ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട പ്രീമിയം സെഡാന്‍ കൊറോള ആള്‍ട്ടിസിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡി സെഗ്‌മെന്റ് സെഡാന്‍ ശ്രേണിയില്‍ ഹ്യുണ്ടായി എലാന്‍ട്രയും സ്‌കോഡ ഒക്‌ടേവിയയും മുഖം മിനുക്കി എത്തിയതിനു പിന്നാലെയാണ് മത്സരം കടുപ്പിക്കാന്‍ പുതിയ ഭാവത്തില്‍ കൊറോള ആള്‍ട്ടിസിന്റെ വരവ്. രൂപത്തില്‍ ഒഴികെ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ യാതൊരു മാറ്റവുമില്ല. 15.87 ലക്ഷം രൂപയാണ് 2017 ആള്‍ട്ടിസ്‌ ബേസ് വേരിയന്റ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് വേരിയന്റിന് 19.91 ലക്ഷവും. 

Toyota Corolla Altis

1.8 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകും. എന്നാല്‍ മുന്‍പുണ്ടായിരുന്ന ഒമ്പത് വേരിയന്റുകള്‍ ആറായി കുറഞ്ഞു. മുന്‍ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സ്‌പോര്‍ട്ടി സ്‌റ്റൈലിലാണ് പുതിയ ആള്‍ട്ടിസിന്റെ രൂപകല്‍പന, അകത്തും പുറത്തും ഇത് പ്രകടമാണ്. സ്‌പോര്‍ട്ടി ബംമ്പര്‍-ഗ്രില്‍, ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഫ്‌ളക്‌സണ്‍ ഇന്റീരിയര്‍ കളര്‍ തീം, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീല്‍ എന്നിവ ആള്‍ട്ടിസിന് പുതുമയേകുന്നു. 

ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം), EBD (ഇലക്ട്രോണിക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യുഷന്‍) എന്നിവ സുരക്ഷ വര്‍ധിപ്പിക്കും. വിപുലമായ ഉള്‍വശം, റിക്ലൈനിങ് പിന്‍സീറ്റുകള്‍, വേരിയബിള്‍ നോസില്‍ ടര്‍ബോയും ഇന്റര്‍ കൂളറും സഹിതമുള്ള ഡ്യുവല്‍ വി.വി.ടി.ഐ. എന്നിവയും വാഹനത്തിലുണ്ട്. 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 140 പിഎസ് കരുത്തും 173 എന്‍എം ടോര്‍ക്കുമേകു. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88 പിഎസ് കരുത്തും 205 എന്‍എം ടോര്‍ക്കും നല്‍കും.

Toyota Corolla Altis

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും സെവന്‍ സ്പീഡ് CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും പെട്രോള്‍ പതിപ്പ് ലഭ്യമാകുമെങ്കിലും ഡീസല്‍ വകഭേദത്തില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. പുതിയ ഫാന്റം ബ്രൗണ്‍ ഉള്‍പ്പെടെ ആറു നിറങ്ങളില്‍ കൊറോള നിരത്തിലെത്തും. VL (CVT), GL (MT), G (CVT), G (MT.) എന്നീ പെട്രോള്‍ മോഡലുകളും DGL (MT), DG (MT) എന്നീ ഡീസല്‍ മോഡലുകളുമാണ് വിപണിയിലെത്തുന്നത്. രാജ്യത്തെ ടൊയോട്ടയുടെ എല്ലാ ഷോറൂമുകളിലും വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 

Toyota Corolla Altis