മെഴ്‌സഡീസ് ബെന്‍സ് എന്ന് മുഴുവന്‍ വേണ്ട, മെഴ്‌സഡീസ് എന്നോ അതിന്റെയും ചുരുക്കമായ മെര്‍ക് എന്നോ പറഞ്ഞാല്‍ മതി, മനസ്സിലേക്ക് ഓടിവരും കോടീശ്വരന്മാരുടെ ഒരു ആഡംബരവാഹനം. ഈ കാര്‍ നിര്‍മിക്കുന്ന ഡയംലര്‍-ബെന്‍സ് എന്നത് കമ്പനിയുടെ കാരണക്കാരായ എഞ്ചിനിയര്‍മാര്‍ ഗോട്‌ലിബ് ഡയംലറുടെയും കാള്‍ ബെന്‍സിന്റെയും കുടുംബനാമങ്ങളാണ്. ഇരുവരെയും പറ്റി ധാരാളം വിവരങ്ങള്‍ പൊതുവേദിയില്‍ ലഭ്യമാണ്. പക്ഷേ, ഈ മെഴ്‌സിഡീസ് ആരാണെന്ന് മിക്കവര്‍ക്കും അറിയില്ല. ജര്‍മനില്‍ അതൊരു സ്ത്രീനാമമാണ്, പക്ഷേ അതിനുടമയായ സ്ത്രീ ആരാണ് ? ആ സുന്ദരിയുടെ ഒരു ചിത്രം പോലും ഏറെപ്പേരും കണ്ടിട്ടില്ല.

merca
മെഴ്‌സഡീസ് 
പത്താം വയസ്സില്‍

ഡയംലര്‍ കാറുകളുടെ ആദ്യകാല ഡീലറായ ആസ്ട്രിയക്കാരന്‍ എമില്‍ ജെല്ലിനക്കിന്റെ മകളാണ് മെഴ്‌സിഡീസെന്നും ജെല്ലിനക്കിനോടുള്ള അടുപ്പം കൊണ്ടാണ് കമ്പനി ഒരു മോഡലിന് ആ പേരിട്ടതെന്നും പിന്നീട്‌ വ്യക്തമായെങ്കിലും കഥാനായികയെപ്പറ്റിയുള്ള വിവരങ്ങള്‍ അപൂര്‍ണമായിരുന്നു. 130 വര്‍ഷം മുമ്പ് ജര്‍മനിയിലെ മാന്‍ഹെയിമില്‍ കാള്‍ ബെന്‍സും 100 കിലോമീറ്റര്‍ അകലെ സ്റ്റട്ഗര്‍ട്ടില്‍ എഞ്ചിനിയര്‍മാരായ ഗോട്‌ലിബ് ഡയംലര്‍ സുഹൃത്ത് വില്‍ഹെം മേയ്ബാക്ക് എന്നിവരും ഓരോ മോട്ടോര്‍ കാര്‍ നിര്‍മിച്ചു, വില്‍പ്പനക്കായി കാറുകള്‍ നിര്‍മിക്കുന്ന കമ്പനികളും തുടങ്ങി. പരസ്പരസഹായമില്ലാതെ നിര്‍മിച്ച വാഹനങ്ങളായതിനാല്‍ ഇരുകൂട്ടരും വെവ്വേറെ പേരുകളിലാണ് പരിപാടി തുടങ്ങിയത്. ഡയംലര്‍-മൊട്ടറന്‍-ഗെസല്‍ഷഫ്റ്റും ബെന്‍സ് ആന്‍ഡ് സിയും.

benz diamler
കാള്‍ ബെന്‍സ്, ഗോട്ലിബ് ഡയംലര്‍

ഇരുകമ്പനികളും വണ്ടികള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്‌തെങ്കിലും ആഗ്രഹിച്ചത് പോലെ നൂറുകണക്കിന് ആളുകളൊന്നും വണ്ടി വാങ്ങാന്‍ ഓടിയെത്തിയില്ല. ജര്‍മനിയില്‍ പൊതുവെ ആ കണ്ടുപിടിത്തത്തോട് ജനം വലിയ ആവേശവും കാണിച്ചില്ല. പക്ഷേ, അപ്പുറത്ത് ഫ്രാന്‍സിലെ നീസില്‍ എമില്‍ ജെല്ലനിക് എന്ന ആസ്ട്രിയന്‍ ബിസിനസ്സുകാരന്‍ കാര്‍ കണ്ട നിമിഷം ഒരു വാഹനപ്രേമിയായി. ഒരു ബെന്‍സ് വിക്റ്റോറിയയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഫോര്‍ വീലര്‍. 1896-ല്‍ ഒരു പരസ്യത്തിലൂടെ ഡയംലറിനെ പറ്റി അറിഞ്ഞ അദ്ദേഹം ഉടന്‍ ജര്‍മനിയിലെത്തി തന്റെ ആവശ്യങ്ങള്‍ കമ്പനിയെ കണിശമായി അറിച്ചു - ഇലക്ട്രിക് ഇഗ്നിഷ്യനടക്കം അക്കാലത്തെ മികച്ച സാങ്കേതികവിദ്യകളെല്ലാം വേണം, വണ്ടി നന്നായി ഓടുകയും വേണം. 

Jellenic
നീസില്‍ എമില്‍ ജെല്ലനിക്

1897-ല്‍ ഡയംലര്‍ ഉണ്ടാക്കിക്കൊടുത്ത കാര്‍ നല്ലതായിരുന്നെങ്കിലും വേഗം മണിക്കൂറില്‍ 15 മൈല്‍ (24 കി.മി.) മാത്രമായിരുന്നു. പിറ്റേക്കൊല്ലം മറ്റൊരു ആവശ്യവുമായി അദ്ദേഹം മടങ്ങിയെത്തി, പഴയ കാറിനേക്കാള്‍ പത്ത് മൈലെങ്കിലും കൂടുതല്‍ വേഗത്തിലോടുന്ന കാര്‍. അങ്ങനെയാണ് 28 ഹോഴ്‌സ് പവറുള്ള ഫീനിക്‌സ് ഉണ്ടായത്. മതിപ്പ് വര്‍ദ്ധിച്ച  ജെല്ലനിക് സ്വയം യൂറോപ്പിലെ സമ്പന്നര്‍ക്കിടയില്‍ കാറിന് പരസ്യങ്ങള്‍ നല്‍കി അതിന്റെ വില്‍പ്പന തുടങ്ങി. മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും അദ്ദേഹം 34 കാറുകള്‍ വിറ്റിരുന്നു. അന്നത്തെ നിലവാരം വെച്ച് വന്‍ കച്ചവടം തന്നെയായിരുന്നു അത്.

ഇതിനിടയില്‍ ഡയംലറുടെ സുഹൃത്തായി മാറിയ ജെല്ലനിക്കും മകള്‍ പത്ത് വയസ്സുകാരി മെഴ്‌സിഡീസും ഡയംലറുടെ കുടുംബത്തിലും സന്ദര്‍ശകരായി. ഇക്കാലത്താണ് സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ ഡയംലര്‍ കാറോട്ട മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ജെല്ലനിക് പറഞ്ഞത്. 'വിജയം നിങ്ങളെ ലോകപ്രശസ്തരാക്കും, വിജയിക്കുന്ന ബ്രാന്‍ഡുകളാണ് ജനം വാങ്ങുക, എപ്പോഴും. കാറോട്ട മത്സരങ്ങളില്‍ നിന്ന് മാറിനിന്നാല്‍ അത് വാണിജ്യ ആത്മഹത്യയാരിക്കും', ഡയംലറോട് അദ്ദേഹം പറഞ്ഞു. ഇങ്ങനെ മത്സരിക്കുന്നതിനിടയില്‍ ഒരു ഫീനിക്‌സ് 28 എച്ച്പി മറിയുകയും ഡ്രൈവര്‍ മരിക്കുകയും ചെയ്തപ്പോള്‍ എഞ്ചിന്‍ പവര്‍ കൂടിയതിനെയാണ് കമ്പനിയിലെ വിദഗ്ധര്‍ പഴിച്ചത്. 

maybach
മേബാക്ക്

ഹൈപവര്‍ കാറുകളുടെ നിര്‍മാണം തന്നെ നിര്‍ത്തണമെന്നും ചിലര്‍ വാദിച്ചു. കാര്‍ മറിഞ്ഞത് കരുത്ത് കൂടിയത് കൊണ്ടല്ലെന്നും വണ്ടിയുടെ ഗുരുത്വകേന്ദ്രം (centre of gravity) ഭൂനിരപ്പിനും വളരെ മുകളില്‍ ആയത് കൊണ്ടാണെന്നും കാര്‍ ഡിസൈനറായ മേബാക്കിന് പറഞ്ഞുകൊടുത്താണ് ജെല്ലനിക് പ്രശ്‌നം പരിഹരിച്ചത്. ഫീനിക്‌സിനേക്കാള്‍ കരുത്തും വേഗവും കൂടുതലുള്ള കാറിന് ഓര്‍ഡര്‍ കൊടുത്തതും ഇതിന് ശേഷമാണ്. ആ ആഗ്രഹപ്രകാരം 1900 ഡിസംബറില്‍ തന്നെ ഡയംലര്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും 35 എച്ച്പി കരുത്തുമുള്ള പുതിയ മോഡല്‍ തയ്യാറാക്കി, റേസ് ട്രാക്കില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടും. മോഡല്‍ അത്രയ്ക്ക് ഇഷ്ടമായതിനാല്‍ നിര്‍മിച്ച 36 വാഹനങ്ങളും ജെല്ലനിക് തന്നെ വാങ്ങി. നന്ദിസൂചകമായി കമ്പനി ആ കാറിന് ജെല്ലനിക്കിന്റെ പ്രിയപുത്രിയുടെ പേരും നല്‍കി.

benz

മൂന്ന് മാസം കഴിഞ്ഞ് നടന്ന നീസ് സ്പീഡ് വീക്ക് മത്സരങ്ങളില്‍ത്തന്നെ മെഴ്‌സിഡീസ് എന്താണെന്ന് ലോകം അറിഞ്ഞു: നാല് ഒന്നാംസ്ഥാനങ്ങളും അഞ്ച് രണ്ടാം സ്ഥാനങ്ങളും! ദീര്‍ഘദൂര റാലികളില്‍, ഹില്‍ ക്ലൈംബുകളില്‍ ഒരു മൈല്‍ സ്പ്രിന്റില്‍... ഇങ്ങനെ വ്യത്യസ്ത ഇനങ്ങളിലായിരുന്നു വിജയങ്ങള്‍. തൊട്ടുമുമ്പത്തെ വര്‍ഷം എല്ലാ വിഭാഗങ്ങളിലും വിജയിച്ച ഫ്രഞ്ച് വാഹനനിര്‍മാതാവ് അവസാന നിമിഷം സ്വന്തം വണ്ടികള്‍ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചു. അതറിഞ്ഞ ഫ്രഞ്ച് ഓട്ടൊമൊബൈല്‍ അസോസിയേഷന്‍ നേതാവ് പറഞ്ഞത്രെ, 'നാം മെഴ്‌സിഡീസ് യുഗത്തിലേക്ക് കടന്നിരിക്കുന്നു'. അന്നുവരെ ഫ്രഞ്ചുകാരാണ് ഏറ്റവും നല്ല കാറുകള്‍ നിര്‍മിക്കുന്നത് എന്നായിരുന്നു പൊതുജനാഭിപ്രായം.

1901-ലെ മെഴ്‌സിഡീസ് വിജയം ആ അഭിപ്രായം മാറ്റിച്ചു. മെര്‍ക്കിന്റെ വിജയം എതിരാളിയായ ബെന്‍സിനെയും ഉത്തേജിപ്പിച്ചു, അവരും കരുത്തും വേഗവും കൂടിയ മോഡലുകള്‍ ഇറക്കാന്‍ തുടങ്ങി. അങ്ങനെയാണ് കാറാണെങ്കില്‍ ജര്‍മനായിരിക്കണം എന്ന തോന്നല്‍ ഉപഭോക്താക്കളില്‍ ഉണര്‍ന്നത്. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് ഡയംലറും ബെന്‍സും പിന്നീട് ലയിച്ച് ഒറ്റ കമ്പനിയായി, മെഴ്‌സിഡീസ് ബെന്‍സ് എന്ന പുതിയ ബ്രാന്‍ഡും പിറന്നു. കാറിന്മേല്‍ സ്വന്തം പേരൊന്നുമില്ലെങ്കിലും ബെന്‍സിന്റെ ഭാര്യ ബെര്‍ത്ത അന്നുതന്നെ പ്രശസ്തയായിരുന്നു. ഭര്‍ത്താവ് നിര്‍മിച്ച് ഗാരേജില്‍ വെച്ച കാറുമെടുത്ത് 100 കിലോമീറ്റര്‍ സഞ്ചരിച്ചതിന്റെ പേരിലായിരുന്നു അത്. പക്ഷേ സ്വന്തം പേരില്‍ ഒരു സൂപ്പര്‍കാര്‍ വിപണിയില്‍ വിറ്റഴിയുന്ന കാലത്ത് ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ പോലും പ്രായമായിട്ടില്ലാത്ത മെഴ്‌സഡീസ് ഇവിടെ വെച്ച് ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷയായി.

മെഴ്‌സഡീസിന് പിന്നിലെ മാലാഖ | Photo Gallery 

1900 ഡയംലറും കുറെ വര്‍ഷങ്ങള്‍ക്കുശേഷം ജെല്ലിനെക്കും അന്തരിച്ചു. അതോടെ ആ പെണ്‍കുട്ടി യുവതിയും ഭാര്യയും അമ്മയും അമ്മൂമ്മയും ഒക്കെ ആവുകയോ ആകാതെയോ യവനികക്കുള്ളിലേക്ക് മറഞ്ഞു. മെഴ്‌സഡീസ്, നീയെവിടെ എന്ന നോവലിന് സാധ്യതയുള്ള കഥ. പക്ഷേ ആരും അതിനൊന്നും ഇറങ്ങിപ്പുറപ്പെട്ടില്ല. എന്നാലും ഈ നിഗൂഢതയ്ക്ക് പെട്ടന്ന് അന്ത്യം വന്നിരിക്കുന്നു. ബെന്‍സിന്റെയും ഡയംലറുടെയും ചരിത്രവുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും സംരക്ഷിക്കാനായി ആരംഭിച്ച ഡയംലര്‍ ആര്‍ക്കൈവ്‌സിലേക്ക് ഒരു സമ്മാനം പോലെയാണ് അത് എത്തിച്ചേര്‍ന്നത്. മെഴ്‌സഡീസിന്റെ മകന്‍ ഹാന്‍സ്-പീറ്റര്‍ ഷ്‌ളോസ്സര്‍ സൂക്ഷിച്ചിരുന്ന ആല്‍ബങ്ങളുടെയും കത്തുകളുടെയും രൂപത്തിലായിരുന്നു അത്.

1889 സപ്തംബർ 16-ന് ജനിച്ച മെഴ്‌സഡീസിന്റെ വിവിധ കാലങ്ങളിലുള്ള ചിത്രങ്ങള്‍ അതിലുണ്ട്. 1909-ല്‍ വിവാഹിതയായ അവര്‍ ഭര്‍ത്താവും വിയന്നയിലെ പ്രഭുവുമായ കാള്‍ ഷ്‌ളോസ്സറിന്റെ ഒപ്പവും മക്കളുടെ ഒപ്പവും നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം പേരില്‍ ലോകപ്രശസ്തമായി മാറിയ കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുന്ന ചിത്രവും- മെഴ്‌സഡീസ് ഒരു മെര്‍ക്കില്‍! 1927-ലെ മെഴ്‌സഡീസിന്റെ പാസ്സ്‌പോര്‍ട്ടിലെ വര്‍ണചിത്രം ആ സുന്ദരിക്ക് പച്ചക്കണ്ണുകളും തവിട്ടുമുടിയുമാണ് ഉണ്ടായിരുന്നത്.

mercedez

1929 ഫിബ്രവരി 23-ന് നാല്‍പ്പത് വയസ്സ് തികയാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അവര്‍ അന്തരിച്ചു. കാന്‍സറായിരുന്നു മരണകാരണം. ഡയംലറും മേബാക്കും ബെന്‍സുമാണ് തൃകോണനക്ഷത്രം ചിഹ്നമാക്കിയ കമ്പനിയുടെ സ്ഥാപകര്‍. പക്ഷേ, ആ പേരുകളേക്കാളെല്ലാം ലോകപ്രശസ്ത കാര്‍ കമ്പനിയുമായി ഏറെ ബന്ധങ്ങളൊന്നുമില്ലാത്ത ഈ അജ്ഞാതസുന്ദരിയുടെ പേരാണെന്നത് ഒരു ചരിത്രകൗതുകം മാത്രമായി അവശേഷിക്കും.