സംസ്ഥാനത്ത് ഈ ടൂറിസം സീസണിലെ രണ്ടാമത്തെ ആഡംബരക്കപ്പല്‍ സില്‍വര്‍ ഡിസ്‌കവറര്‍ വെള്ളിയാഴ്ച വിഴിഞ്ഞത്തെത്തും. ലോകസഞ്ചാരത്തിനിടെ കൊച്ചിയില്‍നിന്ന് കൊളംബോയിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്. രാവിലെ 6.30ന് സഞ്ചാരികള്‍ വിഴിഞ്ഞം വാര്‍ഫില്‍ ഇറങ്ങും. 

ബഹാമാസ് രജിസ്ട്രേഷനിലുള്ള കപ്പല്‍ 120 യാത്രക്കാരും 70 ജീവനക്കാരുമായാണെത്തുന്നത്. 103 മീറ്റര്‍ നീളമുള്ള കപ്പലിന് ഏഴു ഡെക്കുകളുണ്ട്. വലിപ്പക്കൂടുതലുള്ളതു കാരണം കപ്പല്‍ തുറമുഖ വാര്‍ഫില്‍ അടുക്കില്ല. പുറംകടലില്‍ നങ്കൂരമിട്ടശേഷം സഞ്ചാരികളെ ബോട്ടില്‍ കരയിലെത്തിക്കും. 

കരയിലെത്തുന്ന സഞ്ചാരികളെ ആഡംബര ബസില്‍ കോവളത്തെയും തിരുവനന്തപുരം നഗരത്തിലെയും കാഴ്ചകള്‍ കാണാന്‍ കൊണ്ടുപോകും. ഉച്ചയ്ക്ക് കപ്പല്‍ കൊളംബോയിലേക്കു പോകും. ഈ സീസണിലെ ആദ്യത്തെ യാത്രാക്കപ്പല്‍ ഐലന്‍ഡ് സ്‌കൈ കഴിഞ്ഞ മാസം വിഴിഞ്ഞത്തെത്തിയിരുന്നു.