രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ പുതിയ ഹാച്ച്ബാക്ക് സി-ക്യൂബിന്റെ കണ്‍സെപ്റ്റ് മോഡല്‍ പുറത്തിറക്കി. ടാമോ സ്പോര്‍ട്സ് ബ്രാന്‍ഡ് പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റുമായി ഒന്നിച്ച ശേഷം വിദൂര ഭാവി ലക്ഷ്യമിട്ട്‌ ടാറ്റ അവതരിപ്പിക്കുന്ന ആദ്യ കണ്‍സെപ്റ്റ് മോഡലാണ് സി-ക്യൂബ്. മുംബൈയില്‍ നടന്ന 'ഫ്യൂച്ചര്‍ ഡീകോഡഡ് 2017' മൈക്രോസോഫ്റ്റ് ടെക് ഫെസ്റ്റിലാണ് ത്രീ ഡോര്‍ വാഹനമായ പുതിയ ഹാച്ച്ബാക്കിനെ ടാറ്റ അവതരിപ്പിച്ചത്. എന്നാല്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല.

Read More; ടാമോ സ്‌പോര്‍ട്‌സ് കാറിനായി ടാറ്റ മൈക്രോസോഫ്റ്റുമായി ഒന്നിക്കുന്നു

അടുത്ത മാസം നടക്കുന്ന 87-ാംമത് ജെനീവ് മോട്ടോര്‍ഷോയില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ സി-ക്യൂബിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടും. ഒറ്റ നോട്ടത്തില്‍ ഗംഭീര വിജയം തുടരുന്ന ടിയോഗോ പ്ലാറ്റ്ഫോമുമായി ചെറിയ സാമ്യമുണ്ട് സി-ക്യൂബിന്. എന്നാല്‍ എഞ്ചിന്‍ ശേഷിയിലും ഫീച്ചേര്‍സിലുമെല്ലാം ടിയാഗോയെക്കാള്‍ ഒരുപടി മുകളിലായിരിക്കും സി-ക്യൂബിന്റെ സ്ഥാനം. യൂറോപ്യന്‍ ഹോട്ട് ഹാച്ച്ബാക്കുകളുടെ സ്‌റ്റൈലിങ്ങുള്ള കാറിനെ ടാറ്റയും മൈക്രോസോഫ്റ്റും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തത്. ഇതിന് മൈക്രോസോഫ്റ്റിന്റെ കണക്റ്റഡ് കാര്‍ ടെക്‌നോളജിയും ഉപയോഗിച്ചിട്ടുണ്ട്.

Tamo C-Cube

പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തനായി നിരത്തിലെത്തുന്ന ടാമോ ബ്രാന്‍ഡില്‍ അഡ്വാന്‍സ്ഡ് നാവിഗേഷന്‍, റിമോട്ട് മോണിറ്ററിങ്, പ്രിഡിക്റ്റീവ് മെയ്ന്റെനന്‍സ് തുടങ്ങി ഫീച്ചേഴ്സിലും കാര്യമായ മാറ്റം പ്രകടമാകും. പുതിയ ബ്രാന്‍ഡ് വഴി 2019 മാര്‍ച്ചോടെ ഇന്ത്യയില്‍ മൂന്നാമത്തെ വലിയ വാഹനനിര്‍മാതാക്കളാകാമെന്ന പ്രതീക്ഷയിലാണ് ടാറ്റ മോട്ടോഴ്സ്. സി-ക്യൂബിനൊപ്പം പെര്‍ഫോമെന്‍സ് കാര്‍ ശ്രേണിയില്‍ ഫ്യൂച്ചറോ കണ്‍സെപ്റ്റ് മോഡലും വരുന്ന ജെനീവ മോട്ടോര്‍ഷോയില്‍ ടാറ്റ പുറത്തിറക്കും.