മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രതിദിനം 900 വിമാന സര്‍വീസെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഒരു ഇന്ത്യന്‍ വിമാനക്കമ്പനി ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഭുവനേശ്വര്‍-ചെന്നൈ റൂട്ടില്‍ പറന്നുയര്‍ന്ന എയര്‍ബസ്-എ 320 (6E756) വിമാനമാണ് ഇന്‍ഡിഗോയുടെ റെക്കോഡ് തികച്ചത്.

ഇതോടെ ജെറ്റ് എയര്‍വേസിന്റെയും സ്പൈസ് ജെറ്റിന്റെയും ആകെ വിമാന സര്‍വീസുകളുടെ ഏതാണ്ട് അടുത്തെത്തിയിരിക്കുകയാണ് ഇന്‍ഡിഗോയുടെ വിമാന സര്‍വീസ്. ജെറ്റ് പ്രതിദിനം 650 വിമാനങ്ങളാണ് പറത്തുന്നത്. സ്പൈസ് ജെറ്റ് 343 വിമാനങ്ങളും. എയര്‍ ഇന്ത്യയും അലയന്‍സ് എയറും എയര്‍ ഇന്ത്യ എക്സ്പ്രസ്സും ചേര്‍ന്ന് പ്രതിദിനം 520 സര്‍വീസും നടത്തുന്നു.