ഇവര്‍ ജെനീവയില്‍ നിന്ന് ഇന്ത്യയിലേക്ക്

ലോകത്തെ പ്രധാനപ്പെട്ട മോട്ടോര്‍ ഷോകളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലൻഡിലെ ജെനീവ മോട്ടോര്‍ ഷോ. ഇത്തവണ നടന്ന 87-ാംമത് ജെനീവ മോട്ടോര്‍ ഷോയില്‍ ആഗോള വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ കരുത്തും സാങ്കേതികവിദ്യയും കോര്‍ത്തിണക്കി കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഭാവി വാഹനങ്ങള്‍ അവതരിപ്പിച്ചു. ആഡംബര താരങ്ങള്‍ക്കൊപ്പം ബജറ്റ് ബ്രാന്റ് കാറുകളും ഇതില്‍ ശ്രദ്ധ നേടി. ഇവയില്‍ ഇന്ത്യയെ കാത്തിരിക്കുന്ന കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം...

Jeep Compass

ജീപ്പ് കോംപാസ് - 2017-ല്‍ വാഹന പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിന്റെ കോംപാസ്. പ്രാദേശികമായി ജീപ്പ് നിര്‍മിക്കുന്ന ആദ്യ മോഡലെന്ന പ്രത്യേകതയും കോംപാസിനുണ്ട്. ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇങ്ങോട്ടെത്തിച്ച റാംങ്ക്ളര്‍, ചെറോക്കി മോഡലുകളുടെ തൊട്ടാല്‍ പൊള്ളുന്ന വില കമ്പനിക്ക് തിരിച്ചടിയേകിയിരുന്നു. ഇതോടെയാണ് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നതിന് പകരം പ്രാദേശികമായി നിര്‍മിക്കാന്‍ ജീപ്പ് ഒരുങ്ങിയത്. പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ കോംപാസ് നിരത്തിലെത്തും. 

Read More; ഇന്ത്യന്‍ നിര്‍മിത ജീപ്പ് കോംപാസ്; അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍ 

 

 

Range Rover Velar

റേഞ്ച് റോവര്‍ വെലാര്‍ - റേഞ്ച് റോവര്‍ കുടുംബത്തിലെ നാലാമനായി ജെനീവ മോട്ടോര്‍ ഷോയില്‍ ലാന്റ് റോവര്‍ അവതരിപ്പിച്ച പുതിയ മോഡലാണ് റേഞ്ച് റോവര്‍ വെലാര്‍. ഈ വര്‍ഷം രണ്ടാം പകുതിയില്‍ വെലാര്‍ ഇന്ത്യയിലെത്തും. റേഞ്ച് റോവര്‍ ഇവോക്കിനും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനും ഇടയിലായാണ് വെലാറിന്റെ സ്ഥാനം. 3 പെട്രോള്‍, 2 ഡീസല്‍ വകഭേദങ്ങളില്‍ വെലാര്‍ നിരത്തിലെത്തും. 

Read More; റേഞ്ച് റോവര്‍ വെലാര്‍; രത്തന്‍ ടാറ്റയുടെ സ്വപ്‌ന വാഹനം

 

Kia Picanto

കിയ പികാന്റോ - ഹ്യുണ്ടായി മോട്ടോര്‍സുമായി സഹകരിച്ച് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന കിയ മോട്ടോര്‍സ് ഇവിടെ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് പികാന്റോ. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഗ്യാസോലൈന്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. ലൈം ലൈറ്റ്, ഷൈനി റെഡ്, അറോര ബ്ലാക്ക്, പോപ്പ് ഓറഞ്ച്, സ്പാര്‍ക്ലിങ് സില്‍വര്‍, സെലസ്റ്റിയല്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ കിയ പികാന്റോ ലഭ്യമാകും.

 

Maruti Zuzuki Swift

മാരുതി സുസുക്കി സ്വിഫ്റ്റ് - ജെനീവ മോട്ടോര്‍ ഷോയില്‍ യൂറോപ്യന്‍ മാര്‍ക്കറ്റിനായി സുസുക്കി മോട്ടോര്‍സ് അവതരിപ്പിച്ച പുതിയ സ്വിഫ്റ്റ് വലിയ മാറ്റങ്ങളില്ലാതെ ഈ വര്‍ഷം ആഗ്‌സ്തില്‍ ഇങ്ങോട്ടെത്തും. കമ്പനിയുടെ പുതിയ ഹാര്‍ട്ട്‌ടെക്റ്റ് പ്ലാറ്റഫോമിലാണ് ഇവന്റെ നിര്‍മാണം. 1.2 ലിറ്റര്‍ VVT പെട്രോള്‍ എഞ്ചിന്‍ 90 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കുമേകും. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 100 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമേകും. 

Read More; ഒടുവില്‍ അവനെത്തി; മാരുതി സുസുക്കി സ്വിഫ്റ്റ് 2017 

 

 

Tamo Racemo

ടാമോ റെയ്‌സ്‌മോ - ജെനീവ മോട്ടോര്‍ ഷോയില്‍ ഇന്ത്യന്‍ മുഖം ദൃശ്യമാക്കിയ മോഡലാണ് ടാമോ റെയ്‌സ്‌മോ. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ പെര്‍ഫോമെന്‍സ് കാറുകള്‍ പുറത്തിറക്കാന്‍ അവതരിപ്പിച്ച പുതിയ ബ്രാന്റായ ടാമോയിലുടെ എതിരാളികള്‍ക്ക് ശകതമായ മുന്നറിയിപ്പേകാനും ടാറ്റയ്ക്ക് സാധിച്ചു. മൈക്രോസോഫ്റ്റുമായി ഒന്നിച്ച് കണക്റ്റഡ് ടെക്‌നോളജി ഉള്‍പ്പെടുത്തയെത്തുന്ന ടൂ സീറ്റര്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് റെവോട്രോണ്‍ എഞ്ചിന്‍ 190 പിഎസ് കരുത്തും 210 എന്‍എം ടോര്‍ക്കുമേകും.

Read More; സ്‌പോര്‍ട്‌സ് ശ്രേണിയില്‍ ചരിത്രം കുറിക്കാന്‍ ടാമോ

 

 

Skoda Kodiaq

സ്‌കോഡ കൊഡിയാക് -രാജ്യത്തെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് സ്‌കോഡ അവതരിപ്പിക്കുന്ന പുതിയ കൊഡിയാക് ജെനീവ മോട്ടോര്‍ ഷോയില്‍ കമ്പനിയുടെ പ്രധാന മോഡലുകളിലൊന്നായിരുന്നു. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലും കൊഡിയാക് നിരത്തിലെത്താനാണ് സാധ്യത. 

 

Volvo XC 60

വോള്‍വോ XC 60 - സുരക്ഷയില്‍ സര്‍വ്വ സന്നാഹങ്ങളുമായി ജെനീവ മോട്ടോര്‍ ഷോയില്‍ വോള്‍വോ അവതരിപ്പിച്ച പുതിയ XC 60 പ്രീമിയം എസ്.യു.വി ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെത്തും. ഒമ്പത് വര്‍ഷത്തോളം പ്രീമിയം എസ്.യു.വി കൈയ്യടക്കിയ XC 60 മുന്‍തലമുറയ്ക്ക് പകരക്കാരനായാണ് പുത്തന്‍ താരത്തിന്റെ വരവ്. T8 ട്വിന്‍ എഞ്ചിന്‍ പെട്രോള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ്  407 ബിഎച്ച്പി കരുത്തേകും. XC 60-ക്ക് പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.3 സെക്കന്റ് മതി.

Read More; വോള്‍വോ xc 60 എന്തുകൊണ്ട് സുരക്ഷിത കാര്‍ ?

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.