ല്ലാ ആഗസ്റ്റിലും കാലിഫോർണിയയിലെ പെബിള്‍ ബീച്ചില്‍ ക്ലാസ്സിക് കാറുകളുടെ വിശേഷാല്‍ സൗന്ദര്യമത്സരമുണ്ട്, കോണ്‍കോഴ്‌സ് ദ എലഗന്‍സ്. പുത്തന്‍പോലെ സൂക്ഷിച്ച പഴയ കാറുകളുടെ ആ മത്സര പ്രദര്‍ശനത്തിനിടയില്‍ പല പ്രമുഖരും വരാനിരിക്കുന്ന സ്വന്തം വിശേഷ മോഡലുകളും പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ആഗസ്റ്റില്‍ മെഴ്‌സിഡിസാണ് അത്തരം ഒരു കോണ്‍സെപ്റ്റ് മോഡല്‍, വിഷന്‍ മെഴ്‌സിഡിസ്-മേബാക് 6, അവതരിപ്പിച്ചത്. കണ്ടാല്‍ ആരും നോക്കും. ഏതാണ്ട് ആറ് മീറ്റര്‍ നീളവും ഒത്ത വീതിയുമുള്ള നാല് സീറ്റര്‍. ഭൂതകാലത്തിലേക്ക് തിരിച്ചുപോക്ക് പോലെയാണ് കാറിന്റെ ബാഹ്യരൂപം. 

ഒഴുകുന്ന നിമ്‌നോന്നതങ്ങളുള്ള വാഹനത്തിന് മുകളിലൂടെ ഒരു സ്‌പോയിലറിന്റെയും സഹായമില്ലാത പുഷ്പം പോലെ വായു ഒഴുകി മാറും, അത്രയ്ക്ക് തികഞ്ഞ എയ്‌റോഡൈനാമിക്‌സ്. ഉള്ളിലാണെങ്കില്‍ മേത്തരം ലെതര്‍, മരം എന്നിങ്ങനെ ആഢ്യത്തം പ്രകടിപ്പിക്കുന്ന പരമ്പരാഗത വസ്തുക്കള്‍ക്കൊപ്പം തന്നെ ഡ്രൈവറെയും സഞ്ചാരികളെയും വലയം ചെയ്യുന്ന പ്രകൃതിദൃശ്യം പോലെ ഡാഷ് ബോര്‍ഡിലെല്ലാമായി പരന്നുകിടക്കുന്ന അത്യന്താധുനിക സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങളും നവപദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള മറ്റ് നിര്‍മിതികളും... ഇങ്ങനെ വര്‍ണിക്കുന്നതിലും ഭേദം മേബാക് 6-ന്റെ ഈ ചിത്രങ്ങള്‍ കാണുകയാണ്. 

EV
മെഴ്‌സിഡിസ് മേബാക്ക് 6

ഇതിലെല്ലാം വിശേഷം ഈ സൂപ്പര്‍ ആഡംബരകാര്‍ വൈദ്യുതി വണ്ടിയാണെന്നതാണ്. നാല് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് കുതിക്കുന്ന 750 എച്ച്പി എഞ്ചിന്‍, ഒറ്റ ചാര്‍ജിങ്ങില്‍ 500 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററി... പിറ്റേമാസം പാരീസില്‍ നടന്ന ഓട്ടോ ഷോയില്‍ അവരുടെ ഡിസൈന്‍ മേധാവി ഗോര്‍ഡന്‍ വാഗനര്‍ വൈദ്യുതി വാഹനങ്ങളുടെ ഒരു മെഴ്‌സിഡീസ് സബ്-ബ്രാന്‍ഡ് തന്നെ അനാവരണം ചെയ്തു-ഇക്യു. ജനറേഷന്‍ ഇക്യു എന്ന കോണ്‍സപ്റ്റ് എസ്.യു.വി.യായിരുന്നു അവതരിപ്പിച്ചത്. ലോകമെങ്ങും പ്രധാന കമ്പനികളെല്ലാം വൈദ്യുതി വാഹന ഗവേഷണങ്ങള്‍ക്കായി കാര്യമായി ശ്രമങ്ങള്‍ നടത്തിയ കാലത്തെല്ലാം അതില്‍ പ്രകടമായ താല്‍പ്പര്യമില്ലായ്മ കാണിച്ച ഡയംലര്‍-ബെന്‍സ് സൂപ്പര്‍ ആഡംബരവുമായി ഒരു ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നു എന്നതാണ് വാര്‍ത്ത. 

EV
ജനറേഷന്‍ EQ

ഇത്തവണത്തെ ജനീവ ഓട്ടോഷോയില്‍ ബെന്റ്‌ലിയും വൈദ്യുതി കൊണ്ട് ആളുകളെ അമ്പരപ്പിച്ചു. വിരലിലെണ്ണാവുന്ന കൂട്ടത്തിലുള്ള ഈ അള്‍ട്രാ ലക്ഷ്വറി ബ്രാന്‍ഡ് ആഢ്യത്വം വിളിച്ചറിയിക്കാന്‍ പഴമയും പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്നാണ് വിശ്വസിക്കുന്നത്. ഇത്ര കാലവും ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനുമായി പുറത്തിറങ്ങിയ ബ്രാന്‍ഡ് ശുദ്ധമായ ബാറ്ററി കാര്‍ ഇറക്കിയാല്‍ പതിവ് കസ്റ്റമേഴ്‌സ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് ബെന്റ്‌ലി ഇഎക്‌സ്പി 12 സ്പീഡ് 6ഇ കോണ്‍സെപ്റ്റ് എന്ന വണ്ടി അവിടെ കൊണ്ടുവന്നത് എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന കമ്പനി സി.ഇ.ഒ. വോള്‍ഫ്ഗാങ്ങ് ഡ്യുവര്‍ഹെയ്മര്‍ പറഞ്ഞത്. 

കഴിഞ്ഞ കൊല്ലം ഇന്ത്യയുടെ കമ്പനിയായ ജാഗ്വറും ആദ്യമായി ഒരു വൈദ്യുതവണ്ടി -ഐ പേസ്- കോണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചു. പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാറുകള്‍ മാത്രം നിര്‍മിക്കുകയും ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ബ്രാന്‍ഡായി വാഴുകയും ചെയ്യുന്ന പോര്‍ഷെയും മിഷന്‍-ഇ എന്ന പേരില്‍ പൂര്‍ണമായും ബാറ്ററിയിലോടുന്ന മോഡല്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു, സൂപ്പര്‍കാറുകള്‍ മാത്രം നിര്‍മിക്കുന്ന ലംബോര്‍ഗിനി പോലും ഒരു ഇവി നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. 

ev
പോര്‍ഷെ മിഷന്‍-ഇ

എല്ലാം കേട്ട് ആഡംബരക്കാറന്മാര്‍ക്ക് മാത്രമാണ് വൈദ്യുതി സ്‌നേഹം എന്ന് ധരിക്കരുത്. ഓട്ടോവ്യവസായത്തിലെ മിക്ക പ്രമുഖരും എണ്ണ ഇന്ധനമാക്കുന്ന ഇന്റേണല്‍ കമ്പസ്റ്റ്യന്‍ (ഐ.സി.) എഞ്ചിനുകളുള്ള കാറുകള്‍ക്കൊപ്പം ഇലക്ട്രിക് വെഹിക്കിളുകളും (ഇ.വി.കള്‍) നിര്‍മിക്കാനുള്ള തത്രപ്പാടിലാണ്. പുകപരിശോധന വെട്ടിപ്പില്‍ കുടുങ്ങി ശതകോടികളുടെ നഷ്ടവും നാണക്കേടും ഏറ്റുവാങ്ങിയ ഫോക്‌സ്‌വാഗന്‍ വരുന്ന എട്ടുവര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 20 ലക്ഷം ഇലക്ട്രിക് വെഹിക്കിളുകള്‍ വില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് നീങ്ങുന്നത്. 

ഇലക്ട്രിക് കാര്‍ വിപണിയിലെ അഗ്രഗാമികളായ ടെസ്‌ലയും നിസ്സാനുമെല്ലാം അവരുടെ മോഡലുകള്‍ അപ്‌ഗ്രേഡ് ചെയ്യാനും പുതിയ മോഡലുകള്‍ ഇറക്കാനും പദ്ധതിയിടുന്ന വൈദ്യുതിപ്രചാരണ ജാഥയില്‍ ഫോര്‍ഡും ടൊയോട്ടയും പോലുള്ളവരുമുണ്ട്. മോട്ടോര്‍കാറിന്റെ ജന്മഭൂമിയായ ജര്‍മനി സമീപഭാവിയില്‍ ഐ.സി.എഞ്ചിന്‍ പൂര്‍ണമായും നിരോധിക്കാനുള്ള നിയമ നിര്‍മാണത്തിലാണ് എന്നുകൂടി പറയുമ്പോള്‍ മാത്രമേ ഈ പരക്കം പാച്ചിലിന്റെ പ്രാധാന്യം മനസ്സിലാകൂ. ലോകത്തിലെ ഏറ്റവും വലിയ കാര്‍വിപണിയായ ചൈന അവിടെ കാര്‍ കമ്പനികളെല്ലാം ഉത്പാദനത്തിന്റെ എട്ട് ശതമാനമെങ്കിലും വൈദ്യുതി, പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ നിര്‍മിക്കണമെന്ന നിബന്ധന വെച്ചതും പ്രേരണകളില്‍ ഒന്നാണ്. ഇേപ്പാള്‍ തന്നെ വര്‍ഷം അഞ്ച് ലക്ഷത്തിലേറെ ഇ.വി.കള്‍ ചിലവാകുന്ന ചൈനയില്‍ അടുത്ത വര്‍ഷം മുതല്‍ സംഖ്യ മില്യണ്‍ മാര്‍ക്ക് കടക്കുമെന്നാണ് സൂചന. ആ മാര്‍ക്കറ്റ് പിടിക്കലും വൈദ്യുതിയിലേക്ക് തിരിയുന്നവരുടെ അജന്‍ഡയിലുള്ള കാര്യമാണ്. 

2020-നുള്ളില്‍ ജനറല്‍ മോട്ടോഴ്‌സ് ഇ.വി. നിര്‍മാണത്തിനായി 380 കോടിയും മെഴ്‌സിഡീസ് 1070 കോടിയും ഡോളറാണ് നിക്ഷേപിക്കാന്‍ പോകുന്നത്. ഇതേ കാലയളവില്‍ ഫോഡ് ചൈനയില്‍ ഇറങ്ങുന്ന അവരുടെ മോഡലുകളില്‍ 25 ശതമാനവും വൈദ്യുതീകരിക്കും, ഫോക്‌സ് വാഗന്‍ 15 ഇ.വി., ഹൈബ്രിഡ് മോഡലുകളും പുറത്തിറക്കും.

ബെന്‍സിന്റെ പേറ്റന്റ് മോട്ടോര്‍ വാഗണ്‍ നിരത്തിലിറങ്ങുന്നതിനും അരനൂറ്റാണ്ട് മുമ്പെ വൈദ്യുതികാറുകള്‍ ഓടിയിരുന്നു. 1827-ലാണ് സ്ലോവാക്-ഹംഗേറിയന്‍ പാതിരിയായ ആന്യോസ് ജെഡ്‌ലിക് വാഹനങ്ങളെ ഓടിക്കാന്‍ പ്രാപ്തിയുള്ള ഇലക്ട്രിക് മോട്ടോര്‍ കണ്ടുപിടിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നെതര്‍ലാന്‍ഡ്‌സിലെ പ്രൊഫസര്‍ സിബ്രാന്‍ഡസ് സ്ട്രാറ്റിങ് വൈദ്യുതികാറിന്റെ ആദ്യത്തെ ചെറുമോഡല്‍ പുറത്തിറക്കി. പിന്നെയും അഞ്ച് വര്‍ഷം കഴിയുംമുമ്പ് സ്‌കോട്‌ലാന്‍ഡിലെ റോബര്‍ട്ട് ആന്‍ഡേഴ്‌സണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ബാറ്ററികളില്‍ ഓടുന്ന ആദ്യത്തെ കാര്യേജ് ഇറക്കി. അങ്ങനെ 20-ാം നൂറ്റാണ്ട് തുടങ്ങുമ്പോഴേക്കും യൂറോപ്പില്‍ വൈദ്യുതി വാഹനങ്ങള്‍ സാധാരണമായി മാറിയിരുന്നു. പക്ഷേ, ഐ.സി. എഞ്ചിനും ഇലക്ട്രിക് സ്റ്റാര്‍ട്ടറുകളും വന്നപ്പോള്‍ വൈദ്യുതി കാറുകളുടെ ആദ്യഅധ്യായം 20-ാം നൂറ്റാണ്ടിന്റെ ആദിയില്‍ തന്നെ അടഞ്ഞു.

അതിന് ശേഷം ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ഗവേഷണ, വികസനപ്രക്രിയകളെല്ലാം ഐ.സി.എഞ്ചിന്റെ കരുത്തും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കാനായിരുന്നു. ഒന്നോ രണ്ടോ കുതിരകളുടെ ശക്തിയും ഏറിയാല്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗവുമുണ്ടായിരുന്ന ബെന്‍സ് മോട്ടോര്‍വാഗനും അനായാസമായി 200 കിലോമീറ്ററിലേറെ വേഗത്തിലോടുന്ന,  പത്തിരുന്നൂറ് കുതിരശക്തിയുള്ള ഇന്നത്തെ മെഴ്‌സിഡീസും തമ്മിലുള്ള വ്യത്യാസത്തിന് കാരണം പ്രധാനമായും ആ ഗവേഷണങ്ങള്‍ തന്നെ. 

EV

പെട്രോളും ഡീസലും മതി ശിഷ്ടകാലം കഴിക്കാന്‍ എന്നമട്ടില്‍ ജീവിച്ച ഓട്ടോവ്യവസായത്തിന് ആദ്യത്തെ ഷോക്കേറ്റത്  1970-കളില്‍ അറേബ്യന്‍  രാജ്യങ്ങള്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴാണ്. ബദല്‍ മാര്‍ഗങ്ങളെ പറ്റിയും വൈദ്യുതിയെപ്പറ്റിയുമെല്ലാം വീണ്ടും ചിന്തകള്‍ ഉണ്ടായി. എന്നാലും ആദ്യത്തെ പ്രൊഡകഷന്‍ മോഡല്‍ വൈദ്യുതിവാഹനം ജനിച്ചത് 1990-കളിലാണ്. 1990-ലെ ലോസ് ആഞ്ജലീസ് ഓട്ടോഷോയില്‍ ജനറല്‍ മോട്ടോഴ്‌സ് വിപണിയിലേക്കായി ഒരു ഇലക്ട്രിക് കാര്‍, ഇംപാക്റ്റ് എന്ന രണ്ട് സീറ്റര്‍, അവതരിപ്പിച്ചു. 1996 മുതല്‍ 1998 വരെ ജിഎം 1117 ഇംപാക്റ്റുകള്‍ നിര്‍മിച്ചു, അതില്‍ 800 എണ്ണം മൂന്ന് വര്‍ഷത്തേക്ക് ലീസിനാണ് വിതരണം ചെയ്യപ്പെട്ടത്. ജിഎമ്മിന് പിന്നാലെ ക്രൈസ്‌ലര്‍, ഫോഡ്, ഹോണ്‍ഡ, നിസ്സാന്‍, ടൊയോട്ട തുടങ്ങിയവരും പരിമിതമായ രീതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ചുനോക്കി. 

നിര്‍മാണച്ചെലവ് മൂലമുള്ള വിലക്കൂടുതല്‍, ബാറ്ററികളുടെ റേഞ്ച് പരിമിതികള്‍ (ഒരു ചാര്‍ജിങ്ങില്‍ നൂറ് കിലോമീറ്ററിലും കുറഞ്ഞ ദൂരമേ സഞ്ചരിക്കാനാവൂ, ബാറ്ററി പൂര്‍ണമായി ചാര്‍ജാകാന്‍ ഏറെ സമയം വേണം) തുടങ്ങിയവ മൂലം വൈദ്യുതി വണ്ടികള്‍ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. കച്ചവടം പൂട്ടിപ്പോയി എന്ന് ചുരുക്കം. പക്ഷേ, പെട്രോളിയം ശേഖരങ്ങള്‍ കുറഞ്ഞുകുറഞ്ഞ് ഭാവിയില്‍ ഇല്ലാതാകും, ഫോസില്‍ ഇന്ധനോപയോഗം അന്തരീക്ഷമലിനീകരണത്തിന് പുറമെ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാക്കും എന്നീ തിരിച്ചറിവുകള്‍ മൂലം ഓട്ടോ വ്യവസായം ഊര്‍ജത്തിന്റെ ബദല്‍മാര്‍ഗങ്ങളെ പറ്റി ഗൗരവമായി ചിന്തിച്ചുതുടങ്ങി. 

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 21-ാം നൂറ്റാണ്ട് ആരംഭിക്കുമ്പോള്‍ ഇ.വി.കളുടെ ആദ്യതരംഗമുണ്ടായത്. അവയുടെ ന്യൂതകളെല്ലാം സഹിച്ചുകൊണ്ട്, പരിസ്ഥിതിസ്‌നേഹികളായവര്‍ ഇ.വി.കള്‍ വാങ്ങാന്‍ തുടങ്ങി. എങ്കിലും 15 വര്‍ഷം മുമ്പ് ലോകത്തെ നിരത്തിലെല്ലാമായി ഇ.വി.കളുടെ എണ്ണം നൂറുകണക്കിന് മാത്രമായിരുന്നു. നിസ്സാന്‍ ലീഫ് പോലുള്ള കുറെക്കൂടി ഉപഭോക്തൃസ്‌നേഹിയ മോഡലുകള്‍ വന്നതോടെ പത്ത് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ സംഖ്യ പതിനായിരക്കണക്കിന് എന്നായി. 2015 ആയപ്പോള്‍ അത് പത്ത് ലക്ഷവും കടന്ന് 12.5 ലക്ഷം ആയി.  

പക്ഷേ, ഇ.വി.കള്‍ വാങ്ങിച്ചവരില്‍ ഭൂരിപക്ഷവും നിത്യോപയോഗത്തിനുള്ള ഐ.സി. എഞ്ചിന്‍ കാറിന് പുറമെ ഒരു ചെറുകാര്‍ എന്ന നിലയില്‍ വൈദ്യുതി വണ്ടികള്‍ വാങ്ങിയ പരിസ്ഥിതിപ്രേമികളായ പണക്കാര്‍ മാത്രമായിരുന്നു. വിലക്കൂടുതലും ബാറ്ററിയുടെ റേഞ്ച്, ചാര്‍ജിങ്ങ് പരിമിതികളും ഇ.വി.കള്‍ സാധാരണക്കാരെ ആകര്‍ഷിക്കുന്ന വാഹനമായിരുന്നില്ല.

EV

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബാറ്ററി സാങ്കേതികവിദ്യയിലുണ്ടായ പുരോഗതിയും (400 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി, ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാവുന്ന ഹൈസ്പീഡ് ചാര്‍ജിങ്ങ് പോര്‍ട്ടുകള്‍) വാഹനഭാരം കുറക്കുന്ന പദാര്‍ത്ഥങ്ങളിലുള്ള കണ്ടുപിടിത്തങ്ങളുമൊക്കെയാണ് രണ്ടാം തലമുറ ഇ.വി.കള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്. നവതലമുറ വൈദ്യുതികാറുകള്‍ക്ക് പണ്ടത്തെ പോലെ താങ്ങാന്‍ വയ്യാത്ത വിലയും ഉണ്ടാവില്ല. മിക്ക രാജ്യങ്ങളും ഇ.വി. ഉപയോഗിക്കുന്നവര്‍ക്ക് വിലയിലും മറ്റും സബ്‌സിഡികളും നല്‍കുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാരീസില്‍ നടന്ന കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിനെ പറ്റിയുള്ള ആഗോള ഉച്ചകോടി എടുത്ത തീരുമാനങ്ങളിലൊന്ന് വാഹനങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യം കര്‍ശനമായി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഉടമ്പടികളില്‍ ഒപ്പിട്ടരാജ്യങ്ങള്‍ക്കെല്ലാം സ്വന്തം നാട്ടില്‍ ആ നിയമങ്ങള്‍ നടപ്പാക്കണം. ഐ.സി.എഞ്ചിനുകളും സ്പാര്‍ക്ക് പ്ലഗുകളുമെല്ലാം അനതിവിദൂരഭാവിയില്‍ അപ്രത്യക്ഷമാകുമെന്ന് ഓട്ടോവസായനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുമുണ്ട്. ഇതാണ് വൈദ്യുതി തരംഗത്തിന്റെ പിന്നിലെ സത്യം. 


വാല്‍ക്കഷ്ണം: ഇരുപതാം നൂറ്റാണ്ട് ആരംഭിക്കാന്‍ പോകുന്ന കാലത്ത് ലോകമഹാനഗരങ്ങളിലെ ഏറ്റവും മലിനീകരണഭീഷണി കുതിരച്ചാണകമായിരുന്നുവത്രെ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലണ്ടനില്‍ മനുഷ്യര്‍ക്ക് സഞ്ചരിക്കാനും സാധനസാമഗ്രികള്‍ കൊണ്ടുപോകാനുമൊക്കെയുള്ള വണ്ടികളെല്ലാം വലിച്ചത് മൂന്ന് ലക്ഷം കുതിരകളായിരുന്നു. ന്യൂയോര്‍ക്കില്‍ ഒരു ലക്ഷവും. ലക്ഷക്കണക്കിന് ടണ്‍ വരും ഇവയുടെ ചാണകം. മഴക്കാലത്ത് എല്ലാം വെള്ളത്തില്‍ കലങ്ങി നിരത്തുകളില്‍ പുഴ പോലെ ഒഴുകും. മഴയില്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ക്കും ഈച്ചകള്‍ക്കും പെറ്റുപെരുകാനുള്ള വിളനിലമായി മാറും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഹെന്‍ട്രി ഫോഡ് തന്റെ മോഡല്‍ ടി കണ്ടുപിടിച്ചു. അങ്ങനെ കാര്‍ ഇടത്തരക്കാര്‍ക്കും വാങ്ങാവുന്ന വസ്തുവായപ്പോള്‍ കുതിരകള്‍ പയ്യെ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായി. 1912 ആയപ്പോഴേക്കും ന്യൂയോര്‍ക്കില്‍ കുതിരകളേക്കാള്‍ കൂടുതല്‍ കാറുകളായി എന്ന് ചുരുക്കം. ചാണകമാലിന്യം ഒറ്റയടിക്ക് ഇല്ലാതാക്കിയ രക്ഷകനെ പോലെയാണ് അന്ന് ജനം എണ്ണയെ കണ്ടത്. പ്ലാസ്റ്റിക്കും രാസവളങ്ങളും ലിപ്സ്റ്റിക്കും ആസ്പിരിനും വരെയുള്ള നാനാവിധ പദാര്‍ത്ഥങ്ങളെല്ലാം പെട്രോളിയത്തിന്റെ ഉപോത്പന്നങ്ങളായി ലഭിച്ചു. 

1970-കള്‍ ആയപ്പോഴേക്കും ലോകത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്ക് വേണ്ട ഇന്ധനങ്ങളില്‍ പാതിയും എണ്ണയാണെന്ന നിലയായി. കല്‍ക്കരി വ്യവസായവിപ്ലവത്തിന്റെ ഇന്ധനമായതുപോലെ പെട്രോളിയം ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനും വ്യോമയാനവും നഗരവത്കരണവും സൃഷ്ടിച്ച വിപ്ലവത്തിന്റെ ഇന്ധനമാവുകയായിരുന്നു. പക്ഷേ, ഇനിയും ആ ഇന്ധനത്തെ ആശ്രയിച്ചാല്‍ ആഗോള വിനാശമാണ് കാത്തിരിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിവരികയാണ്.