ഊട്ടി: ഒരു നൂറ്റാണ്ട് നീലഗിരി മല കയറിയിറങ്ങിയ 37384-ാം നമ്പര്‍ നീരാവി എന്‍ജിന്‍ ഇനി ഊട്ടിയില്‍ ചരിത്രസ്മാരകമാകും. 1908-ലാണ് മേട്ടുപ്പാളയത്തില്‍നിന്ന് ഊട്ടിയിലേക്ക് തീവണ്ടി ഓടിത്തുടങ്ങിയത്. നീലഗിരിക്കുള്ള ബ്രിട്ടീഷുകാരുടെ സംഭാവനയായിരുന്നു 2004-ല്‍ യുനെസ്‌കോയുടെ ലോകപൈതൃക അംഗീകാരം നേടിയ ഈ തീവണ്ടിപ്പാത.  

മലനിരകളും താഴ്‌വാരകളും ഗുഹകളും യൂക്കാലിപ്റ്റസ് കാടുകളും തേയിലത്തോട്ടങ്ങളും നീലഗിരിയുടെ മാത്രം സ്വന്തമായ ബ്രിട്ടീഷ് പച്ചക്കറിത്തോട്ടങ്ങളും താണ്ടിയുള്ള യാത്ര. 46 കിലോമീറ്റര്‍ വരുന്ന പാതയില്‍ 48 തുരങ്കങ്ങളും 250 വളവുകളുമുണ്ട്. വേഗത മണിക്കൂറില്‍ 10 മുതല്‍ 30 കിലോമീറ്റര്‍വരെ.

വാണിജ്യാവശ്യത്തിനുവേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഈ തീവണ്ടിപ്പാത ഒരുക്കിയതെങ്കിലും പിന്നീട് ഇത് നീലഗിരിയുടെ പ്രധാന വിനോദ ഇനമായി മാറുകയായിരുന്നു. 1914 മുതല്‍ മലയോര തീവണ്ടിയേയും വലിച്ച് കിതച്ചും അല്പംനിന്ന് കിതപ്പ് മാറ്റിയും വെള്ളംകുടിച്ചും തീപ്പുകതുപ്പിയും ഒരേതാളത്തില്‍ മല കയറിയിറങ്ങി നൂറ്റാണ്ട് പിന്നിട്ട നീരാവി എന്‍ജിനാണ് ഊട്ടിയില്‍ പ്രദര്‍ശനത്തിന് വെയ്ക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിലെ സ്വിസ്സ് ലോക്കൊമൊട്ടീവ് കമ്പനിയാണ് എന്‍ജിന്‍ നിര്‍മിച്ചത്. രണ്ടുവര്‍ഷം മുമ്പ് കൂനൂര്‍ റെയില്‍വേ ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ഈ എന്‍ജിന്‍ നീലഗിരി ജനതയുടെ ആവശ്യപ്രകാരം മേട്ടുപ്പാളയത്തേക്ക് കൊണ്ടുപോയി അറ്റകുറ്റപ്പണികള്‍ നടത്തി സുന്ദരിയാക്കിയാണ് കൂനൂരില്‍ കൊണ്ടുവന്നത്. ഊട്ടിയില്‍ പ്രത്യേകമായൊരുക്കിയ ട്രാക്കിലായിരിക്കും ഇനിയുള്ള കാലം എന്‍ജിന്റെ വിശ്രമം.