പറക്കേണ്ടിവന്നാല്‍ ചക്രങ്ങള്‍ ഉപേക്ഷിച്ച് വാഹനം പറന്നുയരും, എട്ട് റോട്ടറുകളാണ് ചെറുകാറിനെ പറത്തുന്നത്.

ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ക്ക് പിന്നാലെയാണ് വാഹന നിര്‍മാതാക്കള്‍. പരിസ്ഥിതി സൗഹൃദ കാറുകള്‍ വികസിപ്പിക്കുന്നതിനാണ് അവര്‍ രണ്ടാംസ്ഥാനം നല്‍കുന്നത്. എന്നാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന എയര്‍ബസ് മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. പറക്കും കാറുകള്‍ വ്യാപകമാക്കുകയാണ് അവരുടെ ലക്ഷ്യം. 

ഇതൊരു വിദൂര സ്വപ്നമല്ല, പറക്കുംകാറുകള്‍ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു എന്നാണ് 87-ാംമത് ജനീവ മോട്ടോര്‍ഷോയില്‍ എയര്‍ബസ് അവതരിപ്പിച്ച പോപ്പ് അപ്പ് എന്ന കോണ്‍സപ്റ്റ് വാഹനം വ്യക്തമാക്കുന്നത്. നാല് ചക്രങ്ങളില്‍ റോഡിലൂടെ ഓടാനും ആവശ്യം വരുമ്പോള്‍ ചിറകുവിരിച്ച് പറക്കാനും കഴിയുന്ന കുഞ്ഞന്‍ കാറാണ് പോപ്പ് അപ്പ്. 

പ്രോജക്ട് വാഹന എന്ന പേരുനല്‍കിയാണ് എയര്‍ബസ് ഇത് വികസിപ്പിച്ചത്. പറക്കേണ്ടിവന്നാല്‍ ചക്രങ്ങള്‍ ഉപേക്ഷിച്ച് വാഹനം പറന്നുയരും. റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചോ മൊബൈല്‍ ആപ്പ് വഴിയോ നിയന്ത്രിക്കാവുന്ന പറക്കും കാറാണ് പോപ്പ് അപ്പ്. ഭാരം തീരെക്കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. 

AirBus

2.6 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയും 1.4 മീറ്റര്‍ ഉയരവുമാണ് വാഹനത്തിനുള്ളത്. എട്ട് റോട്ടറുകളാണ് ചെറുകാറിനെ പറത്തുന്നത്. ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഒരു പറക്കല്‍ കഴിഞ്ഞാല്‍ വാഹനം വീണ്ടും ചാര്‍ജ് ചെയ്യേണ്ടിവരും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല വാണിജ്യ ആവശ്യത്തിനായാണ് വാഹനം വികസിപ്പിച്ചതെന്ന് എയര്‍ബസ് അവകാശപ്പെടുന്നു. 

Airbus

പറക്കും ടാക്സികളാവാം നിര്‍മ്മാതാക്കളുടെ മനസിലെന്നാണ് സൂചന. അമേരിക്കന്‍ കമ്പനിയായ ടെറാഫ്യൂജിയയുടെ പറക്കും കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉടന്‍ പുറത്തിറങ്ങുമെന്ന്‌ അഭ്യൂഹങ്ങള്‍ക്കിടെയാണ് സമാനരീതിയിലുള്ള വാഹനവുമായി വ്യോമയാന രംഗത്തെ പ്രമുഖരായ എയര്‍ബസും വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 

AirBus