ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാറാണ് വിഷന്‍ ഇ കണ്‍സെപ്റ്റ്. ഷാങ്ഹായി മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ഇ കണ്‍സെപ്റ്റ് പ്രൊഡക്ഷന്‍ മോഡലിന്റെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. ഫോക്സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MEB ആള്‍ ഇലക്ട്രിക് കാര്‍ രൂപകല്‍പ്പനയുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. 2020-ഓടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വിഷന്‍ ഇ കണ്‍സെപ്റ്റ് നിരത്തിലെത്തു. 

2025-നുള്ളില്‍ അഞ്ച് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഫോക്‌സ്‌വാഗണ്‍ ആദ്യ ഇ-കാര്‍ ആവതരിപ്പിക്കുന്നത്. 302 എച്ച്പി കരുത്തില്‍ കുതിച്ചോടാന്‍ ഈ 5 ഡോര്‍ എസ്.യു.വിക്ക് സാധിക്കും. 225kW കരുത്തേകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറാണ് (മുന്നിലും പിന്നിലുമായി) വാഹനത്തില്‍ ഉള്‍പ്പെടുത്തുക. രണ്ടു വര്‍ഷത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറങ്ങുന്ന ഐ.ഡി കണ്‍സെപ്റ്റിനെക്കാള്‍ വലുപ്പം വിഷന്‍ ഇ കണ്‍സെപ്റ്റിനുണ്ട്. 

Skoda Vision E

പുതിയ ലിഥിയം അയേണ്‍ ബാറ്ററി കരുത്തിലെത്തുന്ന ഇലക്ട്രിക് എസ്.യു.വി മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ആറ് സെക്കഡ് മതി. ബാറ്ററി ചാര്‍ജിങിന് സാധാരണ വൈദ്യുതി പ്ലഗ് ഇന്‍ കണക്ഷന്‍ ആവശ്യമില്ല. ഫോക്‌സ്‌വാഗണ്‍ ഇന്‍ഡക്ഷന്‍ ടെക്‌നോളജി വഴി പ്രത്യേക പ്രതലത്തില്‍ (ഇന്‍ഡക്റ്റീവ് പ്ലേറ്റ്) നിര്‍ത്തിയാല്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യാനാകും. 80 ശതമാനത്തോളം ചാര്‍ജ് കയറാന്‍ അരമണിക്കൂര്‍ മതി. 

Skoda Vision E

തീര്‍ത്തും നവീന രൂപത്തിലാണ് എക്സ്റ്റീരിയറും ഇന്റീരിയറും നിര്‍മിച്ചത്. പതിവില്‍നിന്ന് വ്യത്യസ്തമായി റിയര്‍വ്യൂ മിറര്‍ ഇല്ലാതെയാണ് വിഷന്‍ ഇ പുറത്തിറങ്ങുക. ചുറ്റുമുള്ള ദ്യശ്യങ്ങള്‍ പൂര്‍ണമായും ക്യാമറകള്‍ പകര്‍ത്തി അകത്തളത്തെ ഡിസ്‌പ്ലേയില്‍ തെളിയിക്കും. ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം ടൂ വീല്‍ ഡ്രൈവ് മോഡലും ലഭ്യമാകും. ഫോര്‍ സീറ്ററില്‍ കോക്ക് പിറ്റിന് സമാനമാണ് അകത്തളം. 4645 എംഎം നീളവും 1917 എംഎം വീതിയും 1550 എംഎം ഉയരവും 2850 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 

Skoda Vision E