മാലിന്യവിസര്‍ജനം കുറഞ്ഞ എഞ്ചിന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ മറ്റുള്ളവര്‍ പരക്കംപായുമ്പോള്‍ ബി.എസ്.4 നിയമങ്ങളെല്ലാം പാലിക്കുന്ന ഘനവാഹനങ്ങളുടെ ഒരു പുതിയ ശ്രേണി തന്നെ ഭാരത് ബെന്‍സ് അനാവരണം ചെയ്തു കഴിഞ്ഞു

വാഹനങ്ങളുടെ പുകമാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള ബി.എസ്-4 (ഭാരത് സ്റ്റേജ് 4) നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഗവണ്മന്റ് തീരുമാനിച്ചത് എണ്ണകമ്പനികളെയും ഓട്ടോമൊട്ടീവ് നിര്‍മാതാക്കളെയും ഡീലര്‍മാരെയും ഒന്നുപോലെ വെട്ടിലാക്കി. ഇന്റേണല്‍ കമ്പസ്റ്റ്യന്‍ (ഐ.സി.) എഞ്ചിനുകള്‍ പുറത്തുവിടുന്ന വാതകങ്ങളിലെ അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കലാണ് ഈ നിയമങ്ങളുടെ ലക്ഷ്യം. ബി.എസ്.1 നിയമം 2000-ല്‍ നടപ്പില്‍ വരുമ്പോള്‍ നിയന്ത്രണങ്ങള്‍ ക്രമേണ കര്‍ശനമാക്കുന്ന സ്റ്റേജ് 2, സ്റ്റേജ് 3 നിയമങ്ങള്‍ അയ്യഞ്ച് വര്‍ഷത്തിന്റെ ഇടവേളകളില്‍ നടപ്പില്‍ വരുമെന്നാണ് വിഭാവനം ചെയ്യപ്പെട്ടത്.

ഓരോ സ്റ്റേജിലും വിസര്‍ജനവാതകങ്ങളില്‍ കുറക്കേണ്ട പദാര്‍ത്ഥങ്ങളുടെ അളവ് (കിലോമീറ്റര്‍ മണിക്കൂറില്‍ പുറത്ത് വിടാവുന്ന ഭാരം ഗ്രാമില്‍ സൂചിക്കുന്നതാണ് അക്കങ്ങള്‍):

 

   കാര്‍ബണ്‍

മോണോക്‌സൈഡ്‌

  ഹൈഡ്രോ

കാര്‍ബണുകള്‍

  നൈട്രജന്‍

ഓക്‌സൈഡുകള്‍

  കണികാ

പദാര്‍ത്ഥങ്ങള്‍

 സ്റ്റേജ്-1           14      4.5          8     0.36
 സ്റ്റേജ്-2           4       4         7     0.15
 സ്റ്റേജ്-3          2.1      2.1         5      0.1
 സ്റ്റേജ്-4          1.5       1.5        3.5     0.02

 

ഈ രീതിയില്‍ മലിനീകരണം കുറയ്ക്കാന്‍ ഐ.സി.എഞ്ചിന്‍ സാങ്കേതികവിദ്യയും എണ്ണക്കമ്പനികള്‍ വിപണിയിലെത്തിക്കുന്ന പെട്രോള്‍/ഡീസലിന്റെ ഗുണനിലവാരവും മാറണം, ഒപ്പം കുണ്ടും കുഴികളും ട്രാഫിക് ജാമുകളുമില്ലാത്ത റോഡുകളും വേണം. ഇതില്‍ അവസാനം പറഞ്ഞത് സര്‍ക്കാര്‍ ചെയ്യേണ്ടതായതിനാല്‍ ചെയ്താലായി; പക്ഷേ ആദ്യത്തെ രണ്ട് കാര്യങ്ങളും കമ്പനികള്‍ ചെയ്യേണ്ട കാര്യങ്ങളാണ്, കച്ചവടം നടക്കാന്‍ അവരത് ചെയ്‌തേ പറ്റൂ. പെട്രോളിയം കമ്പനികള്‍ സള്‍ഫറിന്റെ അളവ് കുറഞ്ഞ ഡീസല്‍ തയ്യാറാക്കുമ്പോള്‍ വാഹനനിര്‍മാതാക്കള്‍ ഐ.സി.എഞ്ചിന്‍ സാങ്കേതികവിദ്യയിലും പരിഷ്‌കാരങ്ങള്‍ നടത്തണം. 

മെച്ചമായ എണ്ണശുദ്ധീകരണത്തിന് റിഫൈനറികള്‍ പരിഷ്‌കരിക്കാന്‍ എണ്ണക്കമ്പനികള്‍ പതിനായിരക്കണക്കിന് കോടി രൂപ ചിലവാക്കേണ്ടിവരും. വാതകങ്ങളിലെ നിഷിദ്ധപദാര്‍ത്ഥങ്ങള്‍ അരിച്ചുമാറ്റാനുള്ള അരിപ്പകളും വലിച്ചെടുക്കുന്ന കാറ്റാലിസ്റ്റിക് കണ്‍വേര്‍ട്ടറുകളും ഇതിനൊക്കെ മേല്‍നോട്ടം വഹിക്കാനുള്ള ഇലക്ട്രോണിക് ചിപ്പുകളും അടങ്ങിയ പരിഷ്‌കൃത ഐ.സി.എഞ്ചിനുകള്‍ നിര്‍മിക്കാന്‍ വാഹനനിര്‍മാക്കള്‍ക്കും കഴിയണം. ഇവ എഞ്ചിന്റെ വലിപ്പത്തില്‍ മാറ്റം വരുത്തുമെന്നതിനാല്‍ മൊത്തം വാഹനത്തിന്റെ രൂപകല്‍പ്പനയിലും മാറ്റങ്ങള്‍ വേണ്ടിവരും. സ്വാഭാവികമായും എണ്ണയ്ക്കും വാഹനങ്ങള്‍ക്കും ഗണ്യമായ വിലവര്‍ദ്ധനയും പ്രതീക്ഷിക്കാം.

ബി.എസ്.4-ന് സമാനമായ യൂറോ സ്റ്റേജ് 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യൂറോപ്പില്‍ നടപ്പിലായതാണ്. മെഴ്‌സിഡീസ് കാറുകള്‍ക്ക് പുറമെ ട്രക്കുകളും ഘനവാഹനങ്ങളും നിര്‍മിക്കുന്ന ഡയംലര്‍ എ.ജി.യുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ ഭാരത്‌ബെന്‍സിന് മേല്‍പ്പറഞ്ഞ സാങ്കതികവിദ്യകളെല്ലാം ഇപ്പോള്‍ കൈവശമുണ്ട്. ഇന്ത്യന്‍ ഘനവാഹനനിര്‍മാതാക്കള്‍ക്കിടയില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നതും അതുകൊണ്ടാണ്. 
മാലിന്യവിസര്‍ജനം കുറഞ്ഞ എഞ്ചിന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ മറ്റുള്ളവര്‍ പരക്കംപായുമ്പോള്‍ ബി.എസ്.4 നിയമങ്ങളെല്ലാം പാലിക്കുന്ന ഘനവാഹനങ്ങളുടെ ഒരു പുതിയ ശ്രേണി തന്നെ അവര്‍ അനാവരണം ചെയ്തു.

Bharat Stage
ചെന്നൈക്കടുത്തുള്ള ഒരഗടത്തെ ഫാക്ടറിയില്‍ നിന്ന് ഷോറൂമുകളിലേക്കുള്ള
ആദ്യ ബാച്ച് ബിഎസ് 4 ട്രക്കുകള്‍ കമ്പനി മേധാവി എറിക് നെസ്സലോഫ്
ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

നിലവിലുള്ള വാഹനങ്ങളേക്കാള്‍ ഒരു രൂപ പോലും അധികം വിലയില്ലാത്ത ഈ വാഹനങ്ങള്‍ 'ലാഭസാങ്കേതികവിദ്യ' (പ്രോഫിറ്റ് ടെക്‌നോളജി) ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡയംലര്‍ ഇന്ത്യ ഹെവി വെഹിക്കിള്‍സിന്റെ മാനേജിങ്ങ് ഡയരക്ടറും സി.ഇ.ഒ.യുമായ എറിക് നെസ്സലോഫ് പറഞ്ഞു. പുതിയ എഞ്ചിന്‍ സാങ്കേതിവിദ്യ മാലിന്യം കുറഞ്ഞതാണെന്ന് മാത്രമല്ല ഇന്ധനക്ഷമത -കൂടുതല്‍ മൈലേജ്- ഉള്ളതുമാണ്. 'പതിവായ ദീര്‍ഘദൂര ഓട്ടത്തിന് വാഹനം ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഒരു മാസം ഇന്ധനച്ചിലവിലെ ലാഭം കൊണ്ട് എനിക്ക് പാരിസില്‍ ഡിന്നര്‍ വാങ്ങിത്തരാന്‍ കഴിയും', അദ്ദേഹം പറഞ്ഞു.

Bharat Benz
ഭാരത്‌ബെന്‍സ് ഹോളേജ് ട്രക്ക്

എ.സി.യും ക്രൂസ് കണ്‍ട്രോളുമൊക്കെയുള്ള ആഡംബരക്കാറിന്റെ കോക്ക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന ഡ്രൈവറുടെ കാബിന്‍ ക്ഷീണമില്ലാതെ നൂറുകണക്കിന് കിലോമീറ്റര്‍ വാഹനമോടിക്കാന്‍ ഡ്രൈവര്‍ക്ക് ശേഷി നല്‍കാനാണ്, ഡയംലര്‍ എക്‌സിക്യുട്ടീവുകള്‍ അവകാശപ്പെട്ടു. പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ ചിലവാകുന്ന ഇന്ത്യന്‍ ട്രക്ക് വിപണിയില്‍ അഞ്ച് വര്‍ഷം മുമ്പെ മാത്രം പ്രവേശിച്ച ഡയംലര്‍ ഇപ്പോള്‍ വിപണിയിലെ ഒരു ചെറിയ കളിക്കാരന്‍ മാത്രമാണ്. 

വിപണിയുടെ 60 ശതമാനം ടാറ്റയും 20 ശതമാനം അശോക് ലെയ്‌ലാന്‍ഡും 10 ശതമാനം ഐഷര്‍-വോള്‍വോയുമാണ് കൈയടക്കിയിരിക്കുന്നത്. അവശേഷിക്കുന്ന 10 ശതമാനത്തില്‍ മാന്‍, മഹീന്ദ്ര-നാവിസ്റ്റാര്‍, എസ്എംഎല്‍ ഇസുസു എന്നീ ബ്രാന്‍ഡുകളില്‍ ഒന്നുമാത്രമായിരുന്ന ഭാരത്‌ബെന്‍സിനെ വിപണിയിലെ വലിയ കളിക്കാരില്‍ ഒരാളാക്കി മാറ്റും ബി.എസ്.4 എന്നാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ട ടിപ്പര്‍, ഹോളേജ്, ട്രാക്റ്റര്‍ വിഭാഗങ്ങളില്‍ പെട്ട മോഡലുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ ഉര്‍വശീശാപം ഭാരത്‌ബെന്‍സിന് ഉപകാരമായി മാറിയേക്കാം. 

Bharat Stage
ഭാരത് ബെന്‍സ് ടിപ്പര്‍