മ്മുടെ നിരത്തുകള്‍ വേഗപ്പാച്ചിലിന്റെ കളിക്കളങ്ങളായി മാറിക്കഴിഞ്ഞു. അതിവേഗത്തില്‍ അനേകം കുതിരശക്തിയോടെ പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങളില്‍ യൗവനം പുതിയ ഹരം തേടുന്നു. അത് അവസാനിക്കുന്നത് അനേകം പേരുടെ നിലവിളികളിലാകും. 

ആരാണിവിടെ കുറ്റക്കാര്‍? മൂന്ന് വയസ്സ് തികയും മുന്‍പേ മകനെ പെട്രോള്‍ ടാങ്കിന്റെ മുകളിലിരുത്തി ഹാന്‍ഡില്‍ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനോ? ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോന്‍ ബൈക്ക് ഓടിക്കും എന്ന് ഊറ്റം കൊള്ളുന്ന അമ്മയോ? അതോ വീഡിയോ ഗെയിമിലൂടെയും മൊബൈല്‍ ഗെയിമിലൂടെയും മാളുകളിലെ സിമുലേറ്റേഴ്‌സിലൂടെയും പായാന്‍ പരിശീലിപ്പിക്കുന്നവരോ? ഈ കണക്കുകള്‍ കൂടി അറിയുക. ലോകത്ത്  അപകടനിരക്കില്‍ ഒന്നാമത് ഇന്ത്യ. ഇന്ത്യയില്‍ ഒന്നാമത് കേരളം. കേരളത്തില്‍ ഒന്നാമത് എറണാകുളം ജില്ല.

നിരത്തുകളിലെ ചോരപ്പാടുകള്‍ നിത്യവും കാണുന്ന മോട്ടോര്‍വാഹനവകുപ്പിലെ ഒരുദ്യോഗസ്ഥന്റെ കുറിപ്പ് വായിക്കൂ..

വാഹനാപകടങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്ല. അപകടത്തില്‍ പെട്ട വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുക എന്നത് മടുപ്പുളവാക്കുന്ന ജോലിയാണ്. അലസതകൊണ്ടല്ല. ദൈന്യതയും കണ്ണീരും നിസ്സഹായതയും ഉത്തരവാദിത്വമില്ലായ്മയുമൊക്കെ ഒത്തുകൂടുന്ന ഒട്ടും പോസിറ്റീവ് അല്ലാത്ത ഒരിടം. ഓരോന്നിന്റെയും റിപ്പോര്‍ട്ട് തയ്യാറാക്കലും പിന്നെ കോടതി വരാന്തയും!  

അങ്ങനെയുള്ള ഒരിടത്താണ് ആ അച്ഛനെ കണ്ടത്. തകര്‍ന്നുകിടക്കുന്ന ബൈക്ക് കണ്ടാല്‍ തന്നെ ആരുടേയും ഹൃദയം തകരും .
'എന്തിനാ ചേട്ടാ മോന് ഇത്രയും പവറുള്ള വാഹനം  മേടിച്ചു കൊടുത്തത്. അവന് 17 വയസ്സല്ലേ ആയിട്ടുള്ളു !'
'ഞാന്‍ ഇനി അവന് വാഹനം ഓടിക്കാന്‍ കൊടുക്കില്ല സാര്‍.. എനിക്കൊരു തെറ്റുപറ്റി'- ഇടറുന്ന വാക്കുകള്‍ കേട്ട് ഒരു നിമിഷം അദ്ദേഹത്തിന്റെ നേരെ മുഖമുയര്‍ത്തി ഒന്നു നോക്കി...

പറഞ്ഞതിലെ അര്‍ത്ഥമില്ലായ്മ തിരിച്ചറിഞ്ഞിട്ടാവാം അദ്ദേഹം വെറുതെ ചിരിച്ചു. കണ്ണീരിന്റെ നനവുള്ള ചിരി.  അന്ന് ആദ്യത്തെ സ്റ്റേഷനില്‍ തന്നെ പതിനാറ് വാഹനങ്ങള്‍ പരിശോധിക്കേണ്ടി വന്നതിന്റെ മടുപ്പോടെയാണ് രണ്ടാമത്തെ സ്റ്റേഷനിലേക്കെത്തുന്നത്. നഗരത്തിലെ എല്ലാ സ്റ്റേഷനിലെയും വാഹനാപകടങ്ങള്‍ രണ്ട് ട്രാഫിക് സ്റ്റേഷനിലാണ് (ഇടപ്പള്ളിയിലും ഹൈക്കോടതിക്കു സമീപവും- ഈസ്റ്റും വെസ്റ്റും) വരുന്നത്. രണ്ടാമത്തെ സ്റ്റേഷനിലെത്തിയപ്പോള്‍ ദൂരെ നിന്നുതന്നെ  മനസ്സിലായി അവിടെയും മോശമല്ലെന്ന്!   കണികണ്ടവനെ ശപിച്ചു കൊണ്ട് വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോഴേ കാത്തുനിന്നതിന്റെ അക്ഷമയോടെ ആളുകള്‍ തിരക്കു കൂട്ടാന്‍ തുടങ്ങി. എല്ലാവര്‍ക്കും തിടുക്കമാണ്! വേഗം പോകണം! ഈ തിടുക്കമല്ലേ എല്ലാവരെയും അപകടത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് മനസ്സിലോര്‍ത്തു! 

മലയാളിക്ക് ഒരു കാര്യത്തില്‍ മാത്രമേ വേഗമുള്ളു എന്ന് തോന്നാറുണ്ട്. വണ്ടി ഓടിക്കുന്നതില്‍ മാത്രം. നാലഞ്ചു പരിശോധന കഴിഞ്ഞപ്പോഴാണ് ആ വണ്ടി കണ്ണില്‍പ്പെട്ടത് - പുതുപുത്തന്‍ 220 സി.സി. ബൈക്ക്. തകര്‍ന്ന് തരിപ്പണമായി കിടക്കുന്നു. ആരായിരിക്കും അതിന്റെ ഉടമസ്ഥന്‍ എന്ന് നോക്കുന്നത് കണ്ടിട്ടായിരിക്കും ഏതാണ്ട് 50 വയസ്സ് പ്രായമുള്ള ആദരവ് തോന്നുന്ന മെല്ലിച്ച ഒരാള്‍ അടുത്തേക്കു വന്നു.
'വണ്ടി എന്റെ മകന്റെയാണ് സാര്‍'
എറണാകുളത്തുള്ള ഒരു പള്ളിയിലെ കപ്യാരായിരുന്നു അദ്ദേഹം. അയാളുടെ ഏകമകനാണ് അപകടത്തില്‍ പെട്ടത്  !  
'എന്നിട്ട് മകനെന്ത് പറ്റി ?'
ചോദ്യം കേട്ടതോടെ അത്രയും നേരം സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹം നിശ്ശബ്ദനായി, മറുപടി പറയാന്‍ താത്പര്യമില്ല എന്ന് തോന്നിയതിനാല്‍ ഞാന്‍ അടുത്ത വണ്ടി നോക്കാന്‍ നടക്കവേ അദ്ദേഹം പുറകേ വന്നു. വേറെ ആരും  കേള്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തി സ്വകാര്യമായി ചെവിയില്‍ പറഞ്ഞു, 'നാട്ടുകാര്‍ ഫ്‌ളക്‌സ് വച്ചു സാര്‍. പക്ഷെ അവന്‍ മരിച്ചിട്ടില്ല.. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഉരുണ്ടുകൂടിയ കണ്ണീരിനിടയിലും ഒരു സന്തോഷത്തിന്റെ തിളക്കം. ഇടര്‍ച്ചയോടെ അദ്ദേഹം തുടര്‍ന്നു'
'പക്ഷെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട് സര്‍ അടുത്ത രണ്ട് വര്‍ഷമെങ്കിലും നിങ്ങളുടെ മകന്‍  കിടക്കയില്‍ പോലും എഴുന്നേറ്റിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന്.'

****

അടുത്തിടെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സുരക്ഷാ ക്ലാസ് കഴിഞ്ഞപ്പോള്‍ കണ്ണീരോടെ മുന്നില്‍ വന്നത് ക്ലാസ് നടത്താന്‍ മുന്‍കൈ എടുത്ത അധ്യാപികയാണ്.
'എന്റെ മോന്‍ മൂന്ന് തവണ അപകടത്തില്‍പെട്ടു. സാര്‍, ദയവു ചെയ്ത് അവന്റെ കോളേജില്‍ ഒരു ക്‌ളാസ് എടുക്കാമോ? ഞാന്‍ പറഞ്ഞാലൊന്നും അവന്‍ കേള്‍ക്കില്ല. അവനെ ഒന്ന് ഉപദേശിക്കാമോ?' ഇതു പറഞ്ഞ അധ്യാപികയുടെയും നാലാമതും അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കിടക്കുന്ന മകന്റെ വാഹന പരിശോധനയ്ക്കു സാക്ഷ്യം വഹിക്കാന്‍ എത്തിയ അച്ഛന്റേയും മുഖങ്ങള്‍ മറക്കുവതെങ്ങനെ?

ആരാണിവിടെ കുറ്റക്കാര്‍?

മൂന്ന് വയസ്സ് തികയും മുന്‍പേ മകനെ പെട്രോള്‍ ടാങ്കിന്റെ മുകളിലിരുത്തി ഹാന്‍ഡില്‍ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ !, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോന്‍ ബൈക്ക് ഓടിക്കും എന്ന് ഊറ്റം കൊള്ളുന്ന രക്ഷിതാക്കള്‍! അതോ വീഡിയോ ഗെയിമിലൂടെയും മൊബൈല്‍ ഗെയിമിലൂടെയും മാളുകളിലെ സിമുലേറ്റേഴ്‌സിലൂടെയും പായാന്‍ പരിശീലിപ്പിക്കുന്നവരോ? ഒരു മൊബൈല്‍ ഗെയിം ജയിക്കണമെങ്കില്‍ 34 പേരെ കൊല്ലണമത്രെ! മറികടക്കലും ഇടിച്ചു തെറിപ്പിക്കലും, ചോര തെറിപ്പിക്കലും പരിശീലിച്ച് സ്വന്തം സ്വഭാവത്തെ അത് കീഴടക്കുമ്പോഴാണ് അപകടങ്ങള്‍ ജനിക്കുന്നത്. കൊലയും ഇടിച്ചു തെറിപ്പിക്കലും ഹരമായി കാണുന്നവനില്‍ നിന്ന് എന്ത് കരുണയാണ് പാതകളില്‍ പ്രതീക്ഷിക്കേണ്ടത്?

പത്താം ക്‌ളാസിലെ പരീക്ഷയ്ക്ക് എ പ്ലസ് വാങ്ങിയതിന് ബൈക്ക് സമ്മാനിക്കുന്ന അച്ഛന്‍! ആ പിതാവിന് വാഹനമോടിക്കുന്നതിന്റെ ബാലപാഠങ്ങള്‍ പോലും മകന് പറഞ്ഞു കൊടുക്കാനോ അവനെ പഠിപ്പിക്കാനോ കഴിയാറില്ല. അഥവാ പറഞ്ഞാലും  മകന്‍ അത് ചെവിക്കൊള്ളാറുമില്ല. ബൈക്ക് കിട്ടിയാല്‍ മകന്‍ അച്ഛനെക്കാള്‍ വളരുന്നു! ഒന്നറിയുക, പാതയിലൂടെ മിന്നല്‍ വേഗത്തില്‍ പായുന്നവരെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. പകരം ശ്രദ്ധയില്ലായ്മകൊണ്ട് അപകടത്തില്‍ പെട്ട് ജീവച്ഛവങ്ങളായവരെ ആരും കാണുന്നില്ല 

2015-ല്‍ ഇന്ത്യയില്‍ റോഡില്‍ മരിച്ചത് പോലീസിന്റെ കണക്കില്‍ മാത്രം 1,42,000 പേരാണ്. അതില്‍ 75000 ത്തോളം ചെറുപ്പക്കാര്‍. അതിന്റെ ഇരട്ടി ജീവച്ഛവമായി കിടക്കയിലുമുണ്ട് !. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 14 വയസ്സിന് മുകളില്‍ പ്രായമുള്ള ചെറുപ്പക്കാരുടെ മരണത്തിന്റെ ഒന്നാമത്തെ കാരണം റോഡ് അപകടമാണ്. 14- മുതല്‍ 24  വരെയുള്ള പ്രായത്തില്‍ ആണ് ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രായത്തിലുള്ള വാഹന ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൂടിയേ തീരൂ. 
കുട്ടികള്‍ക്ക് ചെറു പ്രായത്തിലേ വാഹനം വാങ്ങി നല്‍കുമെന്ന പ്രതീക്ഷപോലും നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനിക്കണം, 

സ്വന്തമായി ജോലി കിട്ടുമ്പോള്‍ മാത്രമെ വാഹനം വാങ്ങാന്‍ കഴിയൂ എന്ന ധാരണയാകണം കുട്ടികളില്‍ വളരേണ്ടത്, വളര്‍ത്തേണ്ടത്. വാഹനം സഞ്ചരിക്കാനുള്ളതാണ്. അത് ജീവിതം ഹോമിക്കാനും മറ്റുള്ളവരെ കണ്ണീരുകുടിപ്പിക്കാനുമുള്ളതല്ല എന്ന തിരിച്ചറിവ് ഇനി എന്നാണ് യുവാക്കള്‍ക്ക് ഉണ്ടാവുക.

ചില കണക്കുകള്‍ 

  • ഏറ്റവും അധികം വാഹനാപകടം ഉണ്ടാകുന്ന സമയം വൈകിട്ട് ആറു മുതല്‍ എട്ടു വരെയാണ്. അഞ്ചിലൊന്ന് അപകടവും ഈ സമയത്താണ്.
  • ഇതില്‍ത്തന്നെ ഏറ്റവും കൂടിയത് ആറു മുതല്‍ ഏഴു വരെയുള്ള സമയത്ത്. മരണ നിരക്ക് 18 -20. കാഴ്ചക്കുറവ്, തിടുക്കപ്പെട്ടുള്ള യാത്ര, വാഹനപ്പെരുപ്പം ഇതൊക്കെ അപകടകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു 
  • ഏറ്റവും കുറവ് വാഹനാപകടം നടക്കുന്നത് രാത്രി 11 മുതല്‍ 12 വരെ.
  • ലോകത്ത്  അപകടനിരക്കില്‍ ഒന്നാമത് ഇന്ത്യ. ഇന്ത്യയില്‍ ഒന്നാമത് കേരളം. കേരളത്തില്‍ ഒന്നാമത് എറണാകുളം ജില്ല.
  • കൂടുതല്‍ അപകടകാരികള്‍ ഇരുചക്ര വാഹനങ്ങള്‍.  42 -45 ശതമാനം.
  • ഏതാനും വര്‍ഷം മുന്‍പ് വരെ കാല്‍നടയാത്രക്കാര്‍ ആയിരുന്നു കൂടുതല്‍ അപകടത്തില്‍ പെട്ടിരുന്നത്. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ ഒന്നാമതായി. രണ്ടാം സ്ഥാനം കാല്‍നടയാത്രക്കാര്‍ക്കും. 

(ലേഖകന്‍ കൊച്ചി അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍)