ഘാടന സമയത്ത് ഏഴ് ട്രെയിനുകള്‍ സര്‍വീസിന് സജ്ജമായി കൊച്ചിയിലുണ്ടാകും. നിലവില്‍ ആറെണ്ണം കൊച്ചിയിലെത്തിയിട്ടുണ്ട്. ട്രെയിന്‍ ഓടിക്കാനുള്ളവരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിനുശേഷം നാലുമാസത്തിനുള്ളില്‍ മഹാരാജാസ് വരെയുള്ള നിര്‍മാണവും പൂര്‍ത്തിയാക്കുമെന്നാണ് ഡി.എം.ആര്‍.സി. വ്യക്തമാക്കിയിരിക്കുന്നത്.