ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ ഇന്ത്യയില്‍ ഇടത്തരം സെഡാനായ സണ്ണിയുടെ വില വന്‍ തോതില്‍ കുറച്ചു. പെട്രോള്‍ പതിപ്പിലെ ഉയര്‍ന്ന വകഭേദത്തിന് (XV CVT) 1.96 ലക്ഷം രൂപയോളം (ഡല്‍ഹി എക്‌സ്‌ഷോറൂം) വില കുറച്ചിട്ടുണ്ട്. സണ്ണിയുടെ ആറ് വകഭേദങ്ങളുടെയും വില കമ്പനി ക്രമാതീധമായി കുറച്ചു. ഇതോടെ പെട്രോള്‍ ബേസ് മോഡല്‍ 6.99 ലക്ഷത്തിനും ഡീസല്‍ ടോപ് വേരിയന്റ് 8.99 ലക്ഷം രൂപയ്ക്കും ലഭ്യമാകും. 

മൂന്ന് പെട്രോള്‍ പതിപ്പിലും മൂന്ന് ഡീസല്‍ പതിപ്പിലുമാണ് നിസാന്‍ സണ്ണി ഇന്ത്യന്‍ വിപണിയിലുള്ളത്. പെട്രോള്‍ ഓട്ടോമാറ്റിക്കിന് പുറമേ XE പെട്രോളിന് 98300 രൂപയും XL പെട്രോളിന് 87133 രൂപയും കുറച്ചിട്ടുണ്ട്. XE, XL, XV എന്നീ ഡീസല്‍ വകഭേദങ്ങള്‍ക്ക്  യഥാക്രമം 1.37 ലക്ഷം, 1.53 ലക്ഷം, 1 ലക്ഷം എന്നിങ്ങനെയാണ് വില കുറച്ചത്. ഇതോടെ കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി ഡിസയര്‍, ഹ്യുണ്ടായി എക്‌സന്റ്, ഫോര്‍ഡ് ഫിഗോ എന്നിവയോട് മികച്ച മത്സരം തീര്‍ക്കാന്‍ സണ്ണിക്ക് സാധിക്കും. 

Nissan Sunny

ഇന്ത്യയില്‍ ഉത്പാദനം കാര്യക്ഷമമാക്കിയതോടെ ഉത്പാദന ചെലവ് കുറഞ്ഞു. ഇതിന്റെ  ഗുണഫലം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനി തീരുമാനിച്ചതാണ് വില കുറയ്ക്കാന്‍ കാരണമെന്നാണ് നിസാന്‍ മാനേജിങ് ഡയറക്ടര്‍ അരുണ്‍ മല്‍ഹോത്ര അറിയിച്ചത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനുകളാണ് നിസാന്‍ സണ്ണിക്ക് കരുത്തേകുന്നത്. പെട്രോള്‍ എഞ്ചിന്‍ 97.6 ബിഎച്ച്പി കരുത്തും 134 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ പതിപ്പ് 85 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും നല്‍കും.