വാഹനമുണ്ടാക്കുന്നതില്‍ മാത്രമല്ല തങ്ങളുടെ മികവെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് പ്രമുഖ കമ്പനികള്‍. ഇക്കഴിഞ്ഞ വിഡ്ഢിദിനത്തില്‍ രസകരമായ ആശയങ്ങള്‍ അവതരിപ്പിച്ചാണ് ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളില്‍ പലരും വാഹന പ്രേമികളെ പറ്റിച്ചത്. ഡ്രോണില്‍ പറന്നെത്തുന്ന കാര്‍ മുതല്‍ തൂവല്‍ പൊതിഞ്ഞ കാറും ഡ്രൈവറുടെ വികാരം അതേപടി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഹോണും വരെ അവതരിപ്പിച്ചാണ് നിര്‍മ്മാതാക്കള്‍ തമാശമുണ്ടാക്കിയത്. രസകരമായ ചില ആശയങ്ങള്‍ ഇവയാണ്...

1. തൂവല്‍ പൊതിഞ്ഞ മക്ലറന്‍ കാര്‍

കാര്‍ബൈണ്‍ ഫൈബര്‍കൊണ്ട് നിര്‍മ്മിച്ച കൃത്രിമ തൂവലുകള്‍കൊണ്ട് പൊതിഞ്ഞ കാര്‍ എന്ന രസികന്‍ ആശയമാണ് ലോക വിഡ്ഢിദിനത്തില്‍ മക്ലറന്‍ അവതരിപ്പിച്ചത്. കാറിന്റെ ഭാരം കുറയ്ക്കാനാണ് ഈ വിദ്യ. കാറിന്റെ ഭാരം പക്ഷിയുടേതുപോലെ കുറയ്ക്കാനും കാറിനെ എയ്റോഡൈനമിക് ആക്കാനും കാര്‍ബണ്‍ ഫൈബര്‍ തൂവലുകള്‍ക്ക്  കഴിയുമത്രെ. ഏപ്രില്‍ ഒന്നിന് മാത്രമെ ഈ കാര്‍ വാങ്ങാന്‍ കഴിയൂവെന്ന് മക്ലറന്‍ വ്യക്തമാക്കിയിരുന്നു.

2. ഹോണ്‍ ഇമോജികളുമായി ഹോണ്ട

ഏത് മാനസികാവസ്ഥയില്‍ വാഹനം ഓടിക്കുമ്പോഴും ഹോണടിച്ചാല്‍ കേള്‍ക്കുന്നത് ഒരേ ശബ്ദം മാത്രം. ഈ പരിമതി മറികടക്കാനാണ് ഹോണ്ടയുടെ ഹോണ്‍ ഇമോജി എന്ന ആശയം. സ്റ്റിയറിങ് വീലിന് നടുവില്‍ സാധാരണ ഹോണിന്റെ സ്ഥാനത്ത് വ്യത്യസ്ത ഹോണ്‍ ഇമോജികളാണ് ഉള്ളത്. മനസില്‍ എന്ത് തോന്നുന്നുവോ ആ വികാരം പ്രകടിപ്പിക്കുന്ന ഇമോജി അമര്‍ത്തി വ്യത്യസ്ത ശബ്ദത്തിലുള്ള ഹോണ്‍ മുഴക്കാം.

3. ലെക്സസ് ലെയ്ന്‍ വാലറ്റ്

മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെ ഇഴഞ്ഞുനീങ്ങുന്ന കാറുകളെ താനെ മുന്നില്‍നിന്ന് മാറ്റുന്ന ടെക്നോളജിയാണ് ലെക്സസിന്റെ ലെയ്ന്‍ വാലറ്റ്. കാറുകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

4. ഹ്യുണ്ടായുടെ ക്ലിക് ടു ഫ്ളൈ

അത്യാധുനിക കാര്‍ ഡെലിവറി സംവിധാനമാണ് ഹ്യുണ്ടായുടെ ക്ലിക് ടു ഫ്ളൈ. കാര്‍ വാങ്ങാന്‍ ഷോറൂമിലൊന്നും പോകേണ്ട. ഓണ്‍ലൈനില്‍ ഒറ്റ ക്ലിക്ക് മാത്രം മതി. ഹൈഡ്രജന്‍ ഇന്ധനമാക്കിയ ഡ്രോണുകളില്‍ ഹ്യുണ്ടായ് കാറുകള്‍ പറന്നെത്തും. 2000കിലോ വരെ ഭാരം വഹിക്കാന്‍ കഴിവുള്ള ഡ്രോണുകളാണത്രെ ഹ്യുണ്ടായ് ഉപയോഗിക്കുന്നത്. വമ്പന്‍ ഹ്യുണ്ടായ് കാറുകള്‍പോലും ഇനി ഡ്രോണില്‍ പറന്ന് വീട്ടിലെത്തും.