ണ്ണയിട്ടു തിളങ്ങുന്ന കറുത്ത സിക്‌സ് പാക് ബോഡി. നെറ്റിയില്‍ ചന്ദനക്കുറിപോലെ മഞ്ഞനിറം. സദാ മുഖത്ത് തെളിഞ്ഞ ചിരി. ഇതായിരുന്നു അംബാസഡര്‍. ചെറിയ നാട്ടിന്‍പുറങ്ങളിലെ കവലകളില്‍ അവന്‍ തലയുയര്‍ത്തി നിന്നു. ഗള്‍ഫുകാരും പുത്തന്‍പണക്കാരും മാത്രം അവനെ സ്വന്തമാക്കി. മന്ത്രിമാരും തലമുതിര്‍ന്ന നേതാക്കളും കുട്ടിയെപ്പോലെ ഒപ്പം കൊണ്ടുനടന്നു. അംബിയെന്ന ഓമനപ്പേരിട്ടാണ് നമ്മള്‍ ഇവനെ വിളിച്ചത്. മന്ത്രിമാരുടെ ഇഷ്ടവാഹനമായിരുന്നു അംബാസഡര്‍. കാര്‍ എന്ന് മലയാളികള്‍ അറിഞ്ഞു തുടങ്ങിയത് അംബാസഡറിലൂടെയാണ്. ആ തലയെടുപ്പും ഫസ്റ്റ് ഗിയറിലേക്കിട്ട് വലിപ്പിക്കുമ്പോഴുള്ള പുകതുപ്പിയുള്ള പോക്കും ആരു മറക്കും. 

സ്റ്റിയറിങ്ങിനു തൊട്ടുതാഴെയുള്ള ഗിയര്‍ തന്നെയായിരുന്നു അദ്ഭുതം. ക്ലച്ച് ചവുട്ടി അമര്‍ത്തി മുഴുവന്‍ ശക്തിയുമുപയോഗിച്ച് ഫസ്റ്റിലേക്ക് മാറ്റുന്ന ഡ്രൈവറുടെ മുഖത്ത് ലോകം കീഴടക്കിയ ഭാവം. കാറുകളെ സ്‌നേഹിച്ച ആരുടെയും കുട്ടിക്കാലത്ത് ഇത്തരം ഓര്‍മകളുണ്ടായിരിക്കും. ജന്മംകൊണ്ട് ഇംഗ്ലീഷുകാരനാണെങ്കിലും മനസ്സുകൊണ്ട് ഇന്ത്യക്കാരനായിരുന്നു അംബാസിഡര്‍. ഓക്‌സ്ഫഡിലെ മോറിസ് മോട്ടോഴ്സ് ലിമിറ്റഡായിരുന്നു ആദ്യ അംബാസഡര്‍ നിര്‍മിച്ചത്. 1956 മുതല്‍ 1959 വരെയായിരുന്നു അവിടെ നിര്‍മിച്ചത്. 1958-ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 2014 വരെ ഇവിടെ നിര്‍മിച്ചു. നഷ്ടത്തിലായതിനെത്തുടര്‍ന്ന് 2017-ല്‍ പി.എസ്.എ. ഗ്രൂപ്പിന് കൈമാറുകയായിരുന്നു. 

Read More; അംബാസഡറില്‍ ഇനി പ്യൂഷെയുടെ സഞ്ചാരം

ബംഗാളിലെ ഉത്തര്‍പര പ്ലാന്റിലായിരുന്നു അംബാസഡറിന്റെ നിര്‍മാണം. മാര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന്, നാല്, നോവ, 1800 ഐ.എസ്.ഇസെഡ്, ക്ലാസിക് എന്നിങ്ങനെയായിരുന്നു തുടക്കം. അവസാനഘട്ടത്തില്‍ ഗ്രാന്‍ഡ്, അവിഗോ, എന്‍കോര്‍ എന്നീ വേരിയന്റുകളിലും പുറത്തിറങ്ങി. മാര്‍ക്ക് വണ്ണായിരുന്നു ഇന്ത്യയിലെ തുടക്കം. അന്നുതന്നെ 1476 സി.സി.സൈഡ് വാല്‍വ് പെട്രോള്‍ എന്‍ജിനായിരുന്നു. ഉപജ്ഞാതാവായ മോറിസ് മോട്ടോറിന്റെതില്‍ നിന്ന് വന്‍ മാറ്റങ്ങളുമായായിരുന്നു മാര്‍ക്ക് വണ്‍ ഇന്ത്യയിലെത്തിയത്. പ്രധാനമായും ഡാഷ് ബോര്‍ഡ്, സ്റ്റിയറിങ്ങിലുമായിരുന്നു മാറ്റം. സ്റ്റിയറിങ്ങ് ഫോര്‍ സ്‌പോക്കില്‍ നിന്ന് ത്രീ സ്‌പോക്കില്‍. പുതിയ ബോണറ്റും മാര്‍ക്ക് വണ്ണിനായി ഒരുക്കി. 

Ambassador Car

അക്കാലത്ത് ഇന്ത്യയില്‍ ഇത്തരത്തിലൊരു വാഹനം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 1959 സൈഡ് വാല്‍വ് എന്‍ജിന്‍ മാറ്റി, 1489 സി.സി. 55 ബി.എച്ച്.പി. നല്‍കുന്ന ബി.എം.സി. ബി സീരിസ് പെട്രോള്‍ എന്‍ജിനിലേക്ക് മാറി. 1964-ലായിരുന്നു മാര്‍ക്ക് ടു വന്നത്. മുന്നിലെ ഗ്രില്ലിന്റെ രൂപം മാറുകയും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും ഡാഷ് ബോര്‍ഡിനുമെല്ലാം മാറ്റവും സംഭവിച്ചു. മൂന്നാം തലമുറ വന്നത് 1975-ലായിരുന്നു. അപ്പോഴും ഗ്രില്ലില്‍ ആധുനികത കൊണ്ടുവന്നു. 1977-ലും 1878-ലും മാര്‍ക്ക് ത്രീ 1760 സി.സി. മോറിസ് 1.5 ലിറ്റര്‍ ഇന്‍ലേന്‍ ഫോര്‍ എന്‍ജിനാക്കി മാറ്റി. ഇതുതന്നെ മാര്‍ക്ക് ഫോറിലും തുടര്‍ന്നു. എന്നാല്‍ മാര്‍ക്ക് ഫോറില്‍ ഡീസല്‍ എന്‍ജിന്‍ കൊണ്ടുവന്നു. 1489 സി.സി. 37 ബി. എച്ച്.പി. ബി.എം. സി.ബി. സീരിസ് ഡീസല്‍ എന്‍ജിനായിരുന്നു അത്. 

തൊണ്ണൂറിലാണ് അംബാസഡറിന്റെ ലക്ഷ്വറി വേര്‍ഷനിലേക്ക് കടന്നുകൊണ്ടുള്ള നോവ വരുന്നത്. 55 ബി.എച്ച്.പി പെട്രോളും 37 ബി.എച്ച്.പി ഡീസലുമായിരുന്നു നോവയ്ക്കായി ഇറക്കിയത്. പുതിയ സ്റ്റിയറിങ്, ബ്രേക്ക് പെഡല്‍, ഗ്രില്‍ എന്നിവ നോവയ്ക്ക് പുതിയ മുഖം നല്‍കി. അപ്പോഴേക്കും ഇന്ത്യയില്‍ മാരുതി വിപ്‌ളവം തുടങ്ങിക്കഴിഞ്ഞിരുന്നു. പിടിച്ചുനില്‍ക്കാനായി അംബിയുടെ പതിനെട്ടാമത്തെ അടവുമായി 1800 ഐ.എസ്.ഇസെഡ്, ഗ്രാന്‍ഡ്, അവിഗോ എന്നിവയിറങ്ങിയെങ്കിലും പിന്നീട് നിലനില്‍പ്പുണ്ടായില്ല. 

ബി.എസ്. ഫോര്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് നിലവില്‍ വന്നതോടെ 2011-ല്‍ അംബാസഡര്‍ ടാക്‌സികള്‍ റോഡുകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. അതോടൊപ്പം മാരുതി വിപ്ലവവും ഇന്ത്യന്‍ റോഡുകള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് തുറന്നുകൊടുക്കുകയും കൂടി ചെയ്തതോടെ ഭീമന്റെ പതനം പൂര്‍ണമായി. 2014-ല്‍ അവസാന കാര്‍ വിറ്റത് 5,22,000 രൂപയ്ക്കായിരുന്നു. എന്നാല്‍, ലോകത്തിലെ വന്‍കിട കമ്പനിയായ പ്യൂഷേ ഗ്രൂപ്പ് ഏറ്റെടുത്തതോടെ പ്രത്യാശയുടെ ചെറിയ കിരണം പൊഴിക്കുകയാണ്. 

Ambassador Cars