'വിപണിയില്‍ ലഭിക്കുന്ന ഏറ്റവും പ്രാപ്യവാഹനമായി അവതരിപ്പിക്കുന്ന ജപ്പാനില്‍ നിന്നുള്ള അഞ്ച് സീറ്റ് കാറാണ് ടൊയോട്ട കൊറോള...' 1966-ല്‍, തങ്ങളുടെ പുതുമോഡലിനെ പറ്റി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പാണിത്.  ഇന്നത്തെ നിലവാരം വെച്ച് നോക്കിയാല്‍ വളരെ വിനയാന്വിതമായ പ്രസ്സ് റിലീസ്. അര നൂറ്റാണ്ടിന് ശേഷം കൊറോളയ്ക്ക് ഈ വിശേഷണങ്ങളൊന്നും വേണ്ട. ലോകമെമ്പാടുമായി നാലര കോടിയോളം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ ഈ മോഡല്‍ ഓട്ടൊമൊബൈല്‍ ചരിത്രത്തിലെ ബെസ്റ്റ് സെല്ലിങ്ങ് കാറാണ്. കഴിഞ്ഞ നാല്  വര്‍ഷമായി ആ വാഹനത്തിന്റെ 11-ാം തലമുറയില്‍പെട്ട മോഡലുകളാണ് വിപണിയില്‍. 

new corolla
കൊറോളയുടെ പതിനൊന്നാം തലമുറ മോഡല്‍

1961-ല്‍ ജപ്പാന്റെ ദേശീയകാര്‍ എന്ന നിലയില്‍ ടൊയോട്ട അവതരിപ്പിച്ച പബ്ലിക്ക എന്ന 700 സി.സി. കോംപാക്ട് കാറില്‍ നിന്നാണ് കൊറോളയുടെ തുടക്കം. ജനങ്ങളുടെ നിത്യോപയോഗത്തിനുള്ള വാഹനം എന്ന സങ്കല്‍പത്തിലായിരുന്നു പബ്ലിക്ക അവതരിപ്പിക്കപ്പെട്ടത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചീഫ് എഞ്ചിനീയറായ ഷിറോ സകാക്കിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ 'സാങ്കേതികവിദ്യയുടെ കാര്യത്തില്‍ അതൊരു ഗംഭീര കാറായിരുന്നു, പക്ഷേ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പബ്ലിക്ക പരാജയപ്പെട്ടു.'

corolla first model
കൊറോളയുടെ ആദ്യ മോഡല്‍

അങ്ങനെയാണ് അതുക്കും മേലെയുള്ള ഒരു മോഡല്‍ സൃഷ്ടിക്കാന്‍ ടൊയോട്ട ശ്രമം തുടങ്ങിയത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അല്‍പം കൂടി കിടിലന്‍ ഒരു കാര്‍. 1000 സിസി കാറാണ് വിഭാവനം ചെയ്തതെങ്കിലും ആറ് മാസത്തിനുള്ളില്‍ വിപണിയില്‍ എത്തിക്കേണ്ടതിനാല്‍ എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റ് 1100 സിസി ആക്കേണ്ടി വന്നു. കാഡ് (സിഎഡി-കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍) പോലുള്ള സാമഗ്രികളൊന്നും ഇല്ലാത്ത കാലമായതിനാല്‍ രൂപകല്‍പന ചെയ്യുന്നവര്‍ക്ക് ചിത്രങ്ങളൊക്കെ കൈകകൊണ്ടുതന്നെ വരയ്ക്കേണ്ടി വന്നു, കാറിന് ഇണങ്ങുന്ന പല പാര്‍ട്ടുകളും പുതിയതായി നിര്‍മിക്കേിണ്ടയും വന്നു. 

corolla first model
കൊറോളയുടെ ആദ്യ മോഡല്‍ - ഇന്റീരിയര്‍ രൂപം

എന്തൊക്കെയായാലും ലോഞ്ച് ഡേറ്റിന് മുമ്പെ തന്നെ നിര്‍മാണത്തിന്റെ ജോലികളെല്ലാം അവര്‍ പൂര്‍ത്തിയാക്കി. മുന്നില്‍ രണ്ട് ബക്കറ്റ് സീറ്റുകളും പിന്നില്‍ സോഫയെ അനുസ്മരിപ്പിക്കുന്ന ബെഞ്ച് സീറ്റും. കോംപാക്റ്റ് കാറായിരുന്നെങ്കിലും റൂഫിന്റെ ഉയരക്കൂടുതല്‍ മൂലം ഉള്ളില്‍ ധാരാളം സ്ഥലം ഉണ്ടെന്ന് തോന്നും. അന്നത്തെ 1000 സിസി കാറുകള്‍ക്ക് പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്ററായിരുന്നു, കൊറോളയ്ക്ക് മണിക്കൂറില്‍ 150 കിലോമീറ്റര്‍ പോകാന്‍ കഴിയുമായിരുന്നെങ്കിലും ബ്രോഷറിലും കാറ്റലോഗിലുമെല്ലാം 140 കി.മി.  മാത്രമെ കമ്പനി അവകാശപ്പെട്ടിരുന്നുള്ളു. അതിന് അവര്‍ ഗുണവുമുണ്ടായി-രൂപഭംഗിയും ഉപയോഗക്ഷമതയുമെല്ലാം ആസ്വദിച്ച് കാര്‍ വാങ്ങിയ ഉപഭോക്താക്കള്‍ വിചാരിച്ചതിലും വേഗത്തില്‍ വണ്ടിയോടുകയും ചെയ്യുന്നതില്‍ വിസ്മയിച്ചു. ഈ വിവരം അവര്‍ വാമൊഴിയായി പ്രചരിപ്പിച്ചു. 

രണ്ട് വര്‍ഷം കൊണ്ട് കൊറോള ജപ്പാനിലെ ബെസ്റ്റ് സെല്ലറായി. ആ പ്രശസ്തി പുറംനാടുകളില്‍ പ്രചരിക്കാനും തുടങ്ങി. എന്തിനേറെ പറയുന്നു, 1968 ആയപ്പോഴേക്കും തുടക്കത്തില്‍ പ്രതിവര്‍ഷം 4.8 ലക്ഷം കൊറോളകള്‍ നിര്‍മിച്ചിരുന്നത് 11 ലക്ഷമായി ഇരട്ടിച്ചു. ജപ്പാനിലെ ടക്കയോക്കയിലെ ഫാക്ടറിക്ക് ഇത്രയും സ്ഥാപിതശേഷി ഇല്ലാത്തതിനാല്‍ ഓസ്‌ട്രേലിയയിലും മലേഷ്യയിലും ഓരോ പ്ലാന്റുകള്‍ കൂടി നിര്‍മിക്കേണ്ടി വന്നു ടൊയോട്ടക്ക്. 1970 ആയപ്പോഴേക്കും കാറിന്റെ രണ്ടാം തലമുറ അവതരിപ്പിക്കുന്നതിനെപ്പറ്റിയും ചിന്തിക്കേണ്ടി വന്നു. 

corolla
രണ്ടാം തലമുറ കൊറോള സ്പ്രിന്റര്‍

ടൊയോട്ടയുടെ തന്നെ വിപണിയില്‍ വിജയിച്ച സ്പ്രിന്റര്‍ മോഡലില്‍ നിന്ന് പലതും ഉള്‍ക്കൊണ്ടായിരുന്നു പുതിയ മോഡല്‍. പേര് കൊറോള സ്പ്രിന്റര്‍. ഇത്തവണ കാറിന് ഒരു കൂപ്പെ വേര്‍ഷനും ഉണ്ടായിരുന്നു. 1974 ഏപ്രിലില്‍ മൂന്നാം തലമുറ കൊറോള വിപണിയിലെത്തി.

second generation corolla
രണ്ടാം തലമുറ കൊറോള സ്പ്രിന്റര്‍ - ഇന്റീരിയര്‍

പുകനിയന്ത്രണത്തിനും കൂട്ടിയിടിയിലെ അപകടങ്ങള്‍ കുറയ്ക്കാനുമുള്ള സംവിധാനങ്ങള്‍ ഇണക്കിച്ചേര്‍ക്കാന്‍ ഫീച്ചറില്‍ ചില മാറ്റങ്ങള്‍ കമ്പനി വരുത്തിയിരുന്നു. 1977-ല്‍ മൊത്തവില്‍പ്പന 2.6 കോടി കവിഞ്ഞ മൂന്നാം തലമുറ കൊറോളയുടെ വില്‍പ്പന 1979 വരെയാണ് നീണ്ടുനിന്നത്.

third generation corolla
മൂന്നാം തലമുറ കൊറോള

1979 മാര്‍ച്ചില്‍ നാലാം തലമുറ സെഡാന്‍ വിപണിയിലെത്തി. വീല്‍ബേസ് കൂടിയെന്ന് മാത്രമല്ല, പുതിയ കൊറോളയ്ക്ക് ഏഴ് വേരിയേഷനുകളുമായിരുന്നു: രണ്ടും നാലും ഡോറുകളുള്ള രണ്ട് സെഡാനുകള്‍, അതുപോലെ രണ്ട് വാനുകള്‍, ഒരു കൂപ്പെ, ഹാര്‍ഡ് ടോപ്പ്, ലിഫ്റ്റ് ബാക്ക് എന്നിവയായിരുന്നു അവ.

corolla 4th
നാലാം തലമുറ കൊറോള

കൂടുതല്‍ നേര്‍രേഖകള്‍ നിറഞ്ഞതായിരുന്നു ബാഹ്യരൂപം. ശരിക്കും സമഗ്രമായ അടുത്ത തലമുറമാറ്റം ഉണ്ടായത് 1983-ലാണ്. പഴയ ഫ്രണ്ട് എഞ്ചിന്‍-റിയര്‍ വീല്‍ ഡ്രൈവ് മാറി ഫ്രണ്ട് എഞ്ചിന്‍-ഫ്രണ്ട്  വീല്‍ ഡ്രൈവുമായി ഇറങ്ങിയ പുതിയ കൊറോള ഒരു കുടുംബ സെഡാനായിരുന്നു. 

corolla 5th
അഞ്ചാം തലമുറ കൊറോള

ഇതേ രീതിയില്‍ 1987-ല്‍ ആറാം തലമുറയും 1991-ല്‍ ഏഴാം തലമുറയും 1995-ല്‍ എട്ടാം തലമുറയും 2000-ല്‍ ഒമ്പതാം തലമുറയും 2006-ല്‍ പത്താം തലമുറയും 2012-ല്‍ 11-ാം തലമുറയും കൊറോളകള്‍ വിപണിയിലെത്തി. ഈ പരിണാമങ്ങള്‍ക്കിടയിലെല്ലാം ആ മോഡല്‍ എന്തായിരിക്കണം എന്നതിനെ പറ്റി ടൊയോട്ടയുടെ സങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടായില്ല. സാധാരണക്കാരന് താങ്ങാനാവുന്ന, നിത്യോപയോഗക്ഷമതയുള്ള ഒരു കാര്‍. അതിന് ഗുണമേന്മയും വിശ്വാസ്യതയും ഈട്‌നില്‍പ്പും ഉണ്ടാകണം. ആ നിര്‍ബന്ധം കാരണമാണ് 1976-ല്‍ ആദ്യമായി അമേരിക്കയിലെത്തിയ കൊറോള 1970 ആയപ്പോഴേക്കും വില്‍പ്പന മില്യണ്‍ മാര്‍ക്ക് കടന്നത്.

corolla 6th
ആറാം തലമുറ കൊറോള

1997-ല്‍ കൊറോളയുടെ ആഗോളവില്‍പ്പന 2.26 കോടി കടന്നതോടെ ആ മോല്‍ ലോകത്തിലെ തന്നെ ബെസ്റ്റ് സെല്ലിങ്ങ് കാര്‍ ആയി. 2013-ല്‍ അത് നാല് കോടി മാര്‍ക്കും പിന്നിട്ടു. ആദ്യ കൊറോള ഡിസൈന്‍ ചെയ്ത ചീഫ് എഞ്ചിനിയറായ ഷിറോ സാക്കിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അവര്‍ക്ക് തന്നെ ഡ്രൈവ് ചെയ്യാന്‍ മോഹം തോന്നിപ്പിക്കുന്ന കാറുകളാണ് കൊറോള എഞ്ചിനിയര്‍മാര്‍ തയ്യാറാക്കുന്നത്. വിപണിയില്‍ അര നൂറ്റാണ്ട് പിന്നിട്ട ശേഷവും കൊറോള ഇന്നും ജനപ്രിയ കാര്‍ ആയി തുടരുന്നതിന്റെ രഹസ്യവും അതാണ്.

7th generation corolla
ഏഴാം തലമുറ കൊറോള
8th generation corolla
കൊറോള - എട്ടാം തലമുറ
9th generation corolla
കൊറോള - ഒമ്പതാം തലമുറ
10th generation corolla
കൊറോള - പത്താം തലമുറ