ന്യൂജെന്‍ എസ്.യു.വികളുടെ കടന്നുവരവോടെ വിപണിയില്‍ നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ചുപിടിക്കാന്‍ മഹീന്ദ്ര പുതുതലമുറ സ്‌കോര്‍പിയോ നിര്‍മിക്കാനൊരുങ്ങുന്നു. നാലാം തലമുറയില്‍പ്പെട്ട സ്‌കോര്‍പിയോ 2020-ല്‍ ആഗോളതലത്തില്‍ പുറത്തിറക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്. അടിമുടി മാറ്റത്തോടെ പുത്തന്‍ രൂപത്തിലാകും സ്‌കോര്‍പിയോ നിരത്തിലെത്തുക. പ്രധാനമായും അമേരിക്ക, യൂറോപ്യന്‍ വിപണികള്‍ ലക്ഷ്യമിട്ടാണ് Z101 എന്ന കോഡ് നാമത്തില്‍ സ്‌കോര്‍പിയോ എസ്.യു.വി നിര്‍മിക്കുന്നത്. 

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കരിയിലെ ടെക്‌നിക്കല്‍ സെന്ററും ചെന്നൈയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായാണ് പുതിയ സ്‌കോര്‍പിയോ നിര്‍മിക്കുന്നത്. കണ്‍സെപ്റ്റും ഡിസൈനിങും പൂര്‍ണമായും നോര്‍ത്ത് അമേരിക്കന്‍ സെന്ററിലാണ്. എഞ്ചിനിയറിങ്-ഇന്റഗ്രേഷന്‍-ടെസ്റ്റിങ് എന്നിവ ചെന്നൈ സെന്ററില്‍ നടക്കും. നിലവില്‍ ഇന്നോവയ്ക്ക് എതിരാളിയായി പുതിയ എംപിവി പുറത്തിറക്കാനുള്ള പ്രവര്‍ത്തനത്തിലാണ് നോര്‍ത്ത് അമേരിക്കന്‍ സെന്റര്‍. 

ഏത് ദുര്‍ഘടപാതയിലും അനായാസം മുന്നേറാന്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെയാകും വാഹനം പുറത്തിറങ്ങുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ നാലാം തലമുറ സ്‌കോര്‍പിയോ ലഭ്യമാകും. എഞ്ചിന്‍ ശേഷി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പെട്രോളിലും ഡീസലിലും ഫോര്‍ സിലിണ്ടര്‍ യൂണിറ്റ് ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍. ഏകദേശം 11-14 ലക്ഷത്തിനുള്ളിലാകും വിപണി വില.